• 22 Aug 2018
  • 07: 53 AM
Latest News arrow

കോഴിക്കോട് ഒരാള്‍ക്കു കൂടി നിപ്പ സ്ഥിരീകരിച്ചു; റൈബവൈറിന്റെ വിതരണം ഇന്ന്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരാള്‍ക്ക് കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ നിപ്പ ബാധിച്ച് മരിച്ച മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശി ഷിജിതയുടെ ഭര്‍ത്താവ് ഉബീഷിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് നിപ്പ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നായി. മറ്റു രണ്ടു പേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേ സമയം രോഗലക്ഷണങ്ങളുള്ളവരുടെ എണ്ണം പതിനേഴായി. 

കോട്ടയം മെഡിക്കല്‍ കോളേജിലും നിപ്പ ബാധിച്ചെന്ന് സംശയിക്കുന്ന രണ്ട് ആളുകളെ പ്രവേശിപ്പിച്ചിട്ടുണ്ട്. അവര്‍ കോഴിക്കോട് നിന്നെത്തിയവരാണ്. പേരാമ്പ്രയില്‍ നിന്ന് കടുത്തുരുത്തിയില്‍ വിവാഹനിശ്ചയത്തിനെത്തിയ 57കാരനും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാണ് ചികിത്സയിലുള്ളത്. പേരാമ്പ്രയില്‍ നിന്നെത്തിയയാള്‍ ട്രെയിന്‍ യാത്രയ്ക്കിടെ പനിയും ശ്വാസമുട്ടലും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വിവാഹനിശ്ചയ സ്ഥലത്തേയ്ക്ക് പോകാതെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇരുവരുടയും സ്രവ സാമ്പിള്‍ ഭോപ്പാലിലേക്കും മണിപ്പാലിലേക്കും പരിശോധനയ്ക്ക് അയച്ചു. 

അതിനിടെ മലേഷ്യയില്‍ നിന്നും 2000 റൈബവൈറിന്‍ ഗുളികകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. എണ്ണായിരം ഗുളിക കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് വാക്‌സിനുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള റൈബവൈറിന്‍ ഗുളിക നല്‍കാന്‍ തീരുമാനിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് 11 പേരാണ് ഇതുവരെ മരിച്ചത്.