• 19 Jun 2019
  • 05: 43 PM
Latest News arrow

ത്രില്ലടിപ്പിച്ച് വരത്തന്‍

രണ്ടോ മൂന്നോ വാചകത്തില്‍ പറഞ്ഞ് തീര്‍ക്കാവുന്ന ഒരു കഥയെ രണ്ടര മണിക്കൂര്‍ കൊണ്ട് പറഞ്ഞ് തീര്‍ക്കുന്നതിനെ നമ്മള്‍ ഇഴച്ചിലെന്നും നീട്ടി വലിക്കലെന്നുമൊക്കെ വിളിക്കാറുണ്ട്. പക്ഷേ എത്ര വലിച്ച് നീട്ടി പരത്തിപ്പറയുന്ന കഥയാണെങ്കിലും അത് മുഴുവന്‍ കേള്‍ക്കാതെയും കാണാതെയും ഒരു പ്രേക്ഷകനെയും തിയേറ്റര്‍ വിട്ടുപോകാന്‍ അമല്‍ നീരദ് അനുവദിക്കില്ല. അതിനുള്ള ഒരു തെളിവു കൂടിയാണ് വരത്തന്‍. 

ഒരു ഭര്‍ത്താവും ഭാര്യയും ദുബായില്‍ നിന്നും നാട്ടിലെത്തുന്നു. ഭാര്യയ്ക്ക് ചില്ലറ ശല്യങ്ങളും ഉപദ്രവങ്ങളുമൊക്കെയുണ്ടാകുന്നു. ആദ്യം പൂച്ചയെപ്പോലെ നിന്ന ഭര്‍ത്താവ് അവസാനം പുലിയെപ്പോലെ അവരെയെല്ലാം ആട്ടിയോടിക്കുന്നു. ചുരുക്കിപ്പറഞ്ഞാലും വിസ്തരിച്ച് പറഞ്ഞാലും വരത്തന്‍ എന്ന സിനിമയുടെ കഥ ഇത്രയേ ഉള്ളൂ. അതായത് വരത്തന്റെ കഥ ചോദിച്ച് ആരും വരരുതെന്ന് സാരം. എന്നാല്‍ ആ കഥ പറഞ്ഞ രീതിയോ... അവിടെയാണ് വരത്തന്‍ വേറിട്ട് നിര്‍ത്തുന്നത്.

ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ചേര്‍ന്ന് പിടിച്ച് നിര്‍ത്തിയിരിക്കുന്ന ഒരു കട്ട മാസ് ത്രില്ലറാണ് വരത്തന്‍. ശബ്ദത്തിന്റെ തീവ്രതയും കാഴ്ചകളുടെ മാസ്മരികതയുംകൊണ്ട് ചടുലമാണ് ഓരോ രംഗങ്ങളും. നിഗൂഢതയും ദുരൂഹതയും ജനിപ്പിക്കുന്ന രീതിയിലാണ് ചിത്രം മുമ്പോട്ടുപോകുന്നത്. അതുകൊണ്ട് തന്നെ അടുത്തതെന്ത് എന്ന ആകാംഷ എപ്പോഴും പ്രേക്ഷകനിലുണ്ടാകും. 

കാര്യമായ കഥയൊന്നും പറയാനില്ലെങ്കിലും പറഞ്ഞ കഥ, കണ്ട കാഴ്ചകള്‍ ആണിടങ്ങളിലെ ചില തമാശകളെ പൊളിച്ചെഴുതുന്നവയാണ്. എപ്പോഴും നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കപ്പെടുന്ന വായ്‌നോട്ടങ്ങളും ഒളിഞ്ഞ് നോട്ടങ്ങളും കമന്റടികളും ലൈംഗികച്ചുവയോടെയുള്ള പാട്ടുകളുമെല്ലാം ഒരു സ്ത്രീയ്ക്ക് എങ്ങിനെയാണ് അനുഭവപ്പെടുന്നതെന്ന് കൃത്യമായി വ്യക്തമാക്കുന്ന സിനിമയാണ് വരത്തന്‍. അതുകൊണ്ട് തന്നെയാണ് വരത്തന് കടുപ്പവും തൂക്കവും കൂടിയത്. ഹൊറര്‍ സിനിമകളുടെ സംഗീതപശ്ചാത്തലം കൊടുത്തത് ഇത്തരം പ്രവര്‍ത്തികള്‍ സ്ത്രീകളെ എത്രമാത്രം പേടിപ്പെടുത്തുന്നു എന്ന് വ്യക്തമാക്കാനായിരിക്കണം. 

പതിനെട്ടാം മൈലിലെ പഴയ ബംഗ്ലാവും അതിനുള്ളില്‍ മരിച്ചുപോയവരുടെ ഫോട്ടോകളും അവര്‍ ഉപയോഗിച്ച ഉപകരണങ്ങളുമെല്ലാം കാണിക്കുന്നിടത്ത് ഹൊറര്‍ മൂഡ് നല്‍കുന്നുണ്ട്. എന്നാല്‍ മരിച്ചവരെയല്ല, ജീവിച്ചിരിക്കുന്നവരെയാണ് യഥാര്‍ത്ഥത്തില്‍ പേടിക്കേണ്ടതെന്ന് ചിത്രം കാണിച്ചുതരുന്നു. ഈ ബംഗ്ലാവില്‍ താമസിക്കാനെത്തുന്ന എബിയെയും പ്രിയയെയും പേടിപ്പിക്കുന്നത് മനുഷ്യര്‍ തന്നെയാണ്. അവരുടെ തുറിച്ചുനോട്ടങ്ങളും കമന്റടികളും കപടസദാചാര ബോധങ്ങളുമാണ്. സ്വന്തം വീടിന്റെ ബാത്ത്‌റൂമില്‍ പോലും പേടിച്ചുവിറച്ച് മാത്രം കേറേണ്ടി വരുന്ന സ്ത്രീകളുടെ ഗതികേടിനെ അതേപടി പകര്‍ത്തിവെയ്ക്കുന്നുണ്ട് ചിത്രം. തനിക്കെതിരെ നടക്കുന്ന ആഭാസങ്ങളെ മനസ്സിലാക്കാന്‍ കഴിയാത്ത ഭര്‍ത്താവ് അതിനെതിരെ നിസംഗതയോടെ മാത്രം പ്രതികരിക്കുന്നത് കാണുമ്പോള്‍ ഒരു സ്ത്രീയ്ക്ക് അനുഭവപ്പെടുന്ന അരക്ഷിതാവസ്ഥ എത്രമാത്രം തീവ്രമാണെന്നും ചിത്രം കൃത്യമായി കാണിച്ചുതരുന്നുണ്ട്. 

ദുബായില്‍ നിന്നും അല്‍പ്പം സ്വസ്ഥത തേടിയാണ് ഹൈറേഞ്ചിലേക്ക് പ്രിയയും എബിയുമെത്തുന്നത്. എന്നാല്‍ ഏവരെയും സ്വാഗതം ചെയ്യുന്ന നഗരത്തില്‍ നിന്നും വന്നുകേറുന്നവരെ വരത്തനായി മാത്രം കാണുന്ന ഗ്രാമത്തെയാണ് ഇരുവരും കണ്ടത്. നഗരത്തില്‍ എല്ലാവരും അവരവരുടെ കാര്യം മാത്രം നോക്കി ജീവിക്കുമ്പോള്‍ ഗ്രാമങ്ങളില്‍ ഒരാളുടെ സ്വകാര്യതയിലേക്ക് ആളുകള്‍ വലിഞ്ഞ് കയറി ചെല്ലുകയാണ്. നാട്ടിന്‍പുറങ്ങളുടെ മനോഹാരിതയില്‍ നിന്നും ഉയിര്‍ക്കൊള്ളുന്നതല്ല സ്വസ്ഥത എന്നും സിനിമ വ്യക്തമാക്കുന്നുണ്ട്.  

അവസാന രംഗങ്ങളിലാണ് വരത്തന്‍ കരുത്ത് മുഴുവന്‍ പുറത്തുകാട്ടുന്നത്. ആക്രമണ, പ്രത്യാക്രമണങ്ങളും ആക്ഷന്‍ സീനുകളും കിടിലോല്‍കിടിലം. അടിയും ഇടിയും വെടിയും വെട്ടും കുത്തും തീയും പുകയും മഴയും ചെളിയും ഒക്കെയായി രംഗം തകര്‍ക്കുകയാണ്. നായകന്റെ തന്ത്രപരമായ നീക്കങ്ങളും അടിയിലെ അടവുകളും ആവോളം കയ്യടി നേടുന്നുണ്ട്.  

അഭിനേതാക്കളിലേക്ക് വരുമ്പോള്‍... ഐശ്വര്യ ലക്ഷ്മി മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. ആദ്യ പകുതിയില്‍ ഫഹദിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഐശ്വര്യയുടെ പ്രിയ എന്ന കഥാപാത്രത്തിലാണ് സിനിമയുടെ ഭൂരിഭാഗവും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വളരെ നാച്ചുറലായ സംസാരരീതികൊണ്ടും പെരുമാറ്റം കൊണ്ട് ഐശ്വര്യ, പ്രിയയെ ഗംഭീരമാക്കി. ഫഹദിന്റെ എബി എന്ന കഥാപാത്രത്തിന് എപ്പോഴും ഒരേ ഭാവമാണ്. തണുപ്പന്‍ മട്ടിലുള്ള ആ ഭാവം മാറുന്നത് ക്ലൈമാക്‌സ് രംഗങ്ങളിലാണ്. ഷറഫുദ്ദീന്റെ വില്ലന്‍ വേഷവും ഗംഭീരമായി. ദിലീഷ് പോത്തന്‍, വിജ്‌ലീഷ് എന്നിവരും തകര്‍ത്തു. പാട്ടുകള്‍ ശരാശരി നിലവാരത്തിലുള്ളവയായിരുന്നു. 

വേറിട്ട രീതിയിലുള്ള ഇടപെടലുകളാണ് ചിത്രത്തില്‍ നടത്തിയിരിക്കുന്നത്. കാലികപ്രസക്തിയുള്ള ചില വിഷയങ്ങള്‍കൂടി ഉള്‍ച്ചേര്‍ത്തതോടെ വരുത്തന്‍ കരുത്തനായി.  അതിന്റെ ക്രെഡിറ്റ് തിരക്കഥ രചിച്ച സുഹാസിനും ഷറഫുവിനും നല്‍കാം. പല രംഗങ്ങളും ഉദ്വേഗഭരിതങ്ങളാണ്. ഛായാഗ്രാഹകന്റെ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. 

അമല്‍ നീരദ് ചിത്രങ്ങളുടെ സ്ഥിരം ചേരുവകളെല്ലാം വരത്തനിലുമുണ്ട്. എന്നാല്‍ അവയെല്ലാം പൊള്ളിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ പറയാന്‍ ഉപയോഗിച്ചതിലൂടെ അമല്‍ നീരദിന്റെ മറ്റ് മാസ് മസാല ചിത്രങ്ങളേക്കാളും ഒരു പടി മുമ്പിലേക്ക് വരത്തന്‍ കയറിനില്‍ക്കുകയാണ്.