• 08 Jun 2023
  • 04: 31 PM
Latest News arrow

ആരാധകരുടെ സ്‌നേഹം ഏറ്റുവാങ്ങി റൊണാള്‍ഡീന്യോ കോഴിക്കോട്ട്

കോഴിക്കോട്: ഫുട്‌ബോള്‍ ആവേശം നെഞ്ചേറ്റിയ മലബാറിന്റെ മണ്ണിലേക്ക് ബ്രസീലിന്റെ ഫുഡ്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോ പറന്നിറങ്ങി. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ റൊണാള്‍ഡീന്യോക്ക് ഗംഭീര വരവേല്‍പ്പാണ് ഫുഡ്‌ബോള്‍ ആരാധകര്‍ നല്‍കിയത്. ആരാധകരുടെ തിരക്ക് കാരണം  കെഡിഎഫ്എ പ്രസിഡന്റ് സിദ്ദിഖ് അഹമ്മദ്, എ പ്രദീപ് കുമാര്‍ എംഎല്‍എ എന്നിവര്‍ ചേര്‍ന്ന് വിഐപി റൂമിലേക്ക് മാറ്റിയ ശേഷമാണ് റൊണാള്‍ഡീന്യോയെ പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. 

ഇന്ന് വൈകിട്ട് നാല് മണിക്ക് ബീച്ചില്‍ നടക്കുന്ന ചടങ്ങില്‍ നാഗ്ജി കുടുംബത്തില്‍ നിന്ന് ബ്രാന്‍ഡ് അംബാസിഡറായ റൊണാള്‍ഡിന്യോയാണ് ട്രോഫി ഏറ്റുവാങ്ങി കെഡിഎഫ്എക്ക് കൈമാറുന്നത്. ഇന്ന ്‌നടക്കുന്ന നാല്‍പ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചടങ്ങില്‍ സാന്നിദ്ധ്യമുറപ്പിക്കുന്നതിന് വേണ്ടിയാണ് റൊണാള്‍ഡിന്യോ കോഴിക്കോട്ടെത്തുന്നത്.

രാവിലെ എട്ട് മണിക്ക് കൊച്ചിയില്‍ വിമാനമിറങ്ങിയ റൊണാള്‍ഡിന്യോ പ്രത്യേകം ഒരുക്കിയ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. അഞ്ഞൂറോളം ബൈക്കുകളുടെ അകമ്പടിയോടെ ആരാധകരുടെ സ്‌നേഹം തൊട്ടറിഞ്ഞ് രാമനാട്ടുകരയിലെ കടവ് റിസോര്‍ട്ടിലെത്തുന്ന റൊണാള്‍ഡിന്യോ ആറുമണിയോടെ ബീച്ചിലെത്തും. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിലാണ് ട്രോഫി കൈമാറുക. തുടര്‍ന്ന് ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുമായി സംവദിച്ച ശേഷം തിങ്കളാഴ്ചയാണ് കൊച്ചിയിലേക്ക് മടങ്ങുക. സൗദിയിലെ ഇന്ത്യന്‍ ഫുട്ബാള്‍ ലീഗ് സംഘാടകരായ മൊണ്ട്യാല്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റിന്റെ സഹകരണത്തോടെ കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോടിന്റെ ഫുഡ്‌ബോള്‍ സംസ്‌കാരത്തെ നെഞ്ചോടു ചേര്‍ത്ത നാഗ്ജി ഫുഡ്‌ബോളിന് ഫെബ്രുവരി അഞ്ചിന് പന്തുരുളും.