• 22 Sep 2023
  • 04: 05 AM
Latest News arrow

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് തുടരും; സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി

കൊച്ചി: ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് തുടരും. വിലക്ക് റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ബിസിസിഐ നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ബിസിസിഐയുടെ അച്ചടക്ക നടപടിയില്‍ ഇടപെടാന്‍ ഹൈക്കോടതിയ്ക്ക് സാധ്യമല്ലെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ബിസിസിഐയുടെ നടപടി സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും വിലക്കിന് ആധാരമായ കാരണം ഇല്ലാതായതിനാല്‍ നടപടി തുടരനാകില്ലെന്നുമായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ ബിസിസിഐ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

2013 ലാണ് ഐപിഎല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ബിസിസിഐ ക്രിക്കറ്റില്‍ നിന്ന് ശ്രീശാന്തിനെ സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്‍ ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി. എന്നാല്‍ പിന്നീട് പട്യാല സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചു. എങ്കിലും വിലക്ക് നീക്കാന്‍ കഴിയില്ലെന്ന് ബിസിസിഐ കടുംപിടുത്തം പിടിച്ചതോടെ ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. ബിസിസിഐ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ താരത്തിന് ആഭ്യന്തര ക്രിക്കറ്റില്‍ പോലും കളിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.