• 17 Jan 2019
  • 09: 54 PM
Latest News arrow

നാട്ടുകാര്‍ക്ക് രക്തരക്ഷസ്, ലോകത്തിന് ആര്‍ത്തവ മനുഷ്യന്‍

ഇപ്പോള്‍ മുരുഗാനന്ദത്തിനെ ഭാര്യയ്ക്ക് വല്ലപ്പോഴും മാത്രമാണ് അദ്ദേഹത്തെ കാണാന്‍ സാധിക്കുന്നത്. പത്രങ്ങള്‍ക്കും ടിവി ചാനലുകള്‍ക്കും റേഡിയോയിലുമെല്ലാം അഭിമുഖം നല്‍കുന്നതിന്റെ തിരക്കിലാണ് അദ്ദേഹം. മുരുഗാനന്ദത്തിന്റെ ഫോണ്‍ എപ്പോഴും അടിച്ചുകൊണ്ടിരിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട യാത്രകളിലാണ് മകള്‍ക്ക് അച്ഛനെ കാണാന്‍ കഴിയുക. ആ യാത്രകളില്‍ അദ്ദേഹം മകളെയും ഒപ്പം കൂട്ടും. ഭാര്യയ്ക്ക് ഭര്‍ത്താവിനെ കാണണമെങ്കില്‍ അപ്പോയിന്റ്‌മെന്റ് എടുക്കേണ്ട അവസ്ഥ.

പറഞ്ഞു വരുന്നത് ആദ്യമായി സാനിറ്ററി നാപ്കിന്‍ ധരിച്ച പുരുഷനെക്കുറിച്ചാണ്. പാഡ്മാനെക്കുറിച്ചാണ്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതം തന്നെ മാറ്റി മറിച്ച ആര്‍ത്തവ മനുഷ്യനെക്കുറിച്ചാണ്.

അക്ഷയ് കുമാര്‍ നായകനായ ബോളിവുഡ്  മൂവി പാഡ് മാന്‍ കണ്ടിട്ടാണ് ലോകം മുരുഗാനന്ദനെ പിന്നാലെ കൂടിയത്. പക്ഷേ തനിക്ക് വന്നു ചേര്‍ന്ന പ്രശസ്തിയിലൊന്നും ഈ പാഡ്മാന് താല്‍പ്പര്യമില്ല. ''എന്റെ ജോലി ഇപ്പോഴും പഴയതു തന്നെയാണ്. ഒരു മാറ്റവുമില്ല. അടുത്ത ദിവസം ഞാന്‍ അകലെയുള്ള ഒരു കുഗ്രാമത്തിലേക്ക് എന്റെ മെഷീനുമായി പോവും. അവിടെ ആരും തന്നെ എന്നെ തിരിച്ചറിയില്ല. ഒന്നും മാറിയിട്ടില്ല. ഒന്നും മാറുകയുമില്ല.'' തന്റെ വാടകവീട്ടിലെ ലിവിങ് റൂമിലിരുന്ന് മുരുഗാനന്ദം പറഞ്ഞു.

മുരുഗാനന്ദത്തിന് ഉറപ്പുണ്ട് അടുത്ത മുപ്പത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ എല്ലാ മുക്കിലും മൂലയിലുമുള്ള സ്ത്രീകള്‍ സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കുമെന്ന്. അതിന് വേണ്ടിയുള്ള പരിശ്രമത്തിലാണ് ഈ പാഡ്മാന്‍. എന്നാല്‍ തന്റെ ലക്ഷ്യം നേടിയെടുക്കുക അത്ര എളുപ്പമല്ലെന്ന് മറ്റാരേക്കാളും നന്നായി അദ്ദേഹത്തിനറിയാം. ഒറ്റക്കൈയില്‍ ഒരു ചുറ്റിക ഉപയോഗിച്ച് വലിയൊരു മല ഇടിച്ചു നിരത്തുന്നതുപോലെയാണ് ഇത്. 

1990കളിലാണ് മുരുഗാനന്ദത്തിന്റെ ജീവിതം മാറി മറിഞ്ഞത്. ആര്‍ത്തവ സമയത്ത് തന്റെ ഭാര്യ ന്യൂസ് പേപ്പറും വൃത്തികെട്ട തുണികളും ഉപയോഗിക്കുന്നത് മുരുഗാനന്ദനെ ഞെട്ടിപ്പിച്ചു. തുടര്‍ന്ന് കുറഞ്ഞ ചെലവില്‍ സാനിറ്ററി നാപ്കിന്‍ നിര്‍മ്മിക്കുക എന്നത് മാത്രമായി അരുണാചലം മുരുഗാനന്ദത്തിന്റെ ലക്ഷ്യം. 

ഇതിനായി ഗവേഷണം നടത്തുന്ന സമയത്തെല്ലാം ഗ്രാമവാസികളുടെ പരിഹാസത്തിന് ഇരയാകുമായിരുന്നു അദ്ദേഹം. തന്നെ ആളുകള്‍ ഒരു രക്തരക്ഷസായിട്ടാണ് കരുതിയിരുന്നതെന്ന് അദ്ദേഹം ചിരിയോടെ ഓര്‍ക്കുന്നു. അവസാനം എല്ലാവരും ചേര്‍ന്ന് മരത്തില്‍ കെട്ടിയിടുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. 

അദ്ദേഹത്തിന്റെ ആദ്യ പരീക്ഷണങ്ങള്‍ പരാജയമായിരുന്നു. ഇതോടെ ഗിനിപ്പന്നികളായി നിന്നുകൊടുക്കുന്നതില്‍ നിന്ന് ഭാര്യയും സഹോദരിയും പിന്‍മാറി. തന്റെ പാഡ് ഉപയോഗിച്ച് നോക്കണമെന്ന അപേക്ഷ ഗ്രാമത്തിലെ മറ്റു സ്ത്രീകളും നിരസിച്ചതോടെ സ്വയം പരീക്ഷിക്കാന്‍ തന്നെ മുരുഗാനന്ദം തീരുമാനിച്ചു. 

ഇതിനായി ഫുട്‌ബോള്‍ ബ്ലാഡറുകൊണ്ട് മെഷീന്‍ പോലെയൊന്ന് ഉണ്ടാക്കി അതില്‍ മൃഗങ്ങളുടെ രക്തം നിറച്ചു. തുടര്‍ന്ന് സ്വയം ശരീരത്തില്‍ ധരിച്ച് അതില്‍ നിന്നും ഷഡ്ഡിയില്‍ ഒട്ടിച്ച സാനിറ്ററി പാഡിലേക്ക് രക്തം വീഴ്ത്തി. ഇതോടെ നാട്ടുകാരുടെ പരിഹാസ പാത്രമായി ഈ ഭ്രാന്തന്‍ ശാസ്ത്രജ്ഞന്‍. ഭാര്യയും കുറേക്കാലത്തേയ്ക്ക് അദ്ദേഹത്തെ വിട്ടുപോയി.

രണ്ട് വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കും പരാജയങ്ങള്‍ക്കുമൊടുവില്‍ മരങ്ങളില്‍ കാണുന്ന സെല്ലുലോസ് എന്ന പദാര്‍ത്ഥത്തില്‍ നിന്നാണ് സാനിറ്ററി പാഡുകള്‍ നിര്‍മ്മിക്കുന്നതെന്ന് മുരുഗാനന്ദം കണ്ടെത്തി. മാത്രമല്ല ഈ പള്‍പ്പ് നാപ്കിനായി മാറ്റുന്ന യന്ത്രത്തിന് ലക്ഷക്കണക്കിന് രൂപയാകുമെന്നും തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് സ്വന്തമായി യന്ത്രം നിര്‍മ്മിക്കുക എന്ന തീരുമാനം മുരുഗാനന്ദം എടുത്തത്. നാല് വര്‍ഷത്തെ അശ്രാന്ത പരിശ്രമത്തിനൊടുവില്‍ ആ ലക്ഷ്യവും മുരുഗാനന്ദന്‍ സാധിച്ചെടുത്തു. വ്യാവസായിക അടിസ്ഥാനത്തില്‍ പാഡ് നിര്‍മ്മിക്കുന്ന യന്ത്രത്തേക്കാള്‍ മൂന്നിരട്ടി കുറഞ്ഞ നിരക്കില്‍ പാഡ് നിര്‍മ്മിക്കുന്ന യന്ത്രമാണ് മുരുഗാനന്ദം വികസിപ്പിച്ചത്. യന്ത്രത്തിന് ഏകദേശം 75,000 രൂപയേ ചെലവു വന്നുള്ളൂ.

അങ്ങിനെ അര്‍ഹിച്ച അംഗീകാരം അദ്ദേഹത്തെ തേടിയെത്തി. മുരുഗാനന്ദത്തിന്റെ കണ്ടുപിടുത്തത്തിന് 2006ല്‍ അന്നത്തെ രാഷ്ട്രപതി പ്രതിഭാ പട്ടീല്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. 

ഇന്ത്യയില്‍ 4800 സ്ഥലങ്ങളിലും ഇന്ത്യയ്ക്ക് പുറത്ത് 29 രാജ്യങ്ങളിലും ഇന്ന് മുരുഗാനന്ദത്തിന്റെ യന്ത്രം പ്രവര്‍ത്തിക്കുന്നു. ഹീബ്രുവടക്കമുള്ള നിരവധി വിദേശഭാഷകളില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ വന്നു. ഇപ്പോള്‍ സിനിമയും

അക്ഷയ് കുമാര്‍, രാധിക ആപ്‌തെ, സോനം കപൂര്‍ എന്നിവര്‍ അഭിനയിച്ച് ആര്‍ ബല്‍കി സംവിധാനം ചെയ്ത പാഡ് മാന്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ്. മൂന്ന് വര്‍ഷത്തോളം മുരുഗാനന്ദന്‍ സിനിമയുടെ ഭാഗമായി പ്രവര്‍ത്തിച്ചു. സെറ്റില്‍ തന്റെ മെഷീന്‍ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും സഹായിച്ചു. സിനിമയില്‍ കഥ നടക്കുന്നത് തമിഴ്‌നാട്ടിലല്ല, മധ്യപ്രദേശിലാണ്. സിനിമയ്ക്ക് പാന്‍ ഇന്ത്യ റീച്ച് കിട്ടണമെങ്കില്‍ അങ്ങിനെ വേണമായിരുന്നുവെന്ന് മുരുഗാനന്ദന്‍ പറയുന്നു. തമിഴ് സിനിമാ നിര്‍മ്മാതാക്കള്‍ തന്നെ സമീപിച്ചിരുന്നു. എന്നാല്‍ തന്റെ ലക്ഷ്യ സാക്ഷാത്കാരത്തിന് സിനിമ തമിഴ്‌നാട്ടില്‍ ഒതുങ്ങി നിന്നാല്‍ പോരായിരുന്നു. ഇന്ത്യയുടെ മുക്കിലും മൂലയിലുമുള്ള സ്ത്രീകളെ ബോധവല്‍ക്കരിക്കുക എന്ന ഉദ്ദേശ്യം സിനിമയ്ക്ക് വേണ്ടി കരാറില്‍ ഒപ്പിടുമ്പോള്‍ മുരുഗാനന്ദത്തിനുണ്ടായിരുന്നു. സ്ത്രീകളുടെ ആര്‍ത്തവത്തെക്കുറിച്ച് സംസാരിക്കുന്ന ആദ്യ സിനിമയാണ് പാഡ് മാന്‍. 

മുരഗാനന്ദത്തിന്റെ കീഴില്‍ നിരവധി ജോലിക്കാരും സന്നദ്ധസേവകരുമുണ്ട്. എങ്കിലും ഇപ്പോഴും തന്റെ മെഷീനുമായി മുരുഗാനന്ദം ഗ്രാമങ്ങള്‍ തോറും ചുറ്റി സഞ്ചരിക്കും. സ്ത്രീകളെ സാനിറ്ററി നാപ്കിന്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കും. തീവ്രവാദം പിടിമുറുക്കിയ പ്രദേശങ്ങളിലും മുരുഗാനന്ദം ചെന്നെത്താറുണ്ട്. ആര്‍ത്തവ സമയത്ത് സ്‌കൂളില്‍ പോകാന്‍ കഴിയാതെ വീട്ടിലിരിക്കുന്ന പെണ്‍കുട്ടികളെ ഓരോ ഗ്രാമത്തിലും മുരുഗാനന്ദം കണ്ടുമുട്ടും. അവരെയെല്ലാം അദ്ദേഹം ബോധവല്‍ക്കരിക്കും. അങ്ങിനെ ആ പെണ്‍കുട്ടികള്‍ ധൈര്യത്തോടെ സ്‌കൂളില്‍ പോയിത്തുടങ്ങും. 

തന്റെ പ്രവര്‍ത്തനത്തിന് ഏറ്റവും വലിയ തടസ്സം ആര്‍ത്തവത്തെക്കുറിച്ച് സ്ത്രീകള്‍ക്കിടയില്‍ തന്നെയുള്ള തെറ്റിദ്ധാരണയാണെന്ന് മുരുഗാനന്ദം പറയുന്നു. അവര്‍ക്കൊക്കെ ആര്‍ത്തവം സംബന്ധിച്ച് വിചിത്രമായ ധാരണകളാണുള്ളത്. സാനിറ്ററി നാപ്കിന്‍ ഉപയോഗിച്ചാല്‍ തങ്ങളുടെ കണ്ണുകള്‍ പിഴുതെറിയപ്പെടുമെന്നാണ് നീലഗിരിയിലെ ആദിവാസി ഊരുകളിലെ സ്ത്രീകള്‍ വിശ്വസിക്കുന്നത്. മുരുഗാനന്ദത്തിന്റെ ബോധവല്‍ക്കരണത്തിന് അവസാനം ഫലം കണ്ടു. ഒരു പെണ്‍കുട്ടി രണ്ട് മാസം സാനിറ്ററി നാപ്കിന്‍ ഉപയോഗിച്ചു. അതിന് ശേഷം അവള്‍ അവളുടെ കൂട്ടുകാരികളോട് പറഞ്ഞു. ''നോക്കൂ.. എന്റെ കണ്ണുകള്‍ ഇപ്പോഴും യഥാസ്ഥാനത്ത് തന്നെയുണ്ട്.''