• 16 Oct 2019
  • 09: 57 PM
Latest News arrow

''സംരക്ഷണമില്ലാതെ യാത്ര ചെയ്യേണ്ട'': ഗാന്ധി കുടുംബത്തിന്റെ വിദേശയാത്രകളില്‍ എസ്പിജി സംരക്ഷണം; നീരീക്ഷിക്കാനെന്ന് ആരോപണം

ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തില്‍ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ സംരക്ഷണമുള്ളവര്‍ക്ക് വിദേശയാത്രകളിലും അത് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. രാഹുല്‍ ഗാന്ധിയുടെ കംബോഡിയാ സന്ദര്‍ശനത്തിന് പിന്നാലെയാണ് വിദേശയാത്രകളിലും അംഗരക്ഷകരെ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

സംരക്ഷണം ലഭിക്കേണ്ടവര്‍ ഇത് നിരാകരിച്ചാല്‍ ഇവര്‍ക്ക് വിദേശയാത്ര അനുവദിക്കാതിരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ നരേന്ദ്ര മോദി, പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ കുടുംബാംഗങ്ങളെന്ന നിലയില്‍ രാജീവ് ഗാന്ധിയുടെ ഭാര്യയും നിലവിലെ കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കാണ് എസ്പിജി സംരക്ഷണമുള്ളത്. ഗാന്ധി കുടുംബത്തില്‍പ്പെട്ട ഇവര്‍ വിദേശത്തെത്തിയാല്‍ എസ്പിജി ഭടന്‍മാരെ തിരിച്ചയച്ച് തങ്ങളുടെ സ്വകാര്യ സന്ദര്‍ശനങ്ങള്‍ നടത്തും. ഇനി ഈ സ്വകാര്യ സന്ദര്‍ശനങ്ങളില്‍ എസ്പിജി അംഗങ്ങളെ കൂടെക്കൂട്ടണം എന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വ്യക്തികളുടെ സ്വകാര്യ ജീവിതവും രാഷ്ട്രീയ ജീവിതവും രണ്ടായി കരുതി ബഹുമാനിക്കാത്ത സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ചില നേതാക്കളുടെ സ്വകാര്യസന്ദര്‍ശനങ്ങള്‍ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് വെളിപ്പെടുത്തുന്നതും വിവാദമുണ്ടാക്കുന്നതും നല്ലതെല്ലെന്നും അത് ജനാധിപത്യവിരുദ്ധമാണെന്നും കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി പ്രണവ് ഝാ പറഞ്ഞു.

ഈ മാസം 11 മുതല്‍ ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നിശ്ചയിച്ചിരുന്നു. ഇതിനിടെയാണ് രാഹുല്‍ കംബോഡിയയിലേക്ക് പോയത്. ഇതോടെ അദ്ദേഹം പ്രചാരണത്തിനുണ്ടാകില്ലെന്ന അഭ്യൂഹമുയര്‍ന്നു. തൊട്ടുപിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

രാഹുലിന്റെ വിദേശയാത്രകളില്‍ ദുരൂഹത സൃഷ്ടിച്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. എന്നാല്‍ നിലവിലുള്ള നിയമം കര്‍ശനമാക്കുന്നതേയുള്ളൂ എന്നാണ് എസ്പിജി വൃത്തങ്ങളുടെ വിശദീകരണം.