• 13 Nov 2019
  • 08: 50 AM
Latest News arrow

എംജി സര്‍വ്വകലാശാലയില്‍ ജയിപ്പിക്കല്‍ മേള; തോറ്റ വിദ്യാര്‍ത്ഥികളില്‍ 140 പേര്‍ ജയിച്ചു

സര്‍വ്വകലാശാലയിലേക്ക് തോറ്റവരുടെ ഒഴുക്ക്‌

കൊച്ചി: ചട്ടം മറികടന്ന് എംജി സര്‍വ്വകലാശാലയിലെ സിന്‍ഡിക്കേറ്റ് മാര്‍ക്ക്ദാനം ചെയ്തതോടെ എഞ്ചിനിയറിങ് പരീക്ഷയില്‍ തോറ്റ 140 പേര്‍ വിജയിച്ചു. ഏതെങ്കിലും സെമസ്റ്ററില്‍ ഓരോ വിഷയത്തിന് തോറ്റ വിദ്യാര്‍ത്ഥികള്‍ക്കാണ് അഞ്ച് മാര്‍ക്ക് കൂട്ടി നല്‍കി ജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. ഒരു വിദ്യാര്‍ത്ഥി നല്‍കിയ അപേക്ഷയില്‍ സിന്‍ഡിക്കേറ്റെടുത്ത തീരുമാനം തോറ്റവരെ മുഴുവന്‍ കൂട്ടത്തോടെ ജയിപ്പിച്ചിരിക്കുകയാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് മോഡറേഷനിലൂടെ കിട്ടിയ മാര്‍ക്കിന് പുറമേയാണ് അഞ്ച് മാര്‍ക്ക് കൂടി നല്‍കാന്‍ ഉത്തരവിട്ടത്. ഇതോടെ പരീക്ഷ പാസായ 140 പേരും ജയിച്ച സര്‍ട്ടിഫിക്കറ്റ് വാങ്ങി. ആറ് സപ്ലിമെന്റി പരീക്ഷകള്‍ തോറ്റ വിദ്യാര്‍ത്ഥിയും ജയിച്ചവരുടെ കൂട്ടത്തില്‍പ്പെടുന്നു. ഇനി 60 പേരുടെ അപേക്ഷകളില്‍ മാര്‍ക്ക് കൂട്ടിയിട്ട് ഫലം കണക്കാക്കിക്കൊണ്ടിരിക്കുകയാണ്.

200ലധികം അപേക്ഷകള്‍ ഇത്തരത്തില്‍ മാര്‍ക്ക് കൂട്ടിക്കിട്ടാന്‍ സര്‍വ്വകലാശാലയ്ക്ക് ലഭിച്ചിരുന്നു. ഇപ്പോഴും വിവിധ സെമസ്റ്ററുകളില്‍ ഓരോ വിഷയം വീതം തോറ്റ വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയില്‍ അപേക്ഷയുമായെത്തുകയാണ്. കഴിഞ്ഞ ഏപ്രില്‍ 30നാണ് സിന്‍ഡിക്കേറ്റിന്റെ വിചിത്രമായ ഈ തീരുമാനം. മെയ് 15ന് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഉത്തരവിറക്കുകയും ചെയ്തു.