ദാദ്രി സംഭവം: പോസ്റ്റുകള്‍ നീക്കണമെന്ന് ട്വിറ്ററിന് പൊലീസ് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിനോട് പൊലീസ്. സെപ്തംബര്‍ 30 ന് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച മെസേജ് കേന്ദ്രീകരിച്ച് ഉത്തര്‍പ്രദേശ് പൊലീസ് എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദാദ്രി സംഭവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ പോസ്റ്റുകളും മാറ്റണമെന്നാവശ്യപ്പെട്ട് യുപി പൊലീസിന്റെ സോഷ്യല്‍ മീഡിയ ലാബിലേക്ക് കത്തയച്ചിട്ടുണ്ടെ
ന്ന് ഐജി പ്രകാശ് ഡി പറഞ്ഞു. കാര്യങ്ങളെ വര്‍ഗ്ഗീയതയിലേക്ക് കൂപ്പുകുത്തിക്കുന്ന വാക്കുകളും ഗ്രാഫിക്സുകളും പോസ്റ്റുചെയ്തിരിക്കുന്നത് ആരാണെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണമാണ് ഇപ്പോള്‍ നടന്നുവരുന്നതെന്നും ഐ ജി വ്യക്തമാക്കി. പൊലീസ് ലാബിന് ലഭിച്ച കത്ത് ട്വിറ്റര്‍ ഇന്ത്യക്ക് കൈമാറിയതായി മീററ്റ് ഡിഐജി അറിയിച്ചു.
നോയിഡയില്‍ നിന്ന് ഇത്തരം സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതും വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതുമായ ട്വീറ്റുകള്‍ പ്രചരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.
സെപ്തംബര്‍ 28 നാണ് മാട്ടിറച്ചി ഭക്ഷിച്ചെന്നാരോപിച്ച് മദ്ധ്യവയസ്കനായ ഇഖ്ലാഖിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സംഘര്‍ഷഭരിതമാണ്. സംഭവത്തില്‍ സോഷ്യല്‍ മീഡിയകള്‍ വഴി അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉത്തരവിട്ടിട്ടുണ്ട്.