• 27 May 2019
  • 12: 08 PM
Latest News arrow

വെടിയുണ്ടകള്‍ക്ക് തകര്‍ക്കാനാകുമോ ജീവന് വേണ്ടിയുള്ള ഈ മല്‍പ്പിടുത്തം?

തൂത്തുക്കുടി: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് ഉരുക്ക് വ്യവസായ ശാലയ്‌ക്കെതിരെ ജീവന്‍മരണ പോരാട്ടം നടത്തുകയാണ് ഒരു കൂട്ടം ജനങ്ങള്‍. തമിഴ്‌നാട്ടിലെ രാഷ്ട്രീയക്കാരെ മുഴുവന്‍ വിലയ്ക്ക് വാങ്ങാന്‍ ശേഷിയുള്ള വേദാന്ത ഗ്രൂപ്പിന്റെ ഈ സ്ഥാപനം തങ്ങളുടെ ജീവന്‍ കവരുകയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ജനങ്ങള്‍ മരണക്കളിക്ക് ഇറങ്ങിയത്. എന്നാല്‍ ജീവിക്കാനുള്ള തങ്ങളുടെ അവകാശത്തിന് വേണ്ടി പൊരുതിയ അവര്‍ക്ക് നേരിടേണ്ടി വന്നത് വെടിയുണ്ടകളാണ്. വേദാന്ത ഗ്രൂപ്പിന് വേണ്ടി ഭരണകൂടം നരനായാട്ട് നടത്തി. സ്ത്രീകളടക്കം ഒമ്പത് പേര്‍ ചോരയില്‍ ചലനമറ്റു കിടന്നു. എന്നിട്ട് ഈ രക്തത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് അറിയിക്കാന്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 3 ലക്ഷം രൂപയും ധനസഹായവും പ്രഖ്യാപിച്ചു സര്‍ക്കാര്‍.

2013 മാര്‍ച്ച് മാസം 23ാം തിയ്യതിയാണ് വേദാന്ത ഗ്രൂപ്പ് മരണം പുറന്തള്ളുന്ന വിവരം തൊഴിലാളികള്‍ അറിഞ്ഞത്. തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലൈറ്റ് എന്ന കമ്പനിയില്‍ രാവിലെ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരുന്ന തൊഴിലാളികള്‍ക്ക് പെട്ടെന്ന് മരണവെപ്രാളം അനുഭവപ്പെട്ടു. തൊണ്ട വരണ്ടു, ദേഹമാസകലം ചൊറിഞ്ഞ് തടിച്ചു. പലരും ശ്വാസം കിട്ടാതെ കിടന്ന് പിടച്ചു. ഈ സംഭവം അറിഞ്ഞ് അവിടേക്ക് ഓടിയെത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഫാക്ടറിയില്‍ നിന്നും സള്‍ഫര്‍ ഡയോക്‌സൈഡ് പുറന്തള്ളുന്നതായി കണ്ടെത്തി. അനുവദനീയമായതിലും കൂടിയ അളവിലായിരുന്നു വിഷവാതകത്തിന്റെ നിര്‍ഗമനം. 

മുമ്പും പലതവണ കമ്പനിയില്‍ സമാനസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വേദാന്ത ഗ്രൂപ്പിനെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ആര്‍ക്കും സാധിച്ചില്ല. ആദ്യം മഹാരാഷ്ട്രയിലാണ് ഫാക്ടറി തുടങ്ങാനിരുന്നത്. എന്നാല്‍ അവിടുത്തെ ജനങ്ങള്‍ ശക്തമായ പ്രതിഷേധം അഴിച്ചുവിട്ടതോടെ ഫാക്ടറി തമിഴ്‌നാട്ടിലേക്ക് മാറ്റി. വികസനത്തിന്റെ പേര് പറഞ്ഞ് ജനങ്ങളുടെ എതിര്‍പ്പുകളെ ഇല്ലാതാക്കിയാണ് ഫാക്ടറി പ്രവര്‍ത്തനമാരംഭിച്ചത്. ഇതിനിടെ ഫാക്ടറിയ്ക്ക് പാരിസ്ഥിതിക അനുമതി കിട്ടിയതില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ച് മദ്രാസ് ഹൈക്കോടതിയില്‍ ഒരു ഹര്‍ജി പോയിരുന്നു. എന്നാല്‍ കോടതി പോലും അത് മുഖവിലയ്‌ക്കെടുത്തില്ല. 

ചെമ്പ് ശുദ്ധീകരണമാണ് ഫാക്ടറിയില്‍ നടക്കുന്നത്. ഈ ശുദ്ധീകരണപ്രക്രിയയുടെ ഉപോല്‍പ്പന്നമാണ് സള്‍ഫര്‍ ഡയോക്‌സൈഡ്. ഇവ പുറന്തള്ളുന്നത് തടയുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ വേദാന്ത ഗ്രൂപ്പ് ഇതുവരെ ഉപയോഗിച്ചിട്ടില്ല. 1996ലും സ്‌റ്റെര്‍ലൈറ്റ് കമ്പനി സമീപവാസികളെ രോഗികളാക്കിയിരുന്നു. ഇപ്പോഴും അത് തുടരുന്നു. ഇതിനെതിരെ ശബ്ദമുയര്‍ത്താനോ എന്തെങ്കിലും നടപടികള്‍ കൈക്കൊള്ളാനോ ആരും ഇതുവരെ തയ്യാറായിട്ടില്ല. തുടര്‍ന്ന് ജനങ്ങള്‍ തന്നെ തങ്ങളുടെ ജീവന് സംരക്ഷിക്കാന്‍ തെരുവിലിറങ്ങി. എന്നാല്‍ ഇവര്‍ നടത്തിയ പ്രതിഷേധങ്ങളോടെല്ലാം സര്‍ക്കാരുകള്‍ പുറംതിരിഞ്ഞു നിന്നു. ഇടയ്ക്ക് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഫാക്ടറി അടച്ചിടും. പിന്നീട് എല്ലാ 'അനുമതി'കളോടെയും തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്യും.

2013ല്‍ കമ്പനിക്കെതിരെ സുപ്രീംകോടതിയില്‍ വരെ കേസ് വന്നു. എന്നാല്‍ 100 കോടി രൂപ പിഴയടച്ച് കമ്പനിയോട് പ്രവര്‍ത്തനം തുടരാനായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്ക് ചെമ്പ് ആവശ്യമാണെന്നായിരുന്നു കോടതിയുടെ ന്യായീകരണം. ഫാക്ടറിയിലെ തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും കോടതി അറിയിച്ചു. എന്നാല്‍ ചുറ്റും പാര്‍ക്കുന്ന പതിനായിരങ്ങളുടെ ജീവിതം കോടതി കണ്ടതുപോലുമില്ല. 

വേദാന്തയുടെ മുതലാളി അനില്‍ അഗര്‍വാള്‍ ലണ്ടനിലാണ് താമസിക്കുന്നത്. അയാളുടെ വീടിനു മുമ്പില്‍ ബ്രിട്ടനിലെ തമിഴര്‍ ഒരു സമരം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഒരു ഫലവുമുണ്ടായില്ല. പകരം പുതിയ പ്ലാന്റിന്റെ ജോലികള്‍ തൂത്തുക്കുടിയില്‍ തുടങ്ങി.

ഈ സമരങ്ങളുടെ ദുരന്തമുഖമാണ് ഇന്നലെ തൂത്തുക്കുടിയില്‍ കണ്ടത്. എന്നാല്‍ എത്ര അടിച്ചമര്‍ത്തിയാലും വര്‍ദ്ധിത വീര്യത്തോടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ജനതയാണ് തമിഴ്‌നാട്ടിലുള്ളത്. ഒമ്പത് പേര്‍ കണ്‍മുമ്പില്‍ വെടിയേറ്റ് പിടഞ്ഞു മരിച്ചത് ഒരിക്കലും അവരെ പേടിപ്പിക്കില്ല. മറിച്ച് കൂടുതല്‍ ശക്തിയോടെ അവര്‍ ആഞ്ഞടിക്കുക തന്നെ ചെയ്യും.