• 25 Jun 2018
  • 01: 39 AM
Latest News arrow

ടിയാന്‍: വെറും കത്തി

ട്രെയിലര്‍ കണ്ടപ്പോള്‍ എന്തോ വലുത് വരാനിരിക്കുന്നുവെന്ന് കരുതിയതാണ്. യമണ്ടന്‍ ഡയലോഗുകളും അപാര ദൃശ്യങ്ങളും കണ്ടതോടെ സംഗതി കൊള്ളാലോ എന്നായി. ട്രെയിലറിന് തിയേറ്ററില്‍ കിട്ടിയ കയ്യടി കൂടി കണ്ടതോടെ ആളുകൂടുമെന്നും ഉറപ്പായി. പക്ഷേ ആ ബോധ്യങ്ങളെല്ലാം നശ്വരമായിരുന്നു. എങ്കിലും അനശ്വരമായ ഒരു ബോധ്യം കിട്ടി, ആ മുരളീ ഗോപീടേ അടുത്ത് ചെന്ന് പ്രസ്തുത സിനിമയെക്കുറിച്ച് ഒരു ലക്ച്ചര്‍ ക്ലാസ് എടുത്ത് തരുമോ എന്ന് ചോദിക്കേണ്ടിയിരുന്നു. അപാര പാണ്ഡിത്യമാണ് അദ്ദേഹത്തിന്. ചരിത്രം, ഭൂമിശാസ്ത്രം, വേദങ്ങള്‍, പുരാണങ്ങള്‍, വര്‍ണവിവേചനം, ജാതിസ്പര്‍ദ്ധ, ബ്രാഹ്മണ്യം, ആര്യ-ദ്രാവിഡ വേര്‍തിരിവുകള്‍, മണ്ണിന്റെ മക്കള്‍ വാദം...., മതഭ്രാന്ത്, ആള്‍ദൈവങ്ങള്‍, റിയല്‍ എസ്റ്റേറ്റ് മാഫിയ, മാവോയിസ്റ്റ്, ഗോവധ നിരോധനം, മുംബൈ അധോലോകം...., ഹിമാലയ സാനുക്കള്‍, സന്യാസികള്‍, ഗംഗ, അമാനുഷിക ശക്തി, മരിച്ചവരെ ജീവിപ്പിക്കല്‍...ഈ പട്ടിക കണ്ട് ഹരികൃഷ്ണന്‍സില്‍ ഹരിയുടെയോ കൃഷ്ണന്റെയോ ബാധ കേറീന്ന് വിചാരിക്കരുത്. മുരളീ ഗോപീ എന്ന എഴുത്തുകാരന്റെ ബുദ്ധിമണ്ഡലത്തില്‍ കിടന്ന് കളിച്ചുകൊണ്ടിരുന്നതും പിന്നീട് ടിയാന്‍ എന്ന സിനിമയില്‍ കയറിക്കൂടിയതുമായ ചില സംഗതികളാണ്. 

സിനിമയുടെ തുടക്കത്തിലെ പശ്ചാത്തല വിവരണവും അത് അവതരിപ്പിച്ച രീതിയും കണ്ടപ്പോഴും ട്രെയിലര്‍ തന്ന അമിതപ്രതീക്ഷ അവിടെത്തന്നെ കുത്തിയിരുന്നു. ചരിത്രം പറഞ്ഞ് കേരളത്തില്‍ നിന്നും ഉത്തരേന്ത്യ വരെ സിനിമ കുടിയേറിയപ്പോഴും ചുമപ്പും മഞ്ഞയും തവിട്ടും നിറങ്ങളുടെ ലയഭംഗി കണ്ടപ്പോഴും സംഗതി ജോറാകുമെന്ന് തന്നെയായിരുന്നു വിശ്വാസം. ഫേസ്ബുക്കിലെവിടെയോ വായിച്ച കവിത മനസ്സിലേക്ക് കയറ്റിവിടുന്ന ഒരു സീനും തുടര്‍ന്നു കണ്ടു. 'ചുടു നെടുവീര്‍പ്പുകള്‍ വീണലിയുന്നോരീ...ഊഷര ഭൂമിതന്‍ വിരിമാറില്‍, കത്തുംപകലിന്റെ അഗ്നിപഥങ്ങളില്‍...വീണടിയുന്നോരീ സ്പന്ദനങ്ങള്‍' എന്നാണ് കവിതയിലെ വരികള്‍. ഇതിനെ ദൃശ്യവല്‍ക്കരിച്ചാലുള്ള ഭംഗി എന്തെന്ന് കാണിച്ചുതരുന്ന ഉഗ്രന്‍ സീന്‍. പക്ഷേ...എല്ലാം വെറും കെട്ടുകാഴ്ചകളായിരുന്നുവെന്ന് മനസ്സിലാക്കാന്‍ ഇത്തിരി വൈകിപ്പോയി. പ്രതീക്ഷകള്‍ നമ്മളെ എത്രമാത്രം വഞ്ചിക്കുമെന്ന പാഠം വീണ്ടും പഠിച്ചു. 

ബദ്രിനാഥിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. വെള്ളം കിട്ടാത്ത പൊടിപറക്കുന്ന ഈ പ്രദേശത്ത് താമസിക്കുന്ന ഒരു കുടിയേറ്റ ജനത. അവരില്‍ ഹിന്ദുവും മുസ്ലീമും ബ്രാഹ്മണനും ദളിതനും ഹിന്ദിക്കാരനും മലയാളിയും തമിഴനുമെല്ലാമുണ്ട്. ഇവിടെ ആദിശങ്കരന്റെ പരമ്പരയില്‍പ്പെട്ട പട്ടാഭിരാമ ഗിരി (ഇന്ദ്രജിത്ത് സുകുമാരന്‍) സംസ്‌കൃതവും വേദങ്ങളും പഠിപ്പിച്ച് ഭാര്യയോടും മകളോടുമൊപ്പം ജീവിക്കുന്നു. ഇവരുടെ ഇടയിലേക്ക് ആള്‍ദൈവം മഹാശയ് ഭഗവാന്‍ (മുരളീ ഗോപി) റിയല്‍ എസ്റ്റേറ്റ് മാഫിയയെയും കൂട്ടി തള്ളിക്കയറുന്നു. പിന്നീട് റിയല്‍ എസ്‌റ്റേറ്റ് മാഫിയയില്‍ നിന്ന് ഭൂമിയും ആള്‍ദൈവത്തില്‍ നിന്ന് വിശ്വാസവും സംരക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് സിനിമ. 

പറയുമ്പോള്‍ വളരെ സിംപിളാണ്. എന്നാല്‍ ഈ സിംപിള്‍ കഥ മുരളീ ഗോപിയും ജിയേന്‍ കൃഷ്ണകുമാറും ചേര്‍ന്ന് സിനിമയാക്കി വെള്ളിത്തിരയില്‍ പ്രദര്‍ശിപ്പിച്ചത് കണ്ട പ്രേക്ഷകരുടെ കിളി പോയീന്ന് പറഞ്ഞാല്‍ മതിയല്ലോ. തൊണ്ടിമുതലും ദൃസാക്ഷിയും കണ്ടതിന്റെ ഹാങ്ഓവര്‍ മാറുന്നതിന് മുമ്പാണ് ടിയാന്റെ രംഗപ്രവേശനം. അതോടെ ക്ഷമയുടെ നെല്ലിപ്പലക കണ്ടു. ബ്രാഹ്മണിസത്തെ പിടിച്ചാണ് തള്ളല്‍പരിപാടി തുടങ്ങിയത്. സംസ്‌കൃതത്തിന്റെ മഹാത്മ്യവും പൂണൂലിന്റെ മഹത്വവും, ബ്രാഹ്മണഹത്യ, ബ്രാഹ്മണനെ കല്ലെറിയാന്‍ മടിയ്ക്കുന്ന ദളിതന്‍, ആദിശങ്കരന്റെ കാലത്ത് തുടങ്ങിയ ആശ്രമത്തിന്റെ കെട്ടുറപ്പും ശക്തിയും വാതോരാതെ വിളമ്പുന്നുണ്ട് സിനിമ. ഇതിലൂടെ വല്ല ആക്ഷേപഹാസ്യവുമാണോ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. ഇതില്‍ ആകെ മനസ്സിലായത് ആള്‍ദൈവവും അയാളുടെ കള്ളത്തരങ്ങളും കച്ചവട തന്ത്രങ്ങളും അയാളുടെ കെട്ടുവിദ്യയില്‍ വീണുപോകുന്ന പാവം ജനങ്ങളുടെ അവസ്ഥയുമാണ്. എന്നാല്‍ ഇന്ദ്രജിത്തിന്റെ പട്ടാഭിരാമ ഗിരിയെയും പൃഥ്വിരാജിന്റെ അസ്ലം മുഹമ്മദിനെയും പിടികിട്ടാന്‍ ഹിമാലയ സാനുക്കളില്‍ പോയി തപസ്സിരുന്ന് വിശിഷ്ട സിദ്ധി കൈവരിക്കേണ്ടിവരും.

അസുരന്‍മാരിലെ ദേവന്‍ എന്ന വിശേഷണമുള്ള മുംബൈയിലെ അധോലോകത്തിലെ വിശുദ്ധനായ ഗുണ്ടയാണ് അസ്ലം. ശത്രുക്കളെ കൊന്നൊടുക്കിക്കഴിയുന്ന ഇയാളുടെ തലയില്‍ അള്ളാഹുവിന്റെ അനുഗ്രഹമുണ്ടെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാണോ എന്തോ അസ്ലം ഇടിക്കാനായി കയ്യൊന്ന് ഓങ്ങിയാല്‍ മതി, ശത്രുക്കള്‍ ബാലിസ്റ്റിക്ക് മിസ്സൈലുകള്‍ പോലെ പറക്കും. പിന്നീട് ഒരു സന്ദര്‍ഭത്തില്‍ നാടുവിട്ട് അലഞ്ഞ് നടക്കുന്ന അസ്ലത്തിന് വിശിഷ്ട സിദ്ധി കൈവരുന്നു. പിന്നെ ഇതുവെച്ച് ശത്രുക്കളെ ഇല്ലാതാക്കുകയാണ്. അതില്‍ തന്റെ ശക്തി മറ്റൊരാളിലേക്ക് കൈമാറി അയാളെക്കൊണ്ട് ഓരോന്ന് ചെയ്യിക്കുന്ന അത്ഭുതങ്ങള്‍ വരെ പ്രയോഗിക്കുന്നുണ്ട്. ഇതൊകൊണ്ടൊന്നും തീര്‍ന്നില്ല, മരിച്ചയാളെ ജീവിപ്പിക്കുന്നതാണ് ഏറ്റവും അസഹനീയം. ഒരിടത്ത് ആള്‍ദൈവങ്ങള്‍ ചെയ്യുന്നതൊക്കെ കള്ളത്തരങ്ങളാണെന്ന് പറയുന്നു, മറു ഭാഗത്ത് തത്ത്വമസ്സി എന്ന് പറഞ്ഞ് ഓരോ മനുഷ്യരിലും ദൈവമുണ്ടെന്നും അവര്‍ക്ക് ദൈവത്തിന് മാത്രം സാധിക്കുന്ന അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും പറയുന്നു. ഇവിടെയാണ് പ്രേക്ഷകരുടെ കണ്ണില്‍ക്കൂടിയും വായില്‍ക്കൂടിയുമെല്ലാം പുക പോകുന്നത്. എന്താണ് സിനിമയിലൂടെ പറയാനാഗ്രഹിച്ചതെന്ന് മുരളീ ഗോപി ഒന്ന് വിശദീകരിച്ച് തരണമെന്ന് അപേക്ഷയുണ്ട്. 

ആള്‍ദൈവങ്ങളുമായി ബന്ധപ്പെട്ട പല സിനിമകളും മുമ്പ് മലയാളസിനിമയില്‍ ഇറങ്ങിയിട്ടുണ്ട്. അതെല്ലാം ആളുകള്‍ക്ക് നല്ല പോലെ മനസ്സിലാക്കാനും കഴിഞ്ഞു. പക്ഷേ ഇത്....  യഥാര്‍ത്ഥ ദിവ്യതയും കപട ദിവ്യതയും തമ്മിലുള്ള അന്തരം വ്യക്തമാക്കിത്തരാനായിരിക്കും സിനിമ ശ്രമിച്ചത്. എന്നാല്‍ അതിന് ബ്രാഹ്ണ്യത്തെ കൂട്ടുപിടിയ്ക്കുകയും അതിന് അര്‍ഹിക്കാത്ത മാഹാത്മ്യവും നല്‍കി. ആള്ളാഹുവിന്റെ അനുഗ്രഹമുള്ളയാളെന്ന് വിശേഷിപ്പിച്ച് ഒരുവനെ ഹിമാലയത്തിലെത്തിക്കുകയും അവിടുത്തെ സന്യാസികളില്‍ നിന്ന് വിശിഷ്ടവിദ്യ കൈവരിച്ചുകൊടുക്കുകയും ചെയ്തു. എന്നിട്ട് സന്യാസിയെക്കൊണ്ട് അള്ളാഹു അക്ബറെന്നും മുസ്ലീംമിനെക്കൊണ്ട് നമശിവായയും വിളിപ്പിച്ചു. ഇത്തരത്തിലുള്ള വേഷംകെട്ടിക്കലുകളൊക്കെ എന്തിനായിരുന്നു? ഇതിനിടയില്‍ക്കൂടി എടുത്താപ്പൊങ്ങാത്ത യമണ്ടന്‍ ഡയലോഗുകളും കവലപ്രസംഗങ്ങളും സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളും തിരുകി കയറ്റി. ദിവ്യത്വം കിട്ടിയയാളുടെ സ്ഥലകാല രംഗത്തിന് ചേരാത്ത തരത്തിലുള്ള ആക്ഷന്‍ രംഗങ്ങളും പൂര്‍വ്വ ജന്‍മമവും പുനര്‍ജന്മവും തമ്മിലുള്ള കണ്ടുമുട്ടലും കൂടിയായതോടെ സംഗതി ഏകദേശം തീരുമാനമായി.

ഒരു സിനിമയെ എത്രമാത്രം സിനിമാറ്റിക്ക് ആക്കാം, അല്ലെങ്കില്‍ എത്രമാത്രം നാടകീയമായി അവതരിപ്പിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ടിയാന്‍. പണ്ട് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പുണ്യപുരാണ സീരിയലുകളെ ആധുനികവല്‍ക്കരിച്ചാല്‍ എങ്ങിനെയിരിക്കും എന്ന് പരീക്ഷിക്കുകയായിരുന്ന ടിയാന്റെ അണിയറപ്രവര്‍ത്തകര്‍. അഭിനേതാക്കളുടെ അഭിനയം ആ പരീക്ഷണത്തിന് മാറ്റുകൂട്ടി. സ്വിച്ചിട്ടാല്‍ പ്രവര്‍ത്തിക്കുന്ന പാവയെപ്പോലെ എന്തൊക്കെയോ അടക്കിപ്പിടിച്ചുള്ള അഭിനയമായിരുന്നു എല്ലാവരുടെയും, അനന്യ ഒഴികെ. പട്ടാഭിരാമനും അസ്ലവും മകളുടെ മരണത്തെത്തുടര്‍ന്ന് കരയുന്ന രംഗമുണ്ട്. നാടകനടന്‍മാര്‍പ്പോലും ഇതിനേക്കാള്‍ റിയലിസ്റ്റിക്കായ് കരയും. സകലതും നഷ്ടപ്പെട്ടുവെന്ന് തോന്നുന്ന അവസരത്തില്‍ അസ്ലത്തെ തേടിച്ചെല്ലുന്ന പട്ടാഭിരാമന്‍ അദ്ദേഹത്തെ കാണാന്‍ കഴിയാതെ വന്നതിന് ശേഷം ആത്മഹത്യ ചെയ്യാന്‍ പോകുന്ന മറ്റൊരു രംഗമുണ്ട്. അതുവരെ സിനിമാറ്റിക്ക് എന്ന വിശേഷണം നല്‍കിയ സിനിമയ്ക്ക് നാടകം എന്ന വിശേഷണം കൂടി ചാര്‍ത്തി നല്‍കുന്നത് ഈ അവസരത്തിലാണ്. 

ഗോപീസുന്ദറിന്റെ സംഗീതവും എടുത്തുപറയേണ്ടതാണ്. ഭൊം ഭൊം ശിവഭോലെ എന്ന പാട്ടിനൊപ്പം അതിന്റെ ദൃശ്യങ്ങളും ചേര്‍ന്നപ്പോള്‍ നല്ലൊരു പഞ്ചൊക്കെ കിട്ടി. മുരളീ ഗോപീയുടെ ശബ്ദം ഗംഭീരം. കഥയ്ക്ക് പശ്ചാത്തലമായി വരുന്ന പാട്ടുകളും തട്ടുമുട്ടുമൊക്കെയായി രംഗം തകര്‍ത്തു. എന്തായാലും സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ ആ സംഗീതത്തിന്റെ പ്രകമ്പനം ശരീരമാകെ ഒരു വിറപോലെ അനുഭവപ്പെടുന്നുണ്ടായിരുന്നു. പിന്നെ തലയ്ക്ക് ചുറ്റും കുറേപ്പുകയും.