• 10 Jun 2023
  • 05: 30 PM
Latest News arrow

റിയോ ഒളിംപിക്‌സ് : ഹോക്കിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം ; മറ്റെല്ലാ ഇനങ്ങളിലും ഇന്ത്യന്‍ തുടക്കം പിഴച്ചു

ടെന്നീസില്‍ സാനിയ-പ്രാര്‍ഥന സഖ്യം പുറത്തായതും ഇന്ത്യയ്ക്ക് തിരിച്ചടി

റിയോ ഡി ജനീറോ: പുരുഷ ഹോക്കിയില്‍ ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ അയര്‍ലന്‍ഡിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ച് ഇന്ത്യ റിയോയില്‍ സാന്നിദ്ധ്യമറിയിച്ചു .രൂപീന്ദര്‍പാല്‍ സിംഗ് ഇന്ത്യക്കായി ഇരട്ട ഗോള്‍ നേടി. എന്നാല്‍ മറ്റെല്ലാ മത്സരങ്ങളിലും ആദ്യദിനം നിരാശയുടേതായിരുന്നു. 

മലയാളി താരം പി.ആര്‍ ശ്രീജേഷ് ഇന്ത്യന്‍ ഗോള്‍വല കാത്ത മത്സരത്തില്‍ സര്‍ദാര്‍ സിംഗിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ടീം കളത്തിലിറങ്ങിയത്. രഘുനാഥ് വൊക്കലിഗയാണ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. കളി തീരാന്‍ രണ്ട് മിനിറ്റ് ബാക്കി നില്‍ക്കെ ഇന്ത്യന്‍ താരം രമണ്‍ദീര്‍  മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് ഇന്ത്യ മത്സരം പൂര്‍ത്തിയാക്കിയത് . ഇതോടെ  മൂന്ന് പോയിന്റുമായി ഇന്ത്യ ഗ്രൂപ്പ് ബിയില്‍ ഒന്നാമതെത്തി. ജര്‍മനിക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ടെന്നീസില്‍ സാനിയ-പ്രാര്‍ഥന സഖ്യം പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ചൈനയുടെ ഷുവായി പെങ്ഷുവായി സാങ് സഖ്യത്തോട് ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് (6-7, 7-5, 5-7) സാനിയ-പ്രാര്‍ഥന സഖ്യം പരാജയപ്പെട്ടത്. ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു ടെന്നീസില്‍ ഇന്ത്യയ്ക്ക് .

നേരത്തെ ഇന്ത്യയുടെ ലിയാണ്ടര്‍ പേയ്‌സ്‌-രോഹന്‍ ബൊപ്പണ്ണ സഖ്യവും പോളിഷ് ജോഡിയായ ലൂക്കാസ് കുബോട്ട-മാര്‍സിന്‍ മറ്റകോവ്‌സ്‌ക്കി സഖ്യത്തോട് നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്ക് ( 4-6, 6-7) പരാജയപ്പെട്ട് പുറത്തായിരുന്നു.  ഇനി മിക്‌സഡ് ഡബിള്‍സില്‍ ബൊപ്പണ്ണ-സാനിയ സഖ്യത്തില്‍ മാത്രമാണ് ടെന്നീസില്‍ ഇന്ത്യന്‍ പ്രതീക്ഷ.

പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷകളായ സൗമ്യജിത്ത് ഘോഷും ശരത്ത് കമാലും, വനിത വിഭാഗത്തില്‍ മൗമ ദാസും മോണിക ബത്രയും ആദ്യ റൗണ്ടില്‍തന്നെ പുറത്തായതും  ഇന്ത്യയ്ക്ക് നിരാശ സമ്മാനിച്ചിരുന്നു.

മറ്റൊരു മത്സരത്തില്‍ 48 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യന്‍ താരം മിരാബായി ചാനുവും മെഡല്‍ നേടാതെ പുറത്തായി, 

ഒളിമ്പിക് ഷൂട്ടിങിലും ഇന്ത്യയ്ക്ക് നിരാശയായിരുന്നു. ഫൈനല്‍ റൗണ്ടില്‍ ജിത്തു റായ് പുറത്തായി .10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഫൈനല്‍ റൗണ്ടില്‍ ഏറ്റവും പിന്നില്‍ എട്ടാം സ്ഥാനത്താണ് ജിത്തു റായ് ഫിനിഷ് ചെയ്തത്, ഇതേ വിഭാഗത്തില്‍ മത്സരിച്ച ഇന്ത്യന്‍ താരം ഗുര്‍പ്രീത് സിങ് യോഗ്യത റൗണ്ടില്‍തന്നെ പുറത്തായിരുന്നു.

ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തിയ   വനിത വിഭാഗം അമ്പെയ്ത്തിലും  ഇന്ത്യയ്ക്ക് നിരാശയായിരുന്നു ഫലം.  വനിത റാങ്കിങ് റൗണ്ട് വിഭാഗത്തില്‍ ദീപിക കുമാരി 640 പോയന്റോടെ ഇരുപതാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്. മറ്റു താരങ്ങളായ ബോംബെയ്‌ല ദേവി ലെയ്ഷറാമിന്  24 ആം സ്ഥാനത്തും ലക്ഷ്മിറാണി മാഞ്ചിക്ക് 43ആം  സ്ഥാനത്തും ഫിനിഷ് ചെയ്യാനെ സാധിച്ചുള്ളു. ടീമിനത്തില്‍ 1892 പോയന്റുമായി ഇന്ത്യ ഏഴാം സ്ഥാനത്തുമാണ്.

 

അതെസമയം ,റോവിങ് പുരുഷ സിംഗിള്‍സില്‍ ദത്തു ബാബന്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത് ഇന്ത്യന്‍ ക്യാമ്പിന് ഉണര്‍വ്വേകിയിട്ടുണ്ട്. ആദ്യ ഹീറ്റ്‌സില്‍ മൂന്നാം സ്ഥാനത്ത് മത്സരം പൂര്‍ത്തിയാക്കിയാണ് ദത്തു ക്വാര്‍ട്ടറില്‍ കടന്നത്. രണ്ട് കിലോമീറ്റര്‍ ദൂരം ഏഴ് മിനിറ്റും 21.67 സെക്കന്‍ഡുമെടുത്താണ് ദത്തു പൂര്‍ത്തിയാക്കിയത്.