• 19 Sep 2019
  • 12: 18 AM
Latest News arrow

ഭീഷണിയുടെ പേരില്‍ എഴുത്ത് നിര്‍ത്തരുത്; ഹരീഷിന് പിന്തുണയുമായി രാഷ്ട്രീയ നേതാക്കള്‍

കൊച്ചി: ഒരു വിഭാഗം ഹിന്ദു സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് നോവല്‍ പിന്‍വലിച്ച യുവ എഴുത്തുകാരന്‍ എസ് ഹരീഷിന് പിന്തുണയുമായി രാഷ്ട്രീയ നേതാക്കള്‍. ഹരീഷിന്റെ മീശ എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തരുതെന്ന് മന്ത്രി ജി സുധാകരന്‍ ആവശ്യപ്പെട്ടു. മൗലിക വാദികളുടെ ഭീഷണിയുടെ പേരില്‍ എഴുത്ത് നിര്‍ത്തരുത്. പൗരസമൂഹവും സാഹിത്യകാരന്‍മാരും ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എസ് ഹരീഷിന് നോവല്‍ പിന്‍വലിക്കേണ്ടി വന്നത് പ്രബുദ്ധ കേരളത്തിന് നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. എഴുത്തുകാരന്റെ കുടുംബാംഗങ്ങളെയടക്കം സോഷ്യല്‍ മീഡിയയില്‍ മോശമായി ചിത്രീകരിച്ചിട്ടും നടപടിയെടുക്കാത്ത ആഭ്യന്തര വകുപ്പിന്റെ നിലപാട് ദുരൂഹമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

പ്രമുഖ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച നോവലിന്റെ മൂന്നാം ലക്കത്തില്‍ രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണ ശകലമാണ് ഒരു വിഭാഗം ഹിന്ദു സംഘടനകളെയും പ്രവര്‍ത്തകരെയും ചൊടിപ്പിച്ചത്. സംഭാഷണം ക്ഷേത്ര വിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ച് സംഘടനകളും അവരുടെ സൈബര്‍ പോരാളികളും വിദ്വേഷ പ്രചാരണം നടത്തി. തുടര്‍ന്ന് എഴുത്തുകാരന്റെ കുടുംബത്തിന്റെ സൈ്വര്യജീവിതം പോലും താറുമാറാക്കുംവിധം ഭീഷണിയും തെറിവിളിയും ഉണ്ടായി. ഇതോടെയാണ് നോവല്‍ പിന്‍വലിക്കാന്‍ ഹരീഷ് തീരുമാനിച്ചത്.  സമൂഹ മനസ്സ് പാകമാകുമ്പോള്‍ നോവല്‍ പുസ്തകമായി പ്രസിദ്ധീകരിക്കുമെന്നും ഹരീഷ് അറിയിച്ചു.