സാംസ്കാരിക ഫാസിസത്തിന് എതിരെ പ്രമേയം അവതരിപ്പിക്കണം; അക്കാദമിക്ക് മുന്പില് എഴുത്തുകാരുടെ പ്രതിഷേധം

ന്യൂഡല്‍ഹി: രാജ്യത്ത് എഴുത്തുകാര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് അക്കാദമി അവാര്‍ഡുകള്‍ തിരിച്ചുനല്‍കി പ്രതിഷേധത്തിലേര്‍പ്പെട്ടിരിക്കുന്ന എഴുത്തുകാരുടെ പ്രതിഷേധ പ്രകടനം.
കന്നട സാഹിത്യകാരനായ എം എം കല്ബുര്ഗ്ഗിയുടെ വധത്തെ മുന്‍നിര്‍ത്തി എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കും എതിരെയുള്ള അതിക്രമങ്ങളിലും ദാദ്രി സംഭവത്തിലും പ്രതിഷേധിച്ച് രാജ്യത്ത് നിരവധി എഴുത്തുകാരാണ് ഇതിനകം തന്നെ പുരസ്കാരം തിരിച്ചുനല്‍കിയും അക്കാദമി സ്ഥാനങ്ങള്‍ രാജിവെച്ചും പ്രതിഷേധത്തില്‍ പങ്കാളികളായത്. പ്രതിഷേധ സൂചകമായി കറുത്ത തുണി കൊണ്ട് വായ് മൂടിക്കെട്ടിയായിരുന്നു പ്രതിഷേധം. അതേസമയം സാഹിത്യ അക്കാദമി അടിയന്തര ബോര്‍ഡ് യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
രാജ്യത്തെ എഴുത്തുകാര്‍ പുരസ്കാരം തിരിച്ചുനല്കിയതടക്കമുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാവുമെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി ശ്രീനിവാസ റാവു പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നൂറിലധികം എഴുത്തുകാരാണ് ഡല്‍ഹിയില്‍ പ്രതിഷേധത്തിനായി സംഘടിച്ചത്. 40 തോളം എഴുത്തുകാരാണ് എഴുത്തുകാരായ എം എം കല്‍ബുര്‍ഗ്ഗി, നരേന്ദ്ര ധബോല്‍ക്കര്‍, ചിന്തകനും എഴുത്തുകാരനുമായിരുന്ന ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകത്തെ തുടര്‍ന്ന് പ്രധാനമന്ത്രി അധ്യക്ഷനായ അക്കാദമി രാജ്യത്തെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് എഴുത്തുകാരുടെ പ്രതിഷേധം.
നയന്‍താര സെഗാള്‍, സാറാ ജോസഫ് ഉള്‍പ്പെടെ മുപ്പത്തിനാല് എഴുത്തുകാരാണ് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം തിരികെ നല്‍കിയത്. സച്ചിദാനന്ദന്, ശശി ദേശ്പാണ്ഡെ, പി.കെ പാറക്കടവ്, അരവിന്ദ് മാലഗട്ടി ഉള്‍പ്പെടെയുള്ള എഴുത്തുകാര്‍ സാഹിത്യ അക്കാദമിയിലെ സ്ഥാനങ്ങള്‍ രാജിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അക്കാദമി യോഗം വിളിച്ചുചേര്‍ത്തത്.
അസഹിഷ്ണുത വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അത് തടയാത്ത സര്‍ക്കാരിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്ന് എഴുത്തുകാര്‍ വ്യക്തമാക്കി. അസഹിഷ്ണുതയ്ക്കെതിരെ അക്കാദമി ശക്തമായ നിലപാട് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദി എഴുത്തുകാരന് മുരളി മനോഹര്‍ പ്രസാദ് സിങിന്റെ നേതൃത്വത്തില്‍ യോഗം നടക്കുന്ന രബീന്ദ്ര ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടന്നു.
ഇന്നത്തെ ബോര്‍ഡ് യോഗത്തില്‍ അക്കാദമി ശക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ വരുദിനങ്ങളിലും പ്രതിഷേധം ശക്തമാകും. സാംസ്കാരിക ഫാസിസത്തിന് എതിരെ പ്രമേയം അവതരിപ്പിക്കണമെന്നാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവക്കുന്ന ആവശ്യം. ഇത് നിരാകരിച്ചാല്‍ വരുംദിനങ്ങളില്‍ കൂടുതല്‍ എഴുത്തുകാര്‍ തങ്ങള്‍ക്ക് ലഭിച്ച പുരസ്കാരവും പദവിയും തിരിച്ചുനല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. പ്രമുഖ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന് വിക്രം സേത് അടക്കമുള്ളവര്‍ വിഷയത്തില്‍ ബോര്‍ഡ് തീരുമാനം കാത്തിരിക്കുകായണ്.
അതേസമയം, എഴുത്തുകാരുടെ പ്രതിഷേധത്തെ അക്കാദമി തള്ളി. പുരസ്കാരം തിരിച്ചുനല്‍കിയ എഴുത്തുകാര്‍ വെറുതെ അലമുറയിടുകായണെന്നും ബിജെപി സര്‍ക്കാരിന് കീഴില്‍ അഭിപ്രായ സ്വാതന്ത്ര്യം ഭീഷണിയിലല്ലെന്നുമാണ് ബോര്‍ഡ് അംഗങ്ങള്‍ പറയുന്നത്.
എഴുത്തുകാര്‍ പുരസ്കാരം തിരിച്ചുനല്‍കുന്നതിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രിമാരും ബിജെപിയും ആര്‍എസ്എസ്സും രംഗത്തെത്തിയിരുന്നു. എഴുത്തുകാരുടെ പുരസ്കാരം തിരിച്ചേല്‍പ്പിച്ച നടപടി നരേന്ദ്രമോദിക്കെതിരെയുള്ള കടലാസ് വിപ്ലമാണെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞിരുന്നു.
അതേ സമയം അവാര്‍ഡ് തിരിച്ചുനല്‍കുന്നത് ആഭാസമാണെന്നും ഈ നടപടി അക്കാദമിയില്‍ വിഭാഗീയതക്ക് ഇടയാക്കിയെന്നും അക്കാദമി അംഗമായ സി രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ