• 08 Jun 2023
  • 04: 34 PM
Latest News arrow

തുര്‍ക്കിയില്‍ കായികമേളയ്ക്ക് പോയ13 മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 44 പേരുടെ സംഘം തിരിച്ചെത്തി

ന്യൂദല്‍ഹി: ലോക സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കാനായി തുര്‍ക്കിയില്‍ പോയ ഇന്ത്യന്‍സംഘത്തിലെ 44പേര്‍ മടങ്ങിയെത്തി. 13 മലയാളി വിദ്യാര്‍ഥികളും തിരിച്ചെത്തിയ ഈ ആദ്യസംഘത്തിലുള്‍പ്പെടുന്നു.148 വിദ്യാര്‍ഥികളും 38 ഉദ്യോഗസ്ഥരുമടക്കം 186പേരാണ് ഇന്ത്യയില്‍ നിന്നും തുര്‍ക്കിയിലേക്ക് പോയിരുന്നത്.

തുര്‍ക്കിസൈന്യത്തിന്റെ അട്ടിമറി ശ്രമവും തുടര്‍ന്നുണ്ടായ ജനകീയ പ്രതിരോധങ്ങളും കൊണ്ട് തുര്‍ക്കി സംഘര്‍ഷഭരിതമായപ്പോള്‍ കായികമേളയില്‍ പങ്കെടുക്കാന്‍ പോയ ഇന്ത്യന്‍ സംഘത്തെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നിരുന്നു. തുര്‍ക്കിയുടെ  വടക്കുകിഴക്കന്‍ ഗ്രാമപ്രദേശമായ ട്രാബ്‌സണില്‍ ആയിരുന്നു കായികമേള നടന്നിരുന്നത്. ട്രാബ്‌സണില്‍ സംഘര്‍ഷം കാര്യമായി ബാധിച്ചിരുന്നില്ല. കായികമേള അവസാനിക്കുന്നതുവരെ ട്രാബ്‌സണിന് പുറത്തേക്ക് പോകരുതെന്ന് ഇന്ത്യന്‍ സംഘത്തിന് അധികൃതര്‍ നിര്‍ദേശവും നല്‍കിയിരുന്നു.

തുര്‍ക്കിയില്‍ സംഘര്‍ഷം ഉടലെടുത്തപ്പോള്‍ വിദ്യാര്‍ഥികളും അവര്‍ക്കൊപ്പമുള്ള അധ്യാപകരും അടങ്ങുന്ന സംഘം സുരക്ഷിതരാണെന്ന്  കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചിരുന്നു.