• 22 Feb 2018
  • 04: 54 AM
Latest News arrow

മാണി ചരിത്രം വളച്ചൊടിക്കുന്നു... എക്കാലവും സഹായിച്ചത് കോണ്‍ഗ്രസാണ്..മാണിക്കെതിരെ വീക്ഷണം

കൊച്ചി: എല്‍ഡിഎഫുമായി ബന്ധം സ്ഥാപിക്കാനുള്ള കേരള കോണ്‍ഗ്രസിന്റെയും അധ്യക്ഷന്‍ മാണിയുടെയും ശ്രമങ്ങളെ വിമര്‍ശിച്ച് വീക്ഷണം ദിനപത്രം. മാണി തലമറന്ന് എണ്ണ തേക്കരുതെന്നാണ് വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നത്. മാണിക്ക് മകന്റെ കാര്യത്തിലുള്ള ആശങ്കകള്‍ 86ാം വയസ്സിലെ വൃദ്ധപിതാവിന്റെ പുത്രസ്‌നേഹമായി കണ്ടാല്‍ മതി. യു.ഡി.എഫ് അല്ലെങ്കില്‍ എല്‍.ഡി.എഫ് അതുമല്ലെങ്കില്‍ എന്‍.ഡി.എ എന്നതാണ് മാണിയുടെ നയമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. 

കഴിഞ്ഞതെല്ലാം മറക്കുന്ന മാണിക്ക് അല്‍ഷിമേഴ്‌സ് രോഗമാണെന്ന പരിഹാസവുമുണ്ട്. കര്‍ഷകരെ ഏറ്റവും കൂടുതല്‍ വഞ്ചിച്ചത് കോണ്‍ഗ്രസാണെന്നും ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്നത് യു.പി.എ സര്‍ക്കാറിന്റെ കാലത്താണെന്നും പാര്‍ട്ടി മുഖമാസികയായ 'പ്രതിഛായയില്‍' മാണി എഴുതിയ ലേഖനത്തിനുള്ള പ്രതികരണമായാണ് മുഖപ്രസംഗം.
പുതിയ രാഷ്ട്രീയ യജമാനന്മാര്‍ക്ക് സ്തുതി പാടാനുള്ള വ്യഗ്രതയില്‍ മാണി കഴിഞ്ഞതെല്ലാം മറക്കുകയും ചെയ്തതെല്ലാം തള്ളിപ്പറയുകയുമാണ്. 1961ലെ അമരാവതി സമരത്തില്‍ എ.കെ.ജിക്കൊപ്പം പങ്കാളിയായെന്ന അവകാശവാദം ചരിത്രത്തെ വളച്ചൊടിക്കലാണ്. 1964ല്‍ രൂപവത്കരിച്ച കേരള കോണ്‍ഗ്രസ് എങ്ങനെ 1961ലെ സമരത്തില്‍ പങ്കെടുത്തു. യു.ഡി.എഫും യു.പി.എയും കര്‍ഷകര്‍ക്കായി ചെയ്ത ക്ഷേമപ്രവര്‍ത്തനങ്ങള്‍ തള്ളിപ്പറയുമ്പോള്‍ ഒരു വിശ്വാസഘാതകന്റെ കൃത്യമാണ് മാണി നിര്‍വഹിക്കുന്നത്. എല്‍.ഡി.എഫിന്റെ അടുക്കളയിലെ ഭരണത്തിന്റെ സ്വാദുള്ള ഗന്ധംകൊണ്ട് വായില്‍ കപ്പലോടിക്കുന്ന മാണിക്ക് ഏറെക്കാലം പ്രതിപക്ഷത്തിരിക്കാന്‍ സാധിക്കില്ലയെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.