• 14 Dec 2018
  • 03: 20 AM
Latest News arrow

മണലില്‍ പണിതുയര്‍ത്തുന്ന വനിതാ മതില്‍

നവോത്ഥാന വനിതാ മതില്‍ എന്ന പേരില്‍ നടത്താന്‍ പോകുന്ന പ്രകടനം നവോത്ഥാനമല്ല മറിച്ച് രാഷ്ട്രീയ പ്രഹസനമല്ലേ എന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. ജാതി സംഘടനകളെ കൂട്ടുപിടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഈ രാഷ്ട്രീയ നാടകം കളിക്കാന്‍ പോകുന്നത്. നാല് ലക്ഷം സ്ത്രീകളെ അണിനിരത്തി കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മതില്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഹിന്ദു സമുദായ സംഘടനകളുമായി നടത്തിയ യോഗത്തില്‍ വെച്ചാണ്. ശബരിമലയില്‍ നാമജപപ്രതിഷേധം നടത്തിയ സ്ത്രീകള്‍ക്കെതിരെയും അവിടെ നടമാടിയ രാഷ്ട്രീയപാര്‍ട്ടികളുടെ പേക്കൂത്തുകള്‍ക്കെതിരെയുമാണ് ഈ വന്‍മതിലെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ സമുദായ സംഘടനകളുടെ നേതൃത്വത്തിലാണ് ഈ വനിതാമതിലെന്നതുകൊണ്ട് പല കോണുകളില്‍ നിന്നും വിമര്‍ശനവും ഉയരുകയാണ്.

കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതിനായി പക്ഷേ, ഹിന്ദു സമുദായസംഘടനകളായ എഎസ്എന്‍ഡിപിയെയും കെപിഎംഎസിനെയുമൊക്കെ കൂടെ നിര്‍ത്തി ബലം ഉറപ്പിക്കുന്നതിലാണ് വിമര്‍ശനം. നവോത്ഥാന സംഘടനകള്‍ എന്ന പേരില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തവരിലേറെയും ജാതി സംഘടനകളുടെ പ്രതിനിധികളായിരുന്നു. ജാതിയും മതവും പറയുന്ന ഇത്തരം സംഘടനകളാണ് നവോത്ഥാനം എന്ന പേരില്‍ നടത്തുന്ന സമരത്തിന്റെ മുമ്പില്‍ നില്‍ക്കുന്നത്. അതിനാല്‍ നവോത്ഥാനം എന്ന് വിളിക്കുന്നതിലെ വൈരുധ്യം വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, സര്‍ക്കാര്‍ ചെലവിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ചീഫ് സെക്രട്ടറി ഉള്‍പ്പെടുന്ന യോഗത്തിലാണ് വനിതാ മതില്‍ എന്ന തീരുമാനം വരുന്നത്. 

അതേസമയം വനിതാ മതിലിനിറങ്ങുന്ന സ്ത്രീകള്‍ക്കൊക്കെയും ശബരിമലയിലെ സ്ത്രീപ്രവേശനത്തോട് അനുകൂല നിലപാടായിരിക്കുകയില്ലെന്നതാണ് വസ്തുത. മതില്‍ തീര്‍ക്കാന്‍ ഇറങ്ങുന്ന പെണ്ണുങ്ങള്‍ പാര്‍ട്ടിയോടും പാര്‍ട്ടിയുടെ പല സംവിധാനങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നവരായിരിക്കും. മൈക്രോഫിനാനന്‍സിലും സമുദായ സംഘടനകളുടെ അയല്‍ക്കൂട്ടങ്ങളിലും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലുമൊക്കെയുള്ളവര്‍. ഇവര്‍ക്കൊക്കെ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനോട് എതിര്‍പ്പായിരിക്കും. എങ്കില്‍പ്പോലും പാര്‍ട്ടിയെ നിഷേധിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. പാര്‍ട്ടിയോടുള്ള കൂറുകൊണ്ടോ പേടിച്ചിട്ടോ ഇത്തരം സ്തീകള്‍ 'മതില്‍' കെട്ടാനിറങ്ങും. ഇവരെയെല്ലാം ശബരിമലയില്‍ കൊണ്ടുപോകാന്‍ നോക്കിയാല്‍ ഇപ്പറയുന്ന നവോത്ഥാനമെല്ലാം കുപ്പത്തൊട്ടിയില്‍ കിടക്കും. അതിനാല്‍ നവോത്ഥാനം എന്ന പേരില്‍ സര്‍ക്കാര്‍ കെട്ടിപ്പൊക്കാന്‍ പോകുന്ന മതിലിന്റെ അടിത്തറ മണലിലാണെന്ന് ചുരുക്കിപ്പറയാം.