• 16 Oct 2019
  • 09: 40 PM
Latest News arrow

കൂടത്തായി കൊലപാതകപരമ്പര അവസാനിക്കുന്നില്ല...? പൊന്നാമറ്റത്തെ രണ്ട് യുവാക്കളുടെ മരണത്തില്‍ ദുരൂഹത

കോഴിക്കോട്: കൂടത്തായി കൊലപാതപരമ്പരയിലേക്ക് കൂടുതല്‍ മരണങ്ങള്‍ കൂടി ചേരുന്നു. ജോളിയുടെ ഭര്‍ത്തൃപിതാവായ ടോം തോമസിന്റെ സഹോദരന്‍മാരുടെ മക്കളുടെ മരണത്തിലാണ് ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നത്. ടോം തോമസിന്റെ ഇളയ സഹോദരന്‍ അഗസ്റ്റിയന്റെ മകന്‍ വിന്‍സെന്റ് 2002 ഓഗസ്റ്റില്‍ തൂങ്ങിമരിച്ചിരുന്നു. മറ്റൊരു സഹോദരന്‍ ഡൊമിനിക്കിന്റെ മകന്‍ സുനീഷ് 2008ല്‍ വാഹനാപകടത്തിലും മരിച്ചു. ഈ രണ്ട് യുവാക്കള്‍ക്കും ജോളിയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നാണ് സംശയമുയരുന്നത്. ഇവരുടെ മരണങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സുനീഷിന്റെ അമ്മ ആവശ്യപ്പെട്ടു.

ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് സുനീഷ് മരിക്കുന്നത്. വാഹനാപകടത്തില്‍ മരിച്ചുവെന്നാണ് തനിക്ക് കിട്ടിയ വിവരമെന്ന് അമ്മ എല്‍സമ്മ പറയുന്നു. മകന്റെ മരണത്തില്‍ അന്നോ പിന്നീടോ സംശയം തോന്നിയിരുന്നില്ല. രണ്ടാഴ്ച കഴിഞ്ഞ് സുനീഷിന്റെ ഡയറി താന്‍ തുറന്നു നോക്കി. അപ്പോള്‍ '' ഞാന്‍ ഒരു ട്രാപ്പില്‍ പെട്ടിരിക്കുകയാണ്'' എന്ന് എഴുതിയിരിക്കുന്നത് കണ്ടു. ഇത്തരമൊരു ട്രാപ്പില്‍ വേറൊരാളും പെടരുത്. വേറൊരാള്‍ക്കും ഈ ഗതി വരരുത് എന്നും ഡയറിയില്‍ എഴുതിയിരുന്നതായും എല്‍സമ്മ പറഞ്ഞു. 

അന്നൊന്നും എന്തുകൊണ്ടാണ് സ്വന്തം മകനിങ്ങനെ എഴുതിയിരുന്നതെന്ന് മനസ്സിലായില്ല. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നതുവരെ ജോളിയെ സംശയിച്ചിട്ടുമില്ല. 

കുടുംബത്തില്‍ ഇത്തരം മരണങ്ങള്‍ നടന്നത് പലപ്പോഴും ചെറിയ കാലയളവിനുള്ളിലാണ്. സുനീഷ് മരിക്കുന്നത് 2008 ജനുവരിയിലാണ്. ടോം തോമസ് മരിക്കുന്നത് ആ വര്‍ഷം തന്നെ ഓഗസ്റ്റിലും. അന്നമ്മ തോമസ് മരിച്ച് രണ്ട് ദിവസത്തിനകമാണ് ഡൊമിനിക്കിന്റെ മകന്‍ വിന്‍സെന്റിന്റെ മരണം. വിന്‍സെന്റ് തൂങ്ങിമരിക്കുകയായിരുന്നു. വിന്‍സെന്റിന്റെ ആത്മഹത്യയ്ക്ക് കാരണമെന്താണെന്ന് അറിയില്ല. അന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഒക്കെ ലഭിച്ചിരുന്നു. എന്നാല്‍ അതിലെ ഉള്ളടക്കം എന്താണെന്ന് അറിയില്ലെന്നും എല്‍സമ്മ പറഞ്ഞു.

ജോളിയെ താന്‍ ഒരിക്കലും സംശയിച്ചിട്ടില്ല. എല്ലാവരോടും വളരെ നല്ല പെരുമാറ്റമായിരുന്നു ജോളിയ്ക്ക്. രണ്ടാഴ്ച മുമ്പ് പോലും ജോളി വീട്ടില്‍ വന്നിരുന്നു. ഈ രണ്ട് മരണങ്ങളിലും സമഗ്രമായ അന്വേഷണം വേണം. പൊലീസിനെ കണ്ട് പരാതി പറയാന്‍ തയ്യാറാണെന്നും എല്‍സമ്മ പറഞ്ഞു.