• 21 Jul 2018
  • 03: 01 PM
Latest News arrow

ബുദ്ധന്‍ കരയുന്നു

മഹാഭാരതത്തില്‍ കുരു വംശത്തില്‍പ്പെട്ട ശിബി മഹാരാജാവിന്റെ കഥ പറയുന്നുണ്ട്. ധര്‍മ്മനിഷ്ഠയില്‍ അഗ്രഗണ്യനായ ശിബി മഹാരാജാവിനെ പരീക്ഷിക്കാന്‍ ധര്‍മ്മ ദേവനായ യമധര്‍മ്മനും ദേവേന്ദ്രനും തീരുമാനിച്ചു. പ്രാവിന്റെ രൂപം സ്വീകരിച്ച യമധര്‍മ്മന്‍ പരുന്തായി മാറിയ ദേവേന്ദ്രനില്‍ നിന്നും രക്ഷപ്പെടാന്‍ ശിബിയുടെ മടിയില്‍ അഭയം തേടി. തന്റെ ഇരയെ സംരക്ഷിച്ച ശിബിയോട് പ്രാവിന് പകരം ഭക്ഷിക്കാന്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് മാംസം തരാന്‍ പരുന്ത് ആവശ്യപ്പെട്ടു. ആശ്രിതനെ സംരക്ഷിക്കാന്‍ തന്റെ രണ്ട് തുടകളിലെയും മാംസം നല്‍കിയിട്ടും പോരാതെ വന്നതോടെ രാജാവ് സ്വയം പരുന്തിന്റെ ഇരയായി തീരാന്‍ തീരുമാനിച്ചു. ഇതോടെ യമധര്‍മ്മനും ദേവേന്ദ്രനും സ്വന്തം രൂപത്തില്‍ പ്രത്യക്ഷപ്പെടുകയും ശിബിയെ ധാരാളമായി അനുഗ്രഹിച്ചുവെന്നുമാണ് കഥ. ഇന്ത്യന്‍ ജനത തങ്ങളുടെ സംസ്‌കാരമായി വാഴ്ത്തിപ്പാടുന്ന ഈ ധര്‍മ്മനിഷ്ഠയ്ക്ക് മുകളില്‍ കരിനിഴല്‍ വീഴുന്ന കാഴ്ചയാണ് നാം ഇപ്പോള്‍ കാണുന്നത്. അഭയം തേടിയെത്തിയ റൊഹിങ്ക്യ മുസ്ലീംകളെ ആട്ടിപ്പായിക്കുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ സംസ്‌കാരം മറന്നാലും ചരിത്രവും മനുഷ്യത്വവും മറക്കാതിരിക്കേണ്ടതാണ്.

ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയ ഒരു പൂര്‍വ്വകാലവും ഇന്ത്യയ്ക്കുണ്ട്. ചൈന ടിബറ്റിനെ ആക്രമിച്ചപ്പോള്‍ ഓടി രക്ഷപ്പെട്ടെത്തിയവര്‍ക്ക് അഭയം നല്‍കിയ ഇന്ത്യയാണ് മ്യാന്‍മറില്‍ ബുദ്ധിസ്റ്റ് തീവ്രവാദികളും സര്‍ക്കാര്‍ പട്ടാളവും നടത്തുന്ന വംശശുദ്ധീകരണത്തില്‍ നിന്നും രക്ഷപ്പെട്ട് ജീവനും ജീവിതത്തിനുമായി ഇന്ത്യയില്‍ അഭയം തേടിയെത്തിയവരെ ആട്ടിപ്പായിക്കാനൊരുങ്ങുന്നത്. ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ ഇപ്പോഴും ധര്‍മ്മശാലയിലെ മെക്ലൗഡ് ഗഞ്ചില്‍ സുരക്ഷിതമായി കഴിയുകയാണ്. റൊഹിങ്ക്യന്‍ മുസ്ലീംകളെയാകട്ടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന വാദമുയര്‍ത്തി മോദി സര്‍ക്കാര്‍ ആട്ടിപ്പായിക്കുന്നു.

എട്ടാം നൂറ്റാണ്ടു മുതല്‍ ബംഗ്ലാദേശില്‍ നിന്നും കുറേശ്ശെ കുറേശ്ശെയായി ബര്‍മ്മയിലേക്ക് കുടിയേറിയവരാണ് റൊഹിങ്ക്യ മുസ്ലീംകള്‍. 1940 കള്‍ മുതല്‍ ഇവര്‍ക്ക് നേരെയുള്ള ആക്രമണം ബുദ്ധ വര്‍ഗ്ഗീയവാദികള്‍ ആരംഭിച്ചു. അന്ന് ലക്ഷക്കണക്കിന് റൊഹിങ്ക്യ മുസ്ലീംകള്‍ ജീവനും കൊണ്ട് പലായനം ചെയ്തു. തുടര്‍ന്ന് സ്ഥിതി കുറച്ച് ശാന്തമായെങ്കിലും 78ല്‍ വീണ്ടും അക്രമം രൂക്ഷമായി. റൊഹിങ്ക്യ മുസ്ലീംകള്‍ തങ്ങളുടെ പൗരന്‍മാരല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് 1982ല്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ നിയമം നിര്‍മ്മിച്ചതോടെ റൊഹിങ്ക്യ മുസ്ലീംകളുടെ എല്ലാ ചെറുത്ത് നില്‍പ്പും അവസാനിച്ചു. വംശശുദ്ധീകരണം നടത്താന്‍ മ്യാന്‍മറിലെ തീവ്രബുദ്ധമത വിശ്വാസികള്‍ ആയുധമേന്തിയിറങ്ങിയപ്പോള്‍ ലോകമനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതകള്‍ക്ക് പട്ടാളഭരണകൂടവും പിന്തുണ നല്‍കി. ബോട്ടിലും മറ്റുമാക്കി റൊഹിങ്ക്യന്‍ മുസ്ലീംകളെ കൂട്ടത്തോടെ പുറങ്കടലില്‍ തള്ളുകയാണ്. 

മ്യാന്‍മാര്‍ ബുദ്ധമത വിശ്വാസികളുടേതാണെന്നും മറ്റുള്ളവരെല്ലാം കുടിയേറ്റക്കാരാണെന്നും പറഞ്ഞ് അവരുടെ പൗരത്വം എടുത്തുകളഞ്ഞതോടെ തീവ്രമതദേശീയ വാദികള്‍ക്ക് ലഭിച്ചത് നിഷ്ഠൂരമായ ക്രൂരത അഴിച്ചുവിടാനുള്ള ലൈസന്‍സാണ്. മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങളുള്ളതിനാല്‍ ഭരണകൂടത്തിന്റെയും തീവ്രമതവിശ്വാസികളുടെയും കിരാതകൃത്യങ്ങളുടെ കഥകള്‍ പലതും പുറംലോകം അറിയാതെ പോയി. അവസാനം റൊഹിങ്ക്യ മുസ്ലീംകള്‍ കൂട്ടത്തോടെ പലായനം ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ ലോകം അറിഞ്ഞത്.

എന്നാല്‍ ബുദ്ധമതം മ്യാന്‍മറിലെത്തുന്നത് പത്താം നൂറ്റാണ്ടിലും. അതായത് ബുദ്ധമതം മ്യാന്‍മറില്‍ വരുന്നതിന് മുമ്പേ ഇസ്ലാം മതം അവിടെയുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ തങ്ങളുടെ ദേശക്കാരല്ലെന്നും മ്യാന്‍മര്‍ ബുദ്ധമതക്കാര്‍ക്ക് മാത്രമുള്ളതാണെന്നും സ്ഥാപിച്ചെടുക്കുകയാണ് ഇക്കൂട്ടര്‍. തികച്ചും മനുഷ്യരഹിതമായ ഈ നിലപാടിന് മ്യാന്‍മറിലെ പട്ടാള ഭരണകൂടവും സമാധാനത്തിന് നൊബേല്‍ സമ്മാനം ലഭിച്ച ഓങ് സാങ് സൂചിയും പിന്തുണ നല്‍കുന്നു.

ഹിറ്റ്‌ലര്‍ ജൂതന്‍മാരുടെ നേരെ നടത്തിയ വംശശുദ്ധീകരണത്തിന്റെ മറ്റൊരു രൂപമാണ് മ്യാന്‍മറിലും നടക്കുന്നത്. ജൂതന്‍മാര്‍ തങ്ങളുടെ പൗരന്‍മാരല്ലെന്ന നിയമം കൊണ്ടുവന്നാണ് ഹിറ്റ്‌ലര്‍ വംശശുദ്ധീകരണം നടത്തിയത്. മ്യാന്‍മറിലെ പട്ടാളഭരണകൂടവും തീവ്രബുദ്ധമത വിശ്വാസികളും പിന്തുടരുന്നതും ഇതേ പാതയാണ്. മതം, ഭാഷ, വംശം എന്നിവയുടെ പേരില്‍ അക്രമം അഴിച്ചുവിടുകയും അവരെ കൊന്നുതള്ളുകയും ചെയ്യുന്നത് ഏത് വിധേനെയും എതിര്‍ക്കപ്പെടേണ്ടതാണ്.

എല്ലാ ജനസമൂഹത്തിലും എന്നപോലെ റൊഹിങ്ക്യന്‍ മുസ്ലീംകളുടെ ഇടയിലും വര്‍ഗീയവാദികളും മുസ്ലീം സ്വത്വവാദികളുമുണ്ട്. ഇവര്‍ മ്യാന്‍മറിനെ മുസ്ലീം രാഷ്ട്രമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടോയെന്നുള്ള സംശയമാണ് പ്രധാനമായും ഇത്ര വലിയ മനുഷ്യാവകാശധ്വംസനത്തിലേക്ക് നയിച്ചത്. അതില്‍ സത്യമുണ്ടെങ്കില്‍ത്തന്നെയും ചെറിയൊരു ശതമാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു സമൂഹം മുഴുവന്‍ ശിക്ഷിക്കപ്പെടുന്നത് അംഗീകരിക്കാന്‍ കഴിയില്ല. 

ഇന്ത്യ-ബംഗ്ലാദേശ് വിഭജനത്തിന് മുമ്പാണ് റൊഹിങ്ക്യ മുസ്ലീംകള്‍ ബര്‍മ്മയിലേക്ക് കുടിയേറുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ വേരുള്ള ഇവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കൂടി ഇരു സര്‍ക്കാരുകള്‍ക്കുമുണ്ട്. 1951ലെ യുഎന്‍ കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ചിട്ടില്ലെങ്കിലും ആ തത്വങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യയില്‍ തന്നെയും മുസ്ലീംകളും മറ്റ് ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ അഭയം തേടിയെത്തിയ മുസ്ലീംകള്‍ക്ക് എങ്ങിനെ, ആര് സംരക്ഷണം നല്‍കും?

തന്നോടൊപ്പം തെരഞ്ഞെടുപ്പില്‍ സജീവമായ ഒരു ജനത അതിക്രൂരമായി ആക്രമിക്കപ്പെടുമ്പോള്‍ ഭീരുവിനെപ്പോലെ മൗനം അവലംബിക്കുന്ന ഓങ് സാങ് സൂചിയുടെ നിലപാടിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. എന്നിട്ട് പോലും തന്റെ നിലപാട് മാറ്റാന്‍ സമാധാന നൊബേല്‍ ജേതാവ് തയ്യാറായിട്ടില്ല. മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കുന്നുവെന്നും എ്‌നാല്‍ രാഖിനില്‍ പട്ടാളം മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുവെന്നത് ശരിയല്ലെന്നുമായിരുന്നു ഓങ് സാങ് സൂചി പറഞ്ഞത്. ബംഗ്ലാദേശിലേക്ക് പലായനം ചെയ്തവരുടെ രേഖകള്‍ പരിശോധിക്കാനും അവര്‍ തയ്യാറണത്രെ. എന്നാല്‍ പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്ത ആ മനുഷ്യര്‍ എന്ത് രേഖകളാണ് ഹാജരാക്കേണ്ടത്? സമാധാനമാണ് തന്റെ ഭരണലക്ഷ്യമെന്ന് പ്രഖ്യാപിച്ച സൂചി, ഹിറ്റ്‌ലറുടെ പാത പിന്തുടരുകയല്ലേയെന്ന് സംശയിക്കേണ്ടി വരുന്നു. പട്ടാളം തങ്ങളെ മാനഭംഗപ്പെടുത്തിയെന്ന സ്ത്രീകളുടെ പരാതിയെ കള്ളമാനഭംഗങ്ങള്‍ എന്നുവരെ വിശേഷിപ്പിച്ച ഓങ് സാങ് സൂചി, ലേഡി ഹിറ്റ്‌ലറാകില്ലെന്ന് പ്രതീക്ഷിക്കാം.