• 08 Jun 2023
  • 05: 07 PM
Latest News arrow

ഒളിംപിക്‌സ് : പുരുഷഫുട്ബോളിൽ അട്ടിമറികൾ ; വമ്പൻമാർക്ക് നിരാശ

നിരവധി ഗോളവസരങ്ങൾ പാഴാക്കിയ ബ്രസീലിനെ മത്സരശേഷം കാണികള്‍ കൂവി

റിയോ ഡി ജനീറോ: ഒളിംപിക്‌സിന്റെ ഔദ്യോഗിക ഉദ്‌ഘാടനച്ചടങ്ങുകൾ ഇന്ത്യൻ സമയം നാളെ പുലർച്ചെ 4 .30 ന് തുടങ്ങാനിരിക്കേ ആദ്യറൗണ്ട് ഫുട്ബോൾ മത്സരങ്ങൾ തുടരുകയാണ്. വനിതാ ഫുട്‍ബോളിനു പിറകെ ,  പുരുഷ ഫുട്‌ബോൾ  തുടങ്ങി. എന്നാൽ  ആരവമുയർത്തി വന്ന വമ്പന്‍ ടീമുകള്‍ക്ക്  നിരാശാജനകമായ തുടക്കമാണ് മുന്നിലുണ്ടായിരുന്നത് . അര്‍ജന്റീന എതിരില്ലാത്ത രണ്ട് ഗോളിന് പോര്‍ച്ചുഗലിനോട് പരാജയപ്പെടുകയും  ദക്ഷിണാഫ്രിക്കക്കെതിരെ നെയ്മറിന്റെ  നേതൃത്വത്തിലിറങ്ങിയ ആതിഥേയരായ  ബ്രസീല്‍ ഗോൾരഹിത സമനില കൊണ്ട് തൃപ്തിപ്പെടുകയും ചെയ്തു.  ജര്‍മ്മനിയും  മെക്‌സിക്കോയോട് സമനില പാലിച്ചു(2 -2). നേരത്തെ ഗ്രൂപ്പ് എയിലെ ഇറാഖ് -ഡെന്‍മാര്‍ക്ക്  മല്‍സരവും  ഗോള്‍രഹിത സമനിലയിലായിരുന്നു. 

ഗ്രൂപ് ഡിയിലെ  പോരാട്ടത്തില്‍ ഹോണ്ടുറാസ് 3-2ന് അള്‍ജീരിയയെ തോല്‍പിച്ചു.  സ്വീഡന്‍-കൊളംബിയ മല്‍സരം 2-2ന് സമനിലയില്‍ പിരിഞ്ഞു . അതെ സമയം , ഗ്രൂപ്പ് സിയിലെ രണ്ടാം മല്‍സരത്തില്‍ ഫിജിയെ എട്ടു ഗോളിനാണ് ദക്ഷിണ കൊറിയ കെട്ടുകെട്ടിച്ചത് . 

നിരവധി ഗോളവസരങ്ങൾ  പാഴാക്കിയ ബ്രസീലിനെ മത്സരശേഷം കാണികള്‍ കൂവിവിളിച്ചാണ് യാത്രയാക്കിയത്.