• 21 Jun 2018
  • 05: 24 PM
Latest News arrow

വിവാഹം രജിസ്റ്റര്‍ ചെയ്യണോ... മാതാപിതാക്കളെ കൂട്ടിക്കൊണ്ടുവരൂ; പങ്കാളികളോട് തമിഴ്‌നാട് സര്‍ക്കാര്‍

കൃഷ്ണഗിരി: തമിഴ്‌നാട്ടില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ഇനി മാതാപിതാക്കളുടെ സമ്മതം കിട്ടണം. മതാചാരപ്രകാരമുള്ള വിവാഹത്തിന് ശേഷമായാലും മാതാപിതാക്കളുടെ സാന്നിധ്യത്തിലേ വിവാഹം രജിസ്റ്റര്‍ ചെയ്യുകയുള്ളൂവെന്നാണ് സര്‍ക്കാര്‍ നിലപാട്. 2017 സെപ്തംബര്‍ 28ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് രജിസ്‌ട്രേഷന്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരമാണ് ഈ നടപടി. 

മുമ്പ് വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ മൂന്ന് സാക്ഷികള്‍ മാത്രം മതിയായിരുന്നു. പുതിയ സര്‍ക്കുലര്‍ പ്രകാരം അത് സാധിക്കില്ല. മാതാപിതാക്കളുടെ സമ്മതം വേണമെന്ന് എവിടെയും പറയുന്നില്ലെങ്കിലും സര്‍ക്കുലറില്‍ പറയുന്ന കാര്യങ്ങളെല്ലാം ഫലത്തില്‍ അവരുടെ സമ്മതം ഉറപ്പാക്കാനുദ്ദേശിച്ചുള്ളതാണ്. 

രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷയില്‍ കൊടുത്തിരിക്കുന്ന മാതാപിതാക്കളുടെ പേരും ഇനിഷ്യലും മേല്‍വിലാസുവുമെല്ലാം ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡുമായി ഒത്തുനോക്കണമെന്ന് സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. രജിസ്‌ട്രേഷന്‍ സമയത്ത് പിതാക്കന്‍മാരെ കൊണ്ടുവരണം. മാതാപിതാക്കള്‍ മരിച്ചുപോയെങ്കില്‍ അവരുടെ മരണ സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ട്. ഇതിന് പുറമേ ആധാര്‍ കാര്‍ഡും കൂടി കാണിച്ചാലേ വിവാഹം രജിസ്റ്റര്‍ ചെയ്യുകയുള്ളൂ.

അതായത് മാതാപിതാക്കളുടെ സമ്മതമില്ലാതെ പ്രായപൂര്‍ത്തിയായ ഒരു ഹിന്ദു പുരുഷനും സ്ത്രീയ്ക്കും വിവാഹിതരാകാന്‍ തമിഴ്‌നാട്ടില്‍ ഇനി സാധിക്കില്ല. ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാനും കഴിയില്ല. 

വിവാഹം നിയമപ്രകാരമാകാന്‍ വിവാഹം ചെയ്യുന്ന സ്ത്രീയുടെയും പുരുഷന്റെയും സമ്മതം മാത്രമേ ആവശ്യമുള്ളു. സാക്ഷികള്‍ രജിസ്‌ട്രേഷന് സാക്ഷികളാകുന്നതേയുള്ളൂ. അതുകൊണ്ട് തന്നെ ഈ സര്‍ക്കുലര്‍ നിയമവിരുദ്ധമാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാകുന്നതാണ്. പുതിയ സര്‍ക്കുലറിനെക്കുറിച്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് രജിസ്‌ട്രേഷന്‍ ജാഫര്‍ മുഹമ്മദിന്റെ പ്രതികരണം ആരാഞ്ഞപ്പോള്‍, ''സര്‍ക്കാര്‍ മിശ്രവിവാഹങ്ങളെ എതിര്‍ക്കുന്നു'' എന്നാണ് അദ്ദേഹം പ്രതികരിച്ചത്.