ഇനി കണ്ണും കാതും റിയോയിലേക്ക് ; ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കം

റിയോ ഡി ജനീറോ: നാലുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. ഇനി കണ്ണും കാതും അങ്ങ് ബ്രസീലിലെ റയോ ഡി ജെനെറോയില്‍ . ഒളിംപിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച്ചയാണെങ്കിലും മത്സരങ്ങള്‍ ഇന്ന് തുടങ്ങി. വനിതാ ഫുട്‌ബോളിലെ ആദ്യ റൗണ്ട് മത്സരങ്ങളാണ് ഇന്ന് തുടങ്ങിയത് . ബ്രസീലിയന്‍ വനിതകള്‍ ചൈനയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. അമേരിക്ക എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ന്യൂസിലാന്‍ഡിനെയും തോല്‍പ്പിച്ചു.
പുരുഷന്മാരുടെ ഫുട്‌ബോള്‍ മത്സരങ്ങള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ആരംഭിക്കും. ഇറാഖും ഡെന്‍മാര്‍ക്കും തമ്മിലാണ് ആദ്യത്തെ മത്സരം. ആതിഥേയരായ ബ്രസീല്‍, അര്‍ജന്റീന, പോര്‍ച്ചുഗല്‍ എന്നിവരും വെള്ളിയാഴ്ച ഇറങ്ങും. ഇന്ത്യന്‍ സമയം പന്ത്രണ്ടരക്കാണ് ബ്രസീല്‍ ദക്ഷിണാഫ്രിക്ക മത്സരം .സൂപ്പര്‍ താരം നെയ്മര്‍ ആണ് ബ്രസീല്‍ ടീമിനെ നയിക്കുന്നത് . തുടര്‍ന്ന് അര്‍ജന്റീന പോര്‍ച്ചുഗല്‍ മത്സരവും നടക്കും.
ഒളിംപിക്‌സില്‍ പുരുഷഫുട്‌ബോള്‍ ടീമില്‍ 23 വയസിന് താഴെയുള്ളവരേയെ പരിഗണിക്കൂ . 23 വയസിന് മുകളിലുള്ള 3 താരങ്ങള്‍ക്കും കളിക്കാം. അതിനാല്‍ പ്രമുഖ താരങ്ങള്‍ ഒളിംപിക്‌സിനുണ്ടാകില്ല. എന്നാല്‍ വനിതാ ഫുട്‌ബോളില്‍ ഈ നിയന്ത്രണങ്ങളില്ല.16 ടീമുകളാണ് പുരുഷവിഭാഗത്തില്‍ മത്സരിക്കുക. വനിതാവിഭാഗത്തില്‍ 12 ടീമുകള്‍ മത്സരരംഗത്തുണ്ട്.
ഇന്ത്യന്‍ സമയം മറ്റന്നാള്‍ പുലര്‍ച്ചെ 4.30 നാണ് ( ബ്രസീല്‍ സമയം നാളെ രാത്രി എട്ടിന്) ഒളിംപിക് ദീപം ജ്വലിക്കുക. മൂന്നു മണിക്കൂര്‍ നീളുന്ന ഉദ്ഘാടനച്ചടങ്ങുകളാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. മാരക്കാന സ്റ്റേഡിയത്തില്‍ ലോകമെങ്ങുമുള്ള കായികപ്രേമികളെ കാത്തിരിക്കുന്നത് വിസ്മയക്കാഴ്ചകളാണ്. ആഭ്യന്തരപ്രശ്‌നങ്ങളുടെയും തീവ്രവാദഭീഷണികളുടെയും പശ്ചാത്തലത്തില്‍ പഴുതടച്ചുള്ള കര്‍ശനമായ സുരക്ഷാക്രമീകരണങ്ങളാണ് റയോ ഒളിംപിക്‌സിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്.