• 16 Oct 2019
  • 09: 24 PM
Latest News arrow

''കശ്മീരിലേക്ക് പോകരുത് എന്ന് പറയുന്നത് പോലെയാണ് കക്കാടംപൊയിലിലേക്ക് ചെല്ലരുതെന്ന് പറയുന്നത്''- എംഎന്‍ കാരശ്ശേരി

കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ അനധികൃത തടയണയും ക്വാറിയും സ്ഥിതി ചെയ്യുന്ന കക്കാടംപൊയില്‍ മേഖല സന്ദര്‍ശിക്കാനെത്തിയ പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തിയവരില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ടെന്ന് എംഎന്‍ കാരശ്ശേരി. വാര്‍ത്തകളിലൂടെ അറിഞ്ഞ കാര്യങ്ങള്‍ നേരിട്ട് കണ്ട് ബോധ്യപ്പെടാനായിരുന്നു 46 പേരടങ്ങുന്ന സംഘം കക്കാടംപൊയിലിലെത്തിയത്. തേനരുവി എന്ന സ്ഥലത്തെത്തിയപ്പോഴായിരുന്നു ഒരു കൂട്ടം ആളുകള്‍ തങ്ങളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്ന് എംഎന്‍ കാരശ്ശേരി പറയുന്നു.

സംഘത്തിലുള്ളവരെല്ലാം അന്‍വറിന്റെ ആളുകളാണെന്ന് കരുതുന്നില്ല. അവിടെ നടക്കുന്നതെല്ലാം വികസനപ്രവര്‍ത്തനങ്ങളാണെന്ന് കരുതുന്ന ഒരു വിഭാഗവും അക്കൂട്ടത്തിലുണ്ടായിരുന്നു. കക്കാടം പൊയിലിലേക്ക് വരരുതെന്ന് പറയുന്നത് ശരിയല്ല. ഒരാള്‍ എങ്ങോട്ട് പോകണം, പോകണ്ട എന്ന് ഒരു മുതലാളി തീരുമാനിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. നിങ്ങള്‍ കശ്മീരിലേക്ക് പോകേണ്ട എന്ന് പറയുന്നതുപോലെയാണ് കക്കാടംപൊയിലിലേക്ക് ചെല്ലരുതെന്ന് പറയുന്നതെന്നും എംഎന്‍ കാരശ്ശേരി പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കക്കാടംപൊയിലിലെത്തിയ പരിസ്ഥിതി-സാമൂഹ്യ പ്രവര്‍ത്തകരെ 200 ഓളം പേര്‍ വരുന്ന സംഘം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. എംഎന്‍ കാരശ്ശേരിയ്ക്ക് പുറമേ സിആര്‍ നീലകണ്ഠന്‍, ഡോ. ആസാദ്, കെ അജിത, പ്രൊഫ. കുസുമം ജോസഫ്, ടിവി രാജന്‍ എന്നിവരെല്ലാം സംഘത്തിലുണ്ടായിരുന്നു.

ആള്‍ക്കൂട്ടത്തില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ടായിരുന്നുവെന്ന് എംഎന്‍ കാരശ്ശേരി പറയുന്നു. സിപിഎമ്മിന്റെ ലോക്കല്‍ സെക്രട്ടറി, പഞ്ചായത്തംഗമായ സിപിഎം അംഗം അരുണ്‍, മുസ്ലീംലീഗുകാരനായ കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീര്‍, കോണ്‍ഗ്രസുകാരിയായ മുന്‍ പഞ്ചായത്ത് അംഗം സൂസമ്മ എന്നിവരെല്ലാം അവിടെയുണ്ടായിരുന്നു. ഇവരെല്ലാം അന്‍വറിന്റെ കൂലിക്കാരാണെന്ന് പറയുന്നില്ല, മറിച്ച് എല്ലാം വികസനമാണെന്ന് കരുതുന്നവരുമാകാമെന്നും കാരശ്ശേരി പറഞ്ഞു.

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ ഗുണ്ടകളാണ് തങ്ങളെ ആക്രമിച്ചതെന്ന് സംഘത്തിലുണ്ടായിരുന്ന ഡോ. കുസുമം ജോസഫ് ആരോപിച്ചു. അക്രമികളില്‍ ചിലര്‍ അസഭ്യം വിളിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തുവെന്നും പരിസ്ഥിതി പ്രവര്‍ത്തകയായ കുസുമം പറഞ്ഞു.