• 18 Oct 2018
  • 08: 23 PM
Latest News arrow

പൃഥ്വി ഷായ്ക്ക് സെഞ്ചുറി.. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ആദ്യ താരം

രാജ്‌കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറിയടിച്ച് ഇന്ത്യയുടെ താരം പൃഥ്വി ഷാ. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെയാണ് താരം തന്റെ വരവറിയിച്ചത്. 99 പന്തില്‍ 15 ബൗണ്ടറി സഹിതമാണ് ഷായുടെ സെഞ്ചുറി. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ആദ്യത്തെ താരമാണ് പൃഥ്വി.
ഷായ്‌ക്കൊപ്പം 19-ാം ടെസ്റ്റ് അര്‍ധസെഞ്ചുറിയുമായി ക്രീസിലുള്ള ചേതേശ്വര്‍ പൂജാരയുടെയും മിന്നും പ്രകടനത്തിന്റെ കരുത്തില്‍ 40 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഷാ 104 റണ്‍സോടെയും പൂജാര 85 റണ്‍സോടെയും ക്രീസില്‍ തിളങ്ങുകയാണ്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 193 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പതിനെട്ടുകാരന്‍ പൃഥ്വി ഷായുടെ അരങ്ങേറ്റമായിരുന്നു മല്‍സരത്തിലെ പ്രധാന വിശേഷം. തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ആദ്യ ഓവറില്‍ത്തന്നെ ലോകേഷ് രാഹുലിനെ പുറത്താക്കി ഷാനന്‍ ഗബ്രിയേല്‍ വിന്‍ഡീസിന് ഉജ്ജ്വല തുടക്കമാണ് സമ്മാനിച്ചത്. നാലു പന്തുകള്‍ മാത്രം നീണ്ട ഇന്നിങ്‌സിനൊടുവില്‍ റണ്ണൊന്നുമെടുക്കാനാകാതെ ഗബ്രിയേലിന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങിയാണ് രാഹുല്‍ മടങ്ങിയത്. ഇതിനിടെ അംപയറുടെ തീരുമാനം റിവ്യൂ ചെയ്ത് അവസരം നഷ്ടമാക്കുകയും ചെയ്തു.