• 18 Dec 2018
  • 05: 41 PM
Latest News arrow

'തിത്‌ലി' ഒഡീഷ തീരത്ത് ആഞ്ഞുവീശുന്നു; മൂന്ന് ലക്ഷം പേരെ ഒഴിപ്പിച്ചു

ഒഡീഷ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'തിത്‌ലി' ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തി. ഒഡീഷയിലെ ഗോപാല്‍പൂരില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുകയാണ്. അഞ്ച് ജില്ലകളില്‍ കനത്ത മഴയും കാറ്റും വീശുന്നുണ്ട്. ആന്ധ്രയിലെ കലിംഗപട്ടണത്തും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മൂന്ന് ലക്ഷത്തിലധികം പേരെ ഈ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. ഒഡീഷയിലും വടക്കന്‍ ആന്ധ്രയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.  

ഒഡീഷയിലെ വിവിധ ഇടങ്ങളിലായി 836 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. മുന്നൂറോളം ബോട്ടുകളും സജ്ജമാക്കി. വേണ്ടി വന്നാല്‍ പട്ടാളത്തിന്റെ സഹായവും തേടും. സ്‌കൂളുകള്‍ക്ക് ഇന്നും നാളെയും അവധിയാണ്. 

അതേസമയം കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട മഴ പെയ്‌തേക്കും. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ ചുഴലിക്കാറ്റ് വീശുന്നുണ്ട്. അതിനാല്‍ പതിനാലാം തിയതി വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. അറബിക്കടലില്‍ മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുന്ന ലുബാന്‍ ചുഴലിക്കാറ്റ്  മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഒമാന്‍ തീരത്തെത്തുമെന്നാണ് പ്രവചനം.