• 18 Oct 2018
  • 08: 29 PM
Latest News arrow

'രണ്ടാമൂഴം' സിനിമയിൽനിന്നും എം.ടി പിന്മാറുന്നു ; തിരക്കഥ തിരികെ വാങ്ങിക്കും

കരാർകാലാവധി കഴിഞ്ഞിട്ടും ചിത്രീകരണം തുടങ്ങിയില്ല ; മുൻകൂറായി കൈപ്പറ്റിയ പണം തിരിച്ചുനൽകും

കോഴിക്കോട് : മഹാഭാരതത്തിലെ ഭീമന്റെ ജീവിതം പകര്‍ത്തുന്ന തന്റെ നോവലായ 'രണ്ടാമൂഴം' ആസ്പദമാക്കിയുള്ള സിനിമയില്‍നിന്ന് എം ടി വാസുദേവന്‍ നായര്‍ പിന്മാറുന്നു. വി.എ ശ്രീകുമാര്‍ മേനോൻ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രം അനന്തമായി നീളുന്നതാണ് അതിന്റെ തിരക്കഥാകൃത്തുകൂടിയായ എം.ടിയെ പിന്തിരിപ്പിച്ചതെന്നറിയുന്നു . തിരക്കഥ തിരികെ വാങ്ങിക്കാന്‍ എംടി കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിച്ചു . സംവിധായകനുമായുണ്ടാക്കിയ കരാര്‍കാലാവധി അവസാനിച്ചുവെന്നും തിരക്കഥ തിരികെ വേണമെന്നും എംടി ഇന്ന്  കോടതിയില്‍ അറിയിക്കും. തിരക്കഥയ്ക്കായി മുന്‍കൂർ  വാങ്ങിയ തുക മടക്കിക്കൊടുക്കുമെന്നും എം.ടി വ്യക്തമാക്കുന്നു .

ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രം എന്ന വിശേഷണത്തോടെ ആരംഭിക്കാനിരുന്ന ചിത്രമാണ് രണ്ടാംമൂഴം.  
നാലുവര്‍ഷം മുമ്പാണ് ചര്‍ച്ചകള്‍ക്കു ശേഷം എം ടി വാസുദേവന്‍ നായര്‍ ചിത്രത്തിന്റെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥ കൈമാറിയത് . മൂന്നുവര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാര്‍. ഇക്കാലയളവിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നുവര്‍ഷത്തിനു ശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയില്ല.ഒരു വർഷം കൂടി സമയം നീട്ടിനൽകിയെങ്കിലും നടപടിയുണ്ടായില്ല .

വർഷങ്ങൾ നീണ്ട പഠനവും ഗവേഷണവും നടത്തിയാണ് താന്‍ രണ്ടാമൂഴം കഥയും തിരക്കഥയും ഉണ്ടാക്കിയതെന്നും എന്നാല്‍ താന്‍ കാട്ടിയ ആവേശവും ആത്മാർത്ഥതയും സിനിമ ചെയ്യുന്നവര്‍ കാട്ടിയില്ലെന്നുമാണ്  എംടിയുടെ പരാതി. 

1000 കോടി മുതൽ മുടക്കിൽ , രണ്ടു ഭാഗങ്ങളായി പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടി സിനിമ നിര്‍മ്മിക്കുമെന്നാണ് അറിയിച്ചിരുന്നത്.  മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായിട്ടായിരുന്നു സിനിമ പ്രഖ്യാപിച്ചിരുന്നത്.

ചിത്രത്തിൽ ഭീമന്റെ റോളിൽ മോഹൻലാലിനെ പ്രഖ്യാപിച്ചിരുന്നു.  കൂടാതെ, വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കും എന്നാണ് സംവിധായകന്‍ അടുത്ത ദിനം വരെ പറഞ്ഞത്. അതിനിടയിലാണ് അപ്രതീക്ഷിതമായി ചിത്രത്തില്‍ നിന്നും എംടി പിന്‍മാറുന്നത്‌ .

അതേസമയം, ഇതുമായി  ബന്ധപ്പെട്ട് സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ പ്രതികരണം പുറത്തു വന്നിട്ടില്ല.