• 19 Oct 2018
  • 01: 29 PM
Latest News arrow

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി; കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍

മട്ടന്നൂര്‍: കണ്ണൂര്‍ മട്ടന്നൂരിലെ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബ് ആണ് കൊല്ലപ്പെട്ടത്. തട്ടുകടയില്‍ നിന്ന് ചായ കുടിയ്ക്കുന്നതിനിടെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

രാത്രി പത്ത് മണിയോടെയായിരുന്നു ആക്രമണം. ആക്രമണത്തിന് ശേഷം അക്രമികള്‍ വാനില്‍ കയറി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ശുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വഴിയ്ക്ക് വെച്ച് മരിച്ചു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

ബോംബേറില്‍ പരുക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിയാസ് (36) പള്ളിപ്പറമ്പത്ത് നൗഷാദ് (28) എന്നിവരെ തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഇന്ന് കോണ്‍ഗ്രസ് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മട്ടന്നൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല. മൂന്നാഴ്ച മുമ്പ് എടയന്നൂര്‍ എച്ച്.എസ്.എസില്‍, കെഎസ്‌യുവും എസ്എഫ്‌ഐയും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായിരുന്നു കൊല്ലപ്പെട്ട ശുഹൈബ്. അതേസമയം കൊലപാതകത്തില്‍ പങ്കില്ലെന്ന് മട്ടന്നൂര്‍ സിപിഎം ഏരിയ കമ്മിറ്റി അറിയിച്ചു. 

അതിനിടെ ശുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. രണ്ടാഴ്ച മുമ്പ് എടയന്നൂരില്‍ നടത്തിയ പ്രകടനത്തിലാണ് കൊലവിളി ഉയര്‍ത്തിയത്. ശുഹൈബിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു എന്ന് സിപിഎം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്.