• 18 Dec 2018
  • 05: 56 PM
Latest News arrow

ശബരിമല: ചോറൂണും ചരിത്രവിധിയും

1990ല്‍ ഒരു പത്രത്തില്‍ വന്ന വാര്‍ത്തയാണ് ശബരിമലയെ കോടതി കയറ്റിയത്. ഒരു കൊച്ചുകുഞ്ഞിന്റെ ചോറൂണ് ചടങ്ങ് 28 വര്‍ഷത്തെ നിയമപോരാട്ടത്തിലേക്ക് വഴി തെളിച്ചു. അന്ന് ദേവസ്വം കമ്മീഷണറായിരുന്ന എസ് ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരി മല സന്നിധാനത്ത് വെച്ചാണ് നടന്നത്. ഇത് 1990 ഓഗസ്റ്റ് 19 ലെ ദിനപത്രത്തില്‍ ഫോട്ടോ സഹിതം അച്ചടിച്ചുവന്നു. ഇത് കണ്ട ചങ്ങനാശ്ശേരി സ്വദേശി എസ് മഹേന്ദ്രന്‍ 1990 സെപ്തംബര്‍ 24ന് കേരള ഹൈക്കോടതിയ്ക്ക് പരാതി നല്‍കി. യുവതികള്‍ നിയന്ത്രണമില്ലാതെ ശബരിമലയില്‍ കയറുന്നുവെന്നും ചിലര്‍ക്ക് വിഐപി പരിഗണന നല്‍കുന്നു എന്നുമായിരുന്നു പരാതി.

ഈ പരാതി ജസ്റ്റിസുമാരായ കെ പരിപൂര്‍ണനും കെബി മാരാരും ഭരണഘടനയുടെ 226-ാം അനുച്ഛേദം പ്രകാരം റിട്ട് ഹര്‍ജിയായി പരിഗണിച്ചു. അങ്ങിനെ 1991 ഏപ്രില്‍ 5ന് ശബരിമലയില്‍ പത്തിനും അമ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം നിരോധിച്ചു. 1965ലെ കേരള ഹിന്ദുആരാധനാലയ പ്രവേശനാധികാര ചട്ടത്തിലെ വകുപ്പ് മൂന്ന്(ബി) പ്രകാരമാണ് ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വിധിയില്‍ പ്രസ്താവിച്ചു. ഈ വിധിയെ ചോദ്യം ചെയ്യാന്‍ ആരും തയ്യാറായില്ല. 

തുടര്‍ന്ന് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2006ല്‍ യങ് ലോയേര്‍സ് അസോസിയേഷന്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. ഈ കേസ് ജസ്റ്റിസ് അര്‍ജിത് പര്‍സായത്, ജസ്റ്റിസ് ആര്‍ബി രവീന്ദ്രന്‍ എന്നിങ്ങനെ പല ബെഞ്ചുകളിലൂടെ കയറിയിറങ്ങിപ്പോയി. അവസാനം 2017ല്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചില്‍ കേസെത്തി. ഇതോടെ കേസില്‍ വഴിത്തിരിവ് ഉണ്ടായി. 

കേസില്‍ ഭരണഘടനാ പരമായ ചോദ്യങ്ങളുണ്ടെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതില്‍ പ്രധാനപ്പെട്ട അഞ്ച് ചോദ്യങ്ങളോടെ 2017 ഒക്‌ബോര്‍ 13ന് ജസ്റ്റിസ് ദീപക് മിശ്ര ശബരിമലക്കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടു. ഈ ബെഞ്ച് എട്ട് ദിവസം തുടര്‍ച്ചയായി വാദം കേട്ടു. വാദത്തിന് ശേഷം കഴിഞ്ഞ ഓഗസ്റ്റില്‍ കേസ് വിധി പറയാനായി മാറ്റിവെച്ചു. അങ്ങിനെ സുപ്രീംകോടതിയിലെത്തി പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഇന്ന് ചരിത്ര വിധിയുണ്ടായി. 

28 വര്‍ഷം നീണ്ട നിയമപോരാട്ടത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകളുടെ നിലപാടുകളും കോടതിയില്‍ നിന്നുംപോലും രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 2007ല്‍ അന്നത്തെ വിഎസ് സര്‍ക്കാര്‍ സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാട് സുപ്രീംകോടതിയെ അറിയിച്ചു. തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാരാകട്ടെ ആചാരങ്ങളില്‍ മാറ്റം വരുത്തരുതെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലം നല്‍കി. പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നിലപാട് പിന്‍വലിച്ച് വിഎസിന്റെ കാലത്തെ നിലപാട് സ്വീകരിച്ചു.