• 17 Jan 2019
  • 09: 45 PM
Latest News arrow

പ്രസന്ന നടക്കുകയാണ്, കൈവേലക്കാരുടെ ജീവിതം പ്രസന്നമാകാന്‍

അസ്തമയമായി. ശിശിരത്തിലെ തണുത്ത കാറ്റ് ശരീരത്തില്‍ കുളിര് കോരിയിട്ടു. കര്‍ണ്ണാടകയില്‍ ബാഗല്‍കോട്ട് ജില്ലയിയിലെ നന്ദവാദകി റോഡിലൂടെ പ്രസന്നയും അനുയായികളും ക്ഷീണമൊന്നും വകവെയ്ക്കാതെ നടന്നു. വയലുകളും അരുവികളും ഗ്രാമങ്ങളും പിന്നിട്ട് നടന്നുപോകുന്ന ഈ സംഘത്തിന്റെ ലക്ഷ്യം കൊട്ടൂരി ക്ഷേത്ര നഗരിയാണ്. നീണ്ടുകിടക്കുന്ന ഒരു പാടശേഖരത്തിന് സമീപമെത്തിയപ്പോള്‍ പ്രസന്ന പെട്ടെന്ന് നിന്നു. എന്നിട്ട് തന്റെ അനുയായികളോട് പറഞ്ഞു. ''എനിക്കു തോന്നുന്നു, ഇപ്പോള്‍ നമ്മുക്ക് കുളിക്കാനുള്ള സമയമാണെന്ന്''. ഇതും പറഞ്ഞ് വസ്ത്രം അഴിച്ചുവെച്ച് അടുത്തുള്ള നളയിലേക്ക് അദ്ദേഹം ഇറങ്ങി. കുളിക്കുന്നതിനിടയില്‍ പ്രസന്ന പറഞ്ഞു. ''ഇത്തരത്തിലുള്ള നടത്തത്തിനിടയില്‍ ഇടയ്ക്കിടയ്ക്ക് ചെറിയ കുളി നല്ലതാണ്. കുരുവി തന്റെ ചിറകുകള്‍ വൃത്തിയാക്കാനിറങ്ങുന്നതുപോലെ ഒന്നു മുങ്ങി നിവരുക.''  

സന്നദ്ധസേവകനും നാടക പ്രവര്‍ത്തകനുമായ പ്രസന്നയുടെ ഈ നടത്തം ഒരു ലക്ഷ്യത്തിന് വേണ്ടിയാണ്. കൈവേലക്കാരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉചിതമായ വില കിട്ടുക. അവരുടെ ജീവിതം അന്തസുള്ളതാക്കുക. 300 കിലോമീറ്റര്‍ ദൂരം താണ്ടുന്ന ഈ പദയാത്ര ആരംഭിച്ചത് ജനുവരി 30ന് യാദ്ഗിര്‍ ജില്ലയിലെ കൊടേക്കലിലായിരുന്നു. ഫെബ്രുവരി 15ന് ബെല്ലാരി ജില്ലയിലെ കൊട്ടൂരുവില്‍ രഥയാത്ര മഹോത്സവ വേളയില്‍ പദയാത്ര സമാപിക്കും. വര്‍ഷം തോറുമുള്ള ഈ ഉത്സവത്തിന് നെയ്ത്തുകാരും കളിമണ്‍പാത്ര നിര്‍മ്മാണക്കാരും കല്‍പ്പണിക്കാരും സ്വര്‍ണ്ണപ്പണിക്കാരും ആശാരിമാരും ഒരുമിച്ചുകൂടി തങ്ങളുടെ കരകൗശല വസ്തുക്കള്‍ വില്‍ക്കാറുണ്ട്.

കൊടേക്കലില്‍ ഈ പദയാത്ര ആരംഭിക്കാന്‍ ഒരു കാരണമുണ്ട്. അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലേ മഹാദേശ്വര കുന്നുകളില്‍ വസിച്ചിരുന്ന മഹാജ്ഞാനിയായ മണ്ടേസ്വാമി, വിശുദ്ധ ബസവന്നയെ കാണുവാന്‍ കുന്നിറങ്ങി വന്നത് കൊടേക്കലിലേക്കായിരുന്നു. കൊടേക്കലിലെ ബസവേശ്വര ക്ഷേത്രം നെയ്ത്തുകാരെയും ആശാരിമാരെയും എപ്പോഴും ആകര്‍ഷിക്കാറുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ മണ്ടേസ്വാമി എഴുതിയ മണ്ടേസ്വാമി കാവ്യത്തില്‍ ജാതിയുടെയും വര്‍ഗ്ഗത്തിന്റെയും പേരിലുള്ള വിവേചനത്തെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. അയിത്ത ജാതിയില്‍ പിറന്ന സ്വാമി കൈവേലക്കാരെ ലോകത്തിന്റെ സൃഷ്ടാക്കള്‍ എന്നാണ് വിശേഷിപ്പിച്ചത്.

മൈസൂരുവിലേക്ക് തിരിച്ചുപോകാന്‍ മണ്ടേസ്വാമി ഉപയോഗിച്ച മാര്‍ഗത്തിലൂടെയാണ് പ്രസവന്നയും അനുയായികളും പദയാത്ര നടത്തുന്നത്. മണ്ടേസ്വാമിയോടും കൊടേക്കല്‍ ബസവന്നയോടുമുള്ള ആദരവ് കൊണ്ട് മാത്രമല്ല, ധാര്‍മ്മിക മൂല്യങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് സാമൂഹ്യ പരിവര്‍ത്തനത്തിന് ഊന്നല്‍ നല്‍കിയ അവരുടെ തത്ത്വശാസ്ത്രവും ഈ വഴിയേ നടക്കാന്‍ പ്രേരിപ്പിച്ചുവെന്ന് പ്രസന്ന പറഞ്ഞു. ''സ്വയം വസ്ത്രങ്ങളും കുടങ്ങളും ഗൃഹോപകരണങ്ങളും നിര്‍മ്മിക്കുന്നയാളുകള്‍ ആശങ്കപ്പെടാന്‍ ഇടയാകരുത്. അവര്‍ സന്തോഷമായിട്ടിരിക്കണം. ഇതിന് സര്‍ക്കാര്‍ ഈ ഉല്‍പ്പന്നങ്ങളുടെ മേല്‍ നികുതി ചുമത്തരുത്. ഉചിതമായ വില അവര്‍ക്ക് ലഭ്യമാക്കുകയും വേണം. ഇതാണ് ഞങ്ങളുടെ ആവശ്യം.'' പ്രസന്ന പറഞ്ഞു.

ഗ്രാമത്തിലെ സ്ത്രീകളെ ഒരുമിച്ച് കൂട്ടി അവരുടെ കൈവേലകള്‍ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ 30 വര്‍ഷങ്ങളായി പ്രസന്ന നടത്തുന്നുണ്ട്. കെത്തറി വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് സഹായം ചെയ്തുകൊടുക്കാന്‍ ചരക എന്ന സഹകരണ സ്ഥാപനവും അവ മാര്‍ക്കറ്റ് ചെയ്യുന്നതിന് ദേശി എന്ന ട്രസ്റ്റും അദ്ദേഹം സ്ഥാപിച്ചു. എട്ട് കോടിയോളം രൂപ വാര്‍ഷിക വരുമാനമുള്ള ഈ ട്രസ്റ്റിന് ബെംഗളൂരുവിലും മൈസൂരിലും ദര്‍വാദി, ഷിമോഗ എന്നിവിടങ്ങളിലും ശാഖകളുണ്ട്.

പദയാത്ര ഓരോ ഗ്രാമങ്ങളിലെത്തുമ്പോഴും പ്രസന്ന അവിടുത്തെ ജനങ്ങളെ ബോധവല്‍ക്കരിക്കും. '' നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉചിതമായ വില കിട്ടിയാല്‍ നിങ്ങള്‍ നഗരങ്ങളിലേക്ക് കുടിയേറുമോ?'' പ്രസന്നയുടെ ഈ ചോദ്യത്തിന് ഗ്രാമവാസികള്‍ ഒറ്റക്കെട്ടായി മറുപടി പറയും.. ''ഇല്ല''

''സൗജന്യമായ വിഭവസമ്പത്ത് ഉപയോഗിച്ചുള്ള ലളിതജീവിതമാണ് ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്. മനുഷ്യന്റെ എല്ലാ സംരഭങ്ങളിലും സുസ്ഥിരത വേണം. ഉപഭോഗവല്‍ക്കരണവും യന്ത്രവല്‍ക്കരണവും സുസ്ഥിരമല്ല. കൈവേലകള്‍ സുസ്ഥരമാണ്. അതാണ് നമ്മുക്ക് ആവശ്യം.'' പ്രസന്ന പറഞ്ഞു. 

പ്രസന്നയുടെ കൂടെ നടക്കാനിറങ്ങിയവരും നിരാലംബരുടെ സേവനത്തിന് ജീവിതം ഉഴിഞ്ഞുവെച്ചവരാണ്. നിരക്ഷരരായ ആളുകള്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ച ദിനേഷ്, മഴവെള്ള സംഭരണത്തില്‍ ബോധവല്‍ക്കരണം നടത്തുന്ന ജാന്‍വി, സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ റേഡിയോ തുടങ്ങിയ ഗിരീഷും കവിതയും മദ്യം നിരോധിക്കുവാനും ഗ്രാമത്തിലെ സംഘങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുവാനും വേണ്ടി പ്രവര്‍ത്തിക്കുന്ന മോക്ഷമ്മ എന്ന ഭൂരഹിതയായ തൊഴിലാളി തുടങ്ങിയവര്‍ പ്രസന്നയോടൊപ്പമുണ്ട്.