• 22 Sep 2023
  • 04: 02 AM
Latest News arrow

റിയോയില്‍ ഇന്ത്യയുടെ 'അഭിമാനസിന്ധു' പൊരുതി നേടിയത് വെള്ളി ; സ്വര്‍ണ്ണം റാഞ്ചിയത് കരോലിന

പെണ്‍കരുത്തില്‍ ഒരു വെള്ളി , ഒരു വെങ്കലം ; മെഡല്‍പ്പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 61

റിയോ ഡി ജനീറോ: നൂറ്റിമുപ്പത് കോടി ഇന്ത്യക്കാരെ റിയോയില്‍ പ്രതിനിധീകരിച്ച, പുസര്‍ല വെങ്കട്ട സിന്ധു എന്ന പി.വി സിന്ധു ഫൈനലില്‍ പൊരുതിയെങ്കിലും സ്വര്‍ണ്ണമോഹം സഫലീകരിക്കാനായില്ല. ഇന്ത്യയുടെ അഭിമാനമായ പി.വി.സിന്ധു ഒളിമ്പിക് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍താരം സ്‌പെയിനിന്റെ കാരോലിന മാരിന്റെ മുന്നിലാണ്  അടിയറവ് പറഞ്ഞത് . സ്‌കോര്‍ :19- 21 , 21 -12 , 21 -15 . 

ആദ്യ ഗെയിമില്‍ തുടക്കത്തില്‍ സിന്ധു പിറകിലായിരുന്നെങ്കിലും ഇഞ്ചോടിഞ്ച് പൊരുതി അവസാനനിമിഷം സിന്ധു ആദ്യ ഗെയിം സ്വന്തമാക്കി.  19 -21 ,.രണ്ടാമത്തെ ഗെയിം കരോലിനയ്ക്ക് അനുകൂലമായിരുന്നു. സിന്ധുവിന്റെ മേലുള്ള ആധിപത്യം അവര്‍ സെറ്റിന്റെ അവസാനം വരെ തുടര്‍ന്നു .21 -12 .എന്നാല്‍ മൂന്നാമത്തെ ഗെയിമില്‍ സിന്ധു തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും ഒന്നാം നമ്പര്‍ താരത്തിന്റെ അടവുകള്‍ക്കു മുന്നില്‍ ആ ശ്രമം പാഴാവുകയായിരുന്നു.21- 15  . കളി ഒരു മണിക്കൂര്‍ 20 മിനിറ്റ് നീണ്ടുനിന്നു .

ഒളിമ്പിക് ബാഡ്മിന്റണിന്റെ ഫൈനലില്‍ മത്സരിച്ച ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. കഴിഞ്ഞ തവണ ലണ്ടനില്‍ സൈന നേവാള്‍  സെമിയില്‍ തോറ്റ് വെങ്കലം നേടി .

തുടര്‍ച്ചയായി രണ്ട് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ വെങ്കലം നേടിയ ഏക ഇന്ത്യന്‍ താരമാണ് സിന്ധു.  ഒന്നാം നമ്പറുകാരിയായ കരോലിനും  പത്താം നമ്പറുകാരിയായ സിന്ധുവും ഇതുവരെ വരെ ഏഴ് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍  നാലു തവണയും കരോലീനയ്ക്കായിരുന്നു  ജയം. എന്നാല്‍, തുടര്‍ച്ചയായ രണ്ട് ലോകകിരീടങ്ങള്‍ നേടിയ കരോലിന മാരിനെ രണ്ട് തവണ അട്ടിമറിക്കാന്‍ കഴിഞ്ഞതു സിന്ധുവിന് ആത്മവിശ്വാസം നല്‍കിയിരുന്നു .

ഇരുപത്തിയൊന്നുകാരിയായ സിന്ധുവിനേക്കാള്‍ രണ്ട് വയസ്സ് കൂടുതലാണ്  കരോലിന മാരിന് .

1995 ജൂലായ് 5 ന് ഹൈദരാബാദിലാണ് സിന്ധുവിന്റെ ജനനം. വോളിബോള്‍ കളിക്കാരായ പി.വി രമണയും പി. വിജയയുമാണ് മാതാപിതാക്കള്‍. പിതാവ് പി.വി രമണ വോളിബോളില്‍ 2000ലെ അര്‍ജുന അവാര്‍ഡ് ജേതാവാണ് .മാതാപിതാക്കള്‍ വോളിബോള്‍ കളിക്കാരായിട്ടും സിന്ധു ബാഡ്മിന്റണ്‍ ആണ് തിരഞ്ഞെടുത്തത് . മുന്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പുല്ലേല ഗോപിചന്ദിന്റെ ശിക്ഷണത്തിലാണ് സിന്ധു ബാഡ്മിന്റണില്‍ ഉയരങ്ങള്‍ കീഴടക്കിയത് . 2013 ല്‍ അര്‍ജുന അവാര്‍ഡ് നേടിയ സിന്ധുവിനെ 2015 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു . 

ഇതോടെ ഇന്ത്യ മെഡല്‍പ്പട്ടികയില്‍ 61- ആം സ്ഥാനത്തെത്തി . 35 സ്വര്‍ണ്ണമടക്കം 100 മെഡലുകള്‍ തികച്ച അമേരിക്ക റിയോയില്‍ കുതിപ്പ് തുടരുകയാണ് .