• 19 Oct 2018
  • 01: 29 PM
Latest News arrow

''വാതിലില്‍ ഒരു മുട്ടു കേള്‍ക്കുമ്പോള്‍ വെടിയൊച്ചയാണെന്ന് കരുതി ഞങ്ങളുടെ കുട്ടികള്‍ ഭയന്നുവിറയ്ക്കുകയാണ്''

1971ല്‍ ഇന്ത്യ-പാക് യുദ്ധമുണ്ടായ അവസരത്തില്‍ അനുഭവപ്പെട്ട അരക്ഷിതാവസ്ഥയേക്കാള്‍ മോശപ്പെട്ട അവസ്ഥയിലാണ് ഇന്ത്യ-പാക് അന്താരാഷ്ട്ര അതിര്‍ത്തിയിലെ ഗ്രാമവാസികള്‍. തങ്ങളാണ് ഇന്ത്യ-പാക് വൈരത്തിന്റെ പുതിയ ഇരകളെന്ന് ഇവര്‍ പറയുന്നു. 1971ല്‍ രണ്ട് ഷെല്ലുകള്‍ മാത്രമാണ് ഈ ഗ്രാമങ്ങളില്‍ പതിച്ചത്. എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റ് മാസം മുതല്‍ 300 ഓളം ആര്‍ട്ടിലറി ഷെല്ലുകള്‍ ഈ ഗ്രാമങ്ങളുടെ മാറില്‍ തുളകള്‍ വീഴ്ത്തി 170 കുടുംബങ്ങള്‍ അവയുടെ തീവ്രത അനുഭവിച്ചു. 

കശ്മീര്‍ അതിര്‍ത്തിയിലെ ജനവാസമേഖലകള്‍ ലക്ഷ്യമാക്കിയാണ് ഇപ്പോള്‍ പാക് സൈന്യം വെടിവെയ്പ്പും ഷെല്ലിങ്ങും നടത്തുന്നത്. സുചേദ്ഗര്‍, ബദ്രി ഗുലാബ്ഗര്‍, അവ്ദല്‍, കപൂര്‍പൂര്‍, കുഷാല്‍പൂര്‍ തുടങ്ങിയ ഗ്രാമങ്ങള്‍ ശത്രുവിന്റെ ഷെല്‍വര്‍ഷത്തില്‍ മുമ്പൊന്നുമില്ലാത്ത തരത്തില്‍ ഭയന്ന് വിറച്ച് കഴിയുകയാണ്. കഴിഞ്ഞ ശനിയാഴ്ച രജൗരി ജില്ലയിലെ പുഖെര്‍ണിയില്‍ പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ പര്‍വീണ്‍ അക്തര്‍ എന്ന സ്ത്രീ കൊല്ലപ്പെട്ടു. അതിനും രണ്ട് ദിവസം മുമ്പ് പൂഞ്ച് ജില്ലയില്‍ മറ്റൊരു സ്ത്രീയും പാക് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടിരുന്നു. 

ആക്രമണത്തില്‍ പലരുടെയും വീടുകള്‍ തകര്‍ന്നു. വീട്ടിനുള്ളില്‍ കഴിയാന്‍ വയ്യാത്ത അവസ്ഥയാണ്. ശൗചാലയങ്ങളെല്ലാം ഷെല്‍ ആക്രമണത്തില്‍ തകര്‍ന്നതോടെ വെളിയിലാണ് പലരും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. വാതിലില്‍ ഒരു മുട്ട് കേള്‍ക്കുമ്പോള്‍പ്പോലും വെടിയൊച്ചയാണെന്ന് കരുതി ഭയന്നു വിറയ്ക്കുകയാണെന്ന് ഇവിടുത്തെ കുട്ടികളെന്ന് ഗ്രാമവാസികള്‍ പറയുന്നു.

സാധരണ ഗതിയില്‍ പാകിസ്ഥാന്റെ ഭാഗത്തു നിന്ന് നീക്കമുണ്ടാകുമ്പോള്‍ തങ്ങളോട് ഗ്രാമങ്ങളില്‍ നിന്ന് ഒഴിയണമെന്നും സൈന്യത്തിന്റെ ക്യാമ്പുകളിലേക്ക് മാറണമെന്നും മുന്നറിയിപ്പ് നല്‍കാറുണ്ട്. കഴിഞ്ഞ ഓഗസ്റ്റു മുതല്‍ ആരും ഗ്രാമങ്ങള്‍ ഒഴിയാന്‍ ആവശ്യപ്പെട്ടില്ലെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. ഷെല്‍ വര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പും നല്‍കിയില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.