• 20 Jul 2017
  • 11: 58 PM
Latest News arrow

നടന്‍ ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് സഹോദരന്‍

കൊച്ചി: നടന്‍ ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് സഹോദരന്‍ സത്യനാഥ്. കൊലപാതകത്തിന് സിനിമാമേഖലയുമായി ബന്ധമുണ്ടെന്നും സഹോദരന്‍ പറഞ്ഞു. മരണം നടന്ന സമയത്ത് ശ്രീനാഥിനെ അഭിനയിക്കാനായി വിളിപ്പിച്ച സിനിമയുടെ ലൊക്കേഷനിലെ തര്‍ക്കത്തെക്കുറിച്ച് അന്വേഷണം നടന്നില്ല. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നും ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കേസില്‍ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും സഹോദരന്‍ സത്യനാഥ് പറഞ്ഞു.

  ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ കാണാനില്ലെന്നും കിട്ടുന്ന മുറയ്ക്ക് അറിയിക്കാമെന്നും പൊലീസ് അറിയിച്ചിരുന്നു. വിവരവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ശ്രീനാഥിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലുള്ള ഫയല്‍ കാണാനില്ലെന്ന കാര്യം വ്യക്തമാക്കിയത്. 

2010ല്‍ മെയ് മാസത്തിലാണ് ശ്രീനാഥിനെ ഞരമ്പ് മുറിച്ച് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാര്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ കോതമംഗലത്ത് എത്തിയതായിരുന്നു ശ്രീനാഥ്. കോതമംഗലം മരിയ ഹോട്ടലിലെ 102-ാം നമ്പര്‍ മുറിയിലാണ് ശ്രീനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണം ജീവനൊടുക്കി എന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍ ശ്രീനാഥ് ജീവനൊടുക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് വീട്ടുകാര്‍ ഉറപ്പിച്ച് പറഞ്ഞെങ്കിലും നാല് മാസം കൊണ്ട് പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. ശ്രീനാഥിന്റെ മരണത്തില്‍ ദുരൂഹതയൊന്നുമില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും അസാധാരണ മരണമാണെന്നതിന് സൂചനയില്ലെന്നുമാണ് പൊലീസ് അറിയിച്ചത്. 

എന്നാല്‍ ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് നടന്‍ തിലകന്‍ അന്നേ ആരോപിച്ചിരുന്നു. താരസംഘടനയായ അമ്മയില്‍ അംഗമല്ലാതിരുന്നതിനാല്‍ സിനിമയില്‍ ശ്രീനാഥിന് റോള്‍ കിട്ടുന്നില്ലെന്നും അന്ന് അരോപണമുണ്ടായിരുന്നു. ഒരു കാലത്ത് സിനിമയില്‍ സജീവമായിരുന്ന ശ്രീനാഥ് ഇതോടെ സീരിയലുകളില്‍ അഭിനയിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ നടി ശാന്തി കൃഷ്ണയെ വിവാഹം കഴിച്ചെങ്കിലും പിന്നീട് ഇരുവരും വിവാഹമോചിതരാവുകയായിരുന്നു.