• 18 Aug 2022
  • 12: 39 PM
Latest News arrow

വിവാദ കാര്‍ട്ടൂണ്‍: വീട്ടിലേക്ക് മടങ്ങാനാവാതെ ഒരു പത്രാധിപ

പാരിസ് ആക്ഷേപഹാസ്യ മാസികയായ ഷാര്‍ളി ഹെബ്ദോ മാസികയുടെ വിവാദ കാര്‍ട്ടൂണ്‍  പുനഃപ്രസിദ്ധീകരിച്ചതിന്റെ പേരില്‍ അവധ്‌നാമ എന്ന ഉര്‍ദു പത്രത്തിന്റെ പത്രാധിപ ഷിറിന്‍ ദല്‍വി സാഗ ഭീഷണിയെ തുടര്‍ന്ന് വീട് ഉപേക്ഷിച്ച് അഭയാര്‍ത്ഥിയായി  താമസിക്കുകയാണ്.

ജനുവരി 17 നാണ് ദല്‍വിയുടെ പ്രശ്‌നങ്ങളുടെ തുടക്കം. 2006 ഫെബ്രുവരിയില്‍ ഷാര്‍ളി ഹെബ്ദോ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ചതാണ് ഷിറിന് എതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടിയത്.

ഷിറിന്റെ നിര്‍ദ്ദേശപ്രകാരമാണ് ആവിഷ്‌കാര സ്വാതന്ത്ര്യം മതവികാരത്തെ മതവികാരം വ്രണപ്പെടുത്തുമെന്ന  പോപ്പിന്റെ പ്രസ്താവനയോടൊപ്പം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്.

 ജനുവരി 28 ന് ഇവരെ  പൊലീസ് അറസ്റ്റ് ചെയ്ത് പത്രത്തിന്റെ മുംബൈ ഓഫീസ് അടപ്പിച്ചു പിന്നീട് ഇവര്‍ താല്‍കാലിക ജാമ്യത്തിലിറങ്ങി. പ്രതിഷേധം ഉയര്‍ന്നതോടെ അടുത്ത ദിവസം തന്നെ തന്റെ തെറ്റ് മനസ്സിലാക്കി നിരുപാധികം  ഷിറിന്‍ മാപ്പ് ചോദിച്ചിരുന്നു. എന്നിട്ടും പ്രശ്‌നങ്ങള്‍ വിട്ടൊഴിഞ്ഞില്ല. മനഃപൂര്‍വ്വമല്ല ഈ കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്തിയതെന്ന് കാണിച്ച് മുഖപ്രസംഗവും പ്രസിദ്ധീകരിച്ചു. 'തനിക്ക് ഫ്രഞ്ച് അറിയില്ലെന്നും കാര്‍ട്ടൂണ്‍ പറയുന്നത് എന്താണെന്നും തനിക്ക് മനസിലായില്ലെന്നും' അവര്‍ പറഞ്ഞു. ഷാര്‍ളി ഹെബ്ദദോയെ സംബന്ധിച്ച വാര്‍ത്ത നല്‍കിയപ്പോള്‍ ഒരു കാര്‍ട്ടൂണ്‍ എന്ന രീതിയില്‍ പ്രസിദ്ധീകരിച്ചതായിരുന്നു അത്.  എന്നാല്‍ ഷിറിന്‍ കടുത്ത ഇസ്ലാം വിരോധിയും പ്രവാചക വിരോധിയുമാണന്നുമുള്ള ആരോപണങ്ങളാണുണ്ടായത്. ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലുമായി നിരവധി ഭീഷണി സന്ദേശങ്ങളും ഷിറിന് ലഭിച്ചുകൊണ്ടിരുന്നു. ഇതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ വരെ ഇവര്‍ നിര്‍ബന്ധിതരായി.
മുംബൈ, താന, മലിഗാവ് എന്നിങ്ങനെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആറോളം കേസുകളും ഇവര്‍ക്കെതിരെ ഫയല്‍ ചെയ്തിട്ടുണ്ട്.

  കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് പിന്നില്‍ ദല്‍വിയും മാനേജ്‌മെന്റും തമ്മില്‍ ഗൂഡാലോചനയുണ്ടെന്ന് ആരോപിച്ച് പത്രത്തിലെ മുന്‍ ജോലിക്കാര്‍ പത്രസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നില്‍ ഗൂഡാലോചനകളൊന്നുമില്ലെന്നും, കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് തന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നും മാനേജ്‌മെന്റിനെ വിവരമറിയിച്ചിരുന്നില്ലെന്നും ഷിറിന്‍ പറഞ്ഞു.

ജീവിതത്തില്‍ ആദ്യമായി സ്വയം ഒളിച്ച് വെക്കാന്‍ മുഖം മറയ്ക്കുന്ന ബുര്‍ഖ ധരിക്കാന്‍ ഇവര്‍ നിര്‍ബന്ധിതയായി. വിഖ്യാത ഉര്‍ദു കവി അബ്ദുള്ള കമാലിന്റെ വിധവയാണ് ഷിറിന്‍. ഇവരുടെ മുബൈയിലെ വീട് അടച്ചിട്ടിരിക്കുകയാണ്. കോളേജ് വിദ്യാര്‍ത്ഥികളായ മകനും മകളും ബന്ധുവീടുകളില്‍ അഭയം തേടിയിട്ടുണ്ട്. തൊഴില്‍ നഷ്ടപ്പെട്ടതും വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് സുരക്ഷാ കാരണങ്ങള്‍ കൊണ്ട് കോളേജില്‍ പോകാന്‍ കഴിയാതെ വന്നതും ഇതിന്റെ തുടര്‍ച്ചയാണ്. നിലവിലുള്ള കേസുകള്‍ കൂട്ടിച്ചേര്‍ത്ത് അവ റദ്ദാക്കണമെന്ന് കാണിച്ച് ഷിറിന്‍ ബോംബെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.

'ആസാദിയോം കേ ഹഖ് മേം' മനുഷ്യാവകാശ സംഘടന ഷിറിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം പത്രത്തിന്റെ ഉടമ പത്രാധിപയെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. പ്രശ്‌നങ്ങള്‍ ഉടലെടുത്തതിന് ശേഷം അവധ്‌നാമയുടെ ഉടമസ്ഥയായ ടഖ്ദീസ് ഫാത്തിമ മുംബൈ എഡിഷനുമായി തനിക്ക്  ബന്ധമില്ലെന്നും പ്രത്യേകമായാണ് അത് പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞിരുന്നു.   മറ്റ് എഡിഷനുകള്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്നില്ല.

പത്രത്തിന്റെ ഉള്ളടക്കം എന്തെന്നറിയാതെ പത്രം വിറ്റ രണ്ട് വില്‍പ്പനക്കാര്‍ക്കെതിരെയും കേസുണ്ട്. പത്രത്തിന്റെ പ്രസാധകനായ യൂനുസ് സിദ്ദിഖിക്കും, പത്രം ഉടമ ടഖ്ദീസ് ഫാത്തിമക്കും, മാനേജിങ് ഡയറക്ടര്‍ ദീപക് മാത്രേയ്ക്കുമൊപ്പമാണ് ദല്‍വിയുടെ  താമസം.  ഇവര്‍ക്കെതിരെയും കേസുണ്ടായിരുന്നെങ്കിലും  ഇവര്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.
 പത്രത്തിലെ 25 ഓളം വരുന്ന ജോലിക്കാരും ഇതോടെ തൊഴില്‍ രഹിതരായി. പരസ്യ ഏജന്‍സി ഉള്ളതിനാല്‍ ജോലി നഷ്ടമായത് ഷിറിനെ ബാധിക്കില്ലെന്നാണ് സഹപ്രവര്‍ത്തകരുടെ പക്ഷം. എന്നാല്‍ ഭീഷണികള്‍ മൂലം പുറത്തിറങ്ങാന്‍ കഴിയാതായതോടെ ഷിറിന്റെ ജീവിതം ഏറെക്കുറെ സ്തംഭിച്ചിരിക്കുകയാണ്. അറസ്റ്റ് ചെയ്തില്ലെങ്കില്‍ പൊലീസ് സ്റ്റേഷനുപുറത്ത് ഷിറിനെതിരെ പ്രതിഷേധം നയിക്കുമെന്ന് രാഷ്ട്രീയ ഉലമ കൗണ്‍സില്‍ അംഗങ്ങളുടെ ഭീഷണിയുണ്ട്.
ജനുവരി 28 ന് ഇവര്‍ അറസ്റ്റ് ചെയ്യപ്പെടുകയും അടുത്ത ദിവസം കേസില്‍ ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. അപ്പോഴും ഷിറിനെ കാത്തിരുന്നത് ദുരിതങ്ങളാണ്.