• 16 Oct 2018
  • 04: 46 PM
Latest News arrow

കോടികള്‍ നല്‍കിയാല്‍ ഹിന്ദുത്വ ധ്രുവീകരണം നടത്താം; കോബ്ര പോസ്റ്റിന്റെ സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങി വമ്പന്‍ മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ മാധ്യമ സ്ഥാപനങ്ങളില്‍ കോബ്ര പോസ്റ്റ് നടത്തിയ ഒളി ക്യാമറ ഓപ്പറേഷന്റെ വിവരങ്ങളും വീഡിയോകളും പുറത്തായി. മാര്‍ച്ചില്‍ ആദ്യ ഘട്ടത്തില്‍ പുറത്തുവിട്ട വീഡിയോകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വീഡിയോകള്‍ പുറത്തുവരുന്നത്. 

രാജ്യത്ത് ഹിന്ദുത്വ ക്രോഡീകരണം നടത്തി വോട്ടുകള്‍ ധ്രുവീകരിക്കാന്‍ സഹായിക്കണമെന്ന് പ്രമുഖ മാധ്യമങ്ങളോട് സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയ പുഷ്പ് ശര്‍മ്മ എന്ന മാധ്യമപ്രവര്‍ത്തകന്‍ ആവശ്യപ്പെടുന്നതും അവര്‍ അതിനോട് അനുകൂലമായി പ്രതികരിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനായി 6 കോടി മുതല്‍ 500 കോടി വരെ നല്‍കാന്‍ തയ്യാറാണെന്നും സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയ പുഷ്പ് ശര്‍മ്മ പറയുന്നുണ്ട്. മാധ്യമ സ്ഥാപനങ്ങളിലെ ഏറ്റവും സീനിയറായ ഉദ്യോഗസ്ഥരെയും ഉടമകളെയുമാണ് പുഷ്പ് ശര്‍മ്മ സമീപിച്ചതെന്നും കോബ്ര പോസ്റ്റ് വ്യക്തമാക്കുന്നു.

ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യാ ടുഡേ, ഹിന്ദുസ്ഥാന്‍ ടൈംസ്, സീ ന്യൂസ്, നെറ്റ്വര്‍ക്ക് 18, സ്റ്റാര്‍ ഇന്ത്യ, എബിപി ന്യൂസ്, ദൈനിക് ജൈഗരണ്‍, റേഡിയോ വണ്‍, റെഡ് എഫ്എം, ലോക്മാത്, എബിഎന്‍ ആന്ധ്ര ജ്യോതി, ടിവി5, ദിനമലര്‍, ബിഗ് എഫ്എം, കെ ന്യൂസ്, ഇന്ത്യ വോയ്‌സ്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്, എംവിടിവി, ഓപ്പണ്‍ മാഗസിന്‍ എന്നിവരാണ് ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയത്. ദൈനിക് ഭാസ്‌കര്‍ കൂടി ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും ഇന്‍ജക്ഷന്‍ ഓര്‍ഡര്‍ വാങ്ങി വീഡിയോ പുറത്തുവിടുന്നത് തടഞ്ഞു.

ടൈംസ് ഓഫ് ഇന്ത്യയുടെ വിനീത് ജയിന്‍ അടക്കമുള്ളവര്‍ ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് രാജ്യത്തെയാകമാനം ഞെട്ടിച്ചിരിക്കുകയാണ്. പണം നല്‍കുകയാണെങ്കില്‍ ഹിന്ദുത്വ ധ്രുവീകരണം ഉണ്ടാക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാമെന്നാണ് സംഘപരിവാര്‍ പ്രവര്‍ത്തകനെന്ന വ്യാജേന തങ്ങളെ സമീപിച്ച മാധ്യമപ്രവര്‍ത്തകനോട് മാധ്യമമുതലാളിമാര്‍ പറയുന്നത്.