• 22 Feb 2018
  • 04: 48 AM
Latest News arrow

പദ്മാവതിനായി മുടക്കിയത് 180 കോടി രൂപ; ഇതുവരെയുള്ള ബോക്‌സ് ഓഫീസ് കളക്ഷന്‍ 307.05 കോടി രൂപ; എന്നിട്ടും മുടക്കുമുതല്‍ തിരിച്ചുപിടിയ്ക്കാന്‍ കഴിയാതെ നിര്‍മ്മാതാക്കള്‍

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചലച്ചിത്രം പദ്മവാതിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 307.05 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. നിര്‍മ്മാണം, പ്രിന്റിങ്ങ്, പരസ്യം, വിതരണം എന്നിവയ്‌ക്കെല്ലാം കൂടി ആകെ 180 കോടി രൂപയാണ് പദ്മാവിനായി വയാകോണ്‍18 മോഷന്‍ പിക്‌ചേഴ്‌സ് ചെലവിട്ടത്. ഏറെ ബുദ്ധിമുട്ടിയാണ് ചിത്രം തിയേറ്ററിലെത്തിച്ചതെങ്കിലും മുടക്കിയ തുകയും ഇരട്ടി ലാഭവും നിര്‍മ്മാതാക്കള്‍ക്ക് നേടിക്കൊടുക്കാന്‍ പദ്മാവതിന് കഴിഞ്ഞിട്ടുണ്ടെന്നാണ് ഈ കളക്ഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് പലരും അനുമാനിക്കുക. ഇപ്പോഴും തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന ചിത്രം ഇനിയും കാശു വാരുമെന്നും പറയുന്നു. എന്നാല്‍ വാസ്തവം ഇതാണോ?.

പദ്മാവത് നേടിയെടുത്ത 307 കോടി രൂപയില്‍ പകുതി മാത്രമാണ് നിര്‍മ്മാതാക്കള്‍ക്ക് ലഭിക്കുക. അതായത് 180 കോടി മുടക്കിയിടത്ത് കിട്ടുന്നത് 150 കോടി രൂപ. അതെങ്ങിനെയന്ന് നോക്കാം. 

ആദ്യം തന്നെ ടിക്കറ്റ് ചാര്‍ജില്‍ നിന്ന് വിനോദ നികുതിയും സേവന നിരക്കും ഈടാക്കും. ഇപ്പോള്‍ ജിഎസ്ടിയായതുകൊണ്ട് 100 രൂപ ടിക്കറ്റിന് 18 ശതമാനവും അതിന് മുകളിലുള്ള ടിക്കറ്റിന് 28 ശതമാനവും ജിഎസ്ടിയിലേക്ക് പോകും. പിന്നെ സേവന നിരക്കെന്ന് പറഞ്ഞ് ഒരു ടിക്കറ്റില്‍ 4 രൂപ മുതല്‍ 6 രൂപ വരെ പ്രദര്‍ശനക്കാര്‍ പിടിയ്ക്കും. ഇവ രണ്ടും കിഴിച്ചതിന് ശേഷമുള്ളതാണ് വരുമാനം. അതായത് 100 രൂപ ടിക്കറ്റില്‍ നിന്ന് 70 രൂപ കിട്ടും. 

ഇത് വിതരണക്കാരും പ്രദര്‍ശനക്കാരും ചേര്‍ന്ന് വീതം വെയ്ക്കും. ആദ്യ ആഴ്ചയില്‍ തുല്യമായിട്ടാണ് വീതിയ്ക്കുക. രണ്ടാമത്തെ ആഴ്ചയില്‍ 60:40 എന്ന തോതില്‍ പ്രദര്‍ശനക്കാര്‍ക്ക് അനുകൂലമായിട്ടായിരിക്കും വീതംവെയ്പ്പ്. മൂന്നാമത്തെ ആഴ്ചയില്‍ 70:30 എന്ന തോതിലേക്ക് മാറും. ഉദാഹരണത്തിന് രണ്ടാമത്തെ ആഴ്ചയില്‍ പദ്മാവത് 73 കോടി രൂപ നേടിയിട്ടുണ്ടെങ്കില്‍ അതില്‍ 43 കോടി രൂപ തിയേറ്ററുകള്‍ക്കും 30 കോടി രൂപ നിര്‍മ്മാതാക്കള്‍ക്കും ലഭിക്കും. ഇങ്ങിനെ ഏതൊരു ചലച്ചിത്രത്തിന്റെ കാര്യത്തിലും ബോക്‌സ് ഓഫീസ് കളക്ഷന്റെ 45-50 ശതമാനം മാത്രമാണ് നിര്‍മ്മാതാക്കള്‍ക്ക് ലഭിക്കുന്നത്. അങ്ങിനെ വരുമ്പോള്‍ പദ്മാവതിന് കിട്ടിയ 307 കോടി രൂപയില്‍ നിര്‍മ്മാതാക്കള്‍ക്ക് ലഭിക്കുക 150 കോടിയോളം രൂപയാണ്. അതായത് മുടക്കു മുതല്‍ തിരിച്ചുപിടിയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന്.