• 24 Feb 2019
  • 11: 48 AM
Latest News arrow

ആവേശക്കൊടുമുടിയില്‍ ആദി

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന ലേബലാണ് തിയേറ്ററിലെത്തുന്നതുവരെ ആദിയ്ക്കുണ്ടായിരുന്നത്. അതുകൊണ്ട് തന്നെയാണ് പലരും ഈ സിനിമ കാണാന്‍ പോയതും. എന്നാല്‍ സിനിമ കണ്ടിറങ്ങിയ ആളുകളുടെ പ്രതികരണങ്ങളില്‍ ഈ ലേബല്‍ ഇനിയുണ്ടാകില്ല. കാരണം സീറ്റില്‍ മര്യാദയ്ക്ക് ഇരുപ്പുറപ്പിയ്ക്കാന്‍ അനുവദിക്കാത്തവണ്ണം ആവേശം കൊള്ളിപ്പിക്കുകയും ഞെരിപിരി കൊള്ളിപ്പിക്കുകയും എഴുന്നേറ്റ് നിന്ന് കയ്യടിപ്പിക്കുകയും ചെയ്യുന്ന അത്യുഗ്രന്‍ സീനുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ആക്ഷന്‍ ക്രൈം ത്രില്ലറാണ് ആദി.

മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത പാര്‍ക്കര്‍ സീനുകളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഈ രംഗങ്ങള്‍ ഡ്യൂപ്പിന്റെ സഹായമില്ലാതെ പ്രണവ് ചെയ്തതു കണ്ട് എഴുന്നേറ്റ് നിന്ന് കയ്യടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. മെയ്‌വഴക്കവും വേഗതയും  സമം ചേര്‍ന്നുള്ള ആക്ഷന്‍ രംഗങ്ങള്‍ അതിഗംഭീരം. പ്രണവ് എന്ന അഭിനേതാവിന്റെ പൂര്‍ണ സമര്‍പ്പണം ഒന്നുകൊണ്ട് തന്നെയാണ് സിനിമയിലെ മൂന്ന് ആക്ഷന്‍ രംഗങ്ങളും ശ്വാസമടക്കിപ്പിടിച്ച്‌ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ സാധിച്ചത്. 

ഇനി കഥയിലേക്ക്. അച്ഛന്റെയും (സിദ്ധിഖ്) അമ്മയുടെയും (ലെന) ഒറ്റപ്പുത്രനാണ് ആദി. ഒരു പാവം പയ്യന്‍. സംഗീത സംവിധായകനാകണമെന്നാണ് ആദിയുടെ ഏറ്റവും വലിയ ആഗ്രഹം. അവന്റെ ആഗ്രഹത്തിന് അച്ഛനും അമ്മയും പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ട്. അങ്ങിനെയിരിക്കെ ഒരു പ്രത്യേക ആവശ്യത്തിനായി ആദി ബംഗ്ലൂരുവിലെത്തുന്നു. തന്റെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്കുള്ള ഒരു ചുവടു വെയ്പ്പ് കൂടിയായിരുന്നു ഈ ബെംഗ്ലൂരു യാത്ര. എന്നാല്‍ ബെംഗ്ലൂരുവിലെത്തിയ ആദിയുടെ ജീവിതം മാറി മറിയുന്നു. ബാക്കി സ്‌ക്രീനില്‍... 

ജീത്തുവിന്റെ തന്നെ ഊഴം സിനിമയുടെ സ്വാധീനം ആദിയിലുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് അവസാന രംഗങ്ങളില്‍. ദൃശ്യം, ഊഴം എന്നീ മുന്‍ സിനിമകളില്‍ നിന്ന് ആദിയിലേക്കെത്തുമ്പോള്‍ സംവിധായകനെന്ന നിലയില്‍ ജീത്തു പുതിയതായൊന്നും നല്‍കുന്നില്ല. പാര്‍ക്കര്‍ സീനുകളൊഴികെ. കഥകള്‍ വ്യത്യസ്തമാണ്, പ്രയോഗിക്കുന്ന രീതികളും വ്യത്യസ്തമാണ്. എന്നാല്‍ ഊഴവും ആദിയും വാര്‍ത്തെടുത്ത അച്ച് ഒന്നു തന്നെയാണെന്ന് സിനിമ കാണുമ്പോള്‍ പ്രേക്ഷകന് പിടികിട്ടുന്നുവെന്നതാണ് പോരായ്മ. കൂട്ടത്തില്‍ ദൃശ്യം തന്നെയാണ് ഇപ്പോഴും ഒറ്റയാന്‍. 

ട്രെയിലറില്‍ പ്രണവിന്റെ അഭിനയം കണ്ടപ്പോള്‍ നല്ല ബോറായിട്ടാണ് തോന്നിയിരുന്നത്. എന്നാല്‍ സിനിമ കണ്ടപ്പോള്‍ ഒരിക്കല്‍പ്പോലും അങ്ങിനെ തോന്നിയില്ല. ഒട്ടും ഹീറോയിസമില്ലാത്ത ജാഡയില്ലാത്ത ഒരു പാവം അമ്മക്കുട്ടിയാണ് ആദി. അതുകൊണ്ട് തന്നെ ആദ്യ അഭിനയത്തിലെ ചെറിയ ചില പാളിച്ചകള്‍ ആ വേഷത്തിന്റെ പ്രത്യേകത കൊണ്ട് മറഞ്ഞുപോയി. എന്നാല്‍ ആക്ഷന്‍ രംഗങ്ങളില്‍ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്തു. ചില സമയങ്ങളില്‍ മുഖത്ത് പ്രകടമായ സൂക്ഷ്മ ഭാവങ്ങള്‍ പോലും ശ്രദ്ധ പിടിച്ചുപറ്റി.

അഭിനേതാക്കളിലെ മറ്റൊരു ആകര്‍ഷണം സിജു വില്‍സണായിരുന്നു. ഇതുവരെ കോമഡിയും നല്ലസ്വഭാവമുള്ള കഥാപാത്രങ്ങളെയും മാത്രം അവതരിപ്പിച്ചിരുന്ന സിജു, ആദ്യമായി നെഗറ്റീവ് റോളിലെത്തുകയാണ് ഈ ചിത്രത്തില്‍. പുലുമുരുകനില്‍ വില്ലന്‍ വേഷം ചെയ്ത ജഗപതി ബാബു ആദിയിലും വില്ലനാകുന്നു. ആദിയിലെ അഭിനേതാക്കളെല്ലാം  മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. 

സിനിമയിലെ ഗാനങ്ങള്‍ പാര്‍ക്കര്‍ സീനുകളുടെ മാസ്മരികതയില്‍ മുങ്ങിപ്പോയി. പ്രണവ് എഴുതി, പാടിയ ഇംഗ്ലീഷ് ഗാനത്തിന്റെ അവതരണം ഗംഭീരമായിരുന്നു. 

പാര്‍ക്കര്‍ സീനുകളും ക്ലൈമാക്‌സിലെ പിരിമുറുക്കം സൃഷ്ടിക്കുന്ന രംഗങ്ങളും ട്വിസ്റ്റുകളും എല്ലാം കൂടി ഒരു കിടില്‍ തിയേറ്റര്‍ അനുഭവമാണ് ആദി. എന്നാല്‍ ഇവ ഒഴിച്ചു നിര്‍ത്തിയാല്‍ ആദി ശൂന്യമാണ്. കാരണം കഥയെന്ന് പറയാന്‍ ആദിയില്‍ ഒന്നുമില്ല. നായകനും അയാളെ വേട്ടയാടുന്ന പ്രതിനായകനും വലിയ ബിസിനസ് സാമ്രാജ്യങ്ങളിലെ അധികാരപ്പോരും ചതിയും ഒക്കെയായി പറഞ്ഞ് പഴകിയ കഥ.