• 03 Feb 2023
  • 09: 44 PM
Latest News arrow

പോത്തിനെ മാത്രമല്ല, പശുവിനേയും തിന്നാനുള്ള സ്വാതന്ത്ര്യം ഇന്ത്യക്കാരനുണ്ടാകണം; വി ടി ബല്‍റാം

കോഴിക്കോട്: കേരള ഹൗസിലെ ബീഫ് റെയ്ഡിനെ വിമര്‍ശിച്ച് വി ടി ബല്‍റാം എംഎല്‍എ. പോത്തിറച്ചി മാത്രമല്ല പശു ഇറച്ചിയും തിന്നാനുള്ള സ്വാതന്ത്ര്യം ഏതൊരു ഇന്ത്യക്കാരനുമുണ്ടാകണമെന്ന് ചൂണ്ടിക്കാണിച്ച വി ടി ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് റെയ്ഡിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. അതോടൊപ്പം താല്‍പ്പര്യമില്ലാത്തവര്‍ക്ക് മാംസം വേണ്ടെന്ന് വെക്കാനും സ്വാതന്ത്ര്യം ഉണ്ടാകണമെന്നു ബല്‍റാം പറയുന്നു.  

'നിഷ്പക്ഷമതി'കളുടെ ഭാഗത്തു നിന്ന് ആത്യന്തികമായി ഉയര്‍ന്നുവരുന്ന ഒത്തുതീര്‍പ്പ് ഫോര്‍മുല ആണ് പശുവിറച്ചി അല്ലേ നിരോധിച്ചിട്ടുള്ളൂ, പോത്തിറച്ചി നിരോധിച്ചിട്ടില്ലല്ലോ എന്നുള്ളത്. ഇത് മനുഷ്യന്റെ സ്വാഭാവികത യുക്തിക്ക് മേലെ ഫാസിസ്റ്റ് ഇങ്ങനെ പതിയെപ്പതിയെ ആണെന്നും പോസ്റ്റില്‍സ പറയുന്നു.

'ചില ആളുകളുടെ വിശ്വാസത്തിന്റെ കാര്യമല്ലേ, അതങ്ങ് അനുസരിക്കുന്നതല്ലേ നല്ലത് ' എന്ന പരുവപ്പെടലിലേക്ക് സമൂഹം മാറുമ്പോള്‍ നമുക്ക് ചോര്‍ന്നു പോവുന്നത് ഭരണഘടനാധിഷ്ഠിതമായ മൗലികാവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണെന്നും പോസ്റ്റില്‍ ബല്‍റാം ആരോപിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

"ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെല്ലാം 'നിഷ്പക്ഷമതി'കളുടെ ഭാഗത്തു നിന്ന് ആത്യന്തികമായി ഉയര്‍ന്നുവരുന്ന ഒത്തുതീര്‍പ്പ് ഫോര്‍മുല ആണ് പശുവിറച്ചി അല്ലേ നിരോധിച്ചിട്ടുള്ളൂ, പോത്തിറച്ചി നിരോധിച്ചിട്ടില്ലല്ലോ എന്നത്. ഡല്‍ഹി കേരളാ ഹൗസിലെ പോലീസ് റെയ്ഡ് എന്ന തോന്ന്യാസത്തിന്റെ ന്യായീകരണമായും കുറേ സംഘികള്‍ ഇത് എഴുന്നെള്ളിക്കുന്നുണ്ട്.

മനുഷ്യന്റെ സ്വാഭാവികയുക്തിക്ക് മേലെ ഫാഷിസ്റ്റ് യുക്തി പിടിമുറുക്കുന്നത് ഇങ്ങനെ പതിയെപ്പതിയെ ആണ്. 'ഞാനെന്ത് കഴിക്കണമെന്ന് തീരുമാനിക്കാന്‍ നിങ്ങളൊക്കെ ആരാണ്' എന്ന ചോദ്യത്തിന് പകരം 'ചില ആളുകളുടെ വിശ്വാസത്തിന്റെ കാര്യമല്ലേ, അതങ്ങ് അനുസരിക്കുന്നതല്ലേ നല്ലത് ' എന്ന പരുവപ്പെടലിലേക്ക് സമൂഹം മാറുമ്പോള്‍ നമുക്ക് ചോര്‍ന്നു പോവുന്നത് ഭരണഘടനാധിഷ്ഠിതമായ മൗലികാവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ്.

അതുകൊണ്ടുതന്നെ പോത്തിനെ മാത്രമല്ല, പശുവിനേയും തിന്നാനുള്ള സ്വാതന്ത്ര്യം താത്പര്യമുള്ള ഏതൊരു ഇന്ത്യാക്കാരനും ഉണ്ടാകണം, താത്പര്യമില്ലാത്തവര്‍ക്ക് വേണ്ടെന്ന് വക്കാനും. പഴയ കാലത്തെ ഒരു കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ കാളകളുടെ എണ്ണം കുറയുന്നത് ഉത്പാദന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കക്കപ്പുറം ഏതെങ്കിലും വിശ്വാസപരമായ കാരണങ്ങളാലാണ് മറ്റ് പല സംസ്ഥാനങ്ങളിലും ഗോവധം നിരോധിച്ചിട്ടുള്ളതെങ്കില്‍ അവ അടിയന്തിരമായി എടുത്തുകളയുകയാണ് വേണ്ടത് എന്ന വ്യക്തിപരമായ അഭിപ്രായവും ശക്തമായി രേഖപ്പെടുത്തുന്നു.

എന്ന്,

കഴിഞ്ഞ 18 വര്‍ഷമായി സ്വന്തം ഇഷ്ടപ്രകാരം ബീഫും പോര്‍ക്കും മട്ടനും ചിക്കനും മീനും കോഴിമുട്ടയും കഴിക്കുന്നത് ഒഴിവാക്കി പൂര്‍ണ്ണ വെജിറ്റേറിയനായി ജീവിക്കുന്ന, മുന്‍പ് ഇതൊക്കെ ആവോളം കഴിച്ചിരുന്ന ഒരു ഇന്ത്യന്‍ പൗരന്‍."