ബോബ് മര്‍ലിയുടെ ജീവിതമെഴുതിയ മര്‍ലന്‍ ജെയിംസിന് ബുക്കര്‍ പുരസ്കാരം

ലണ്ടന്‍: സാഹിത്യ രംഗത്തെ പ്രധാന പുരസ്കാരങ്ങളിലൊന്നായ മാന്‍ ബുക്കര്‍ പ്രൈസിന് ജമൈക്കന്‍ എഴുത്തുകാരന് മെര്‍ലന്‍ ജെയിംസ് അര്‍ഹനായി. സംഗീതജ്ഞനായ ബോബ് മര്‍ലിയെക്കുറിച്ചുള്ള 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന് കില്ലിങ്സ്' എന്ന പുസ്തകമാണ് ഈ വര്‍ഷത്തെ ബുക്കര്‍ പ്രൈസിന് അദ്ദേഹത്തെ അര്‍ഹനാക്കിയത്. 1976 ല്‍ ബോബ് മര്‍ലിക്ക് നേരെയുണ്ടായ വധശ്രമം പശ്ചാത്തലമാക്കിയാണ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന് കില്ലിങ്സ് ജയിംസ് രചിച്ചത്.
ലണ്ടനിലെ ഗില്‍ഡ്ഹാളില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 50,000 പൗണ്ടാണ് സമ്മാനത്തുക. മാന്‍ ബുക്കര്‍ പ്രൈസ് നേടുന്ന ആദ്യ ജമൈക്കന്‍ എഴുത്തുകാരന് കൂടിയാണ് 44 കാരനായ ജയിംസ്.
ചുരുക്കപ്പട്ടികയിലുണ്ടായിരുന്നവയില് ഏറ്റവും ആവേശമുണ്ടാക്കുന്ന പുസ്തകമെന്നാണ് വിധികര്‍ത്താക്കള്‍ ഈ പുസ്തകത്തെ വിശേഷിപ്പിച്ചത്. 680 പേജുള്ള ചരിത്ര ഗ്രന്ഥത്തില്‍ മുഴുവന്‍ ആകസ്മികതകളും ഹിംഗസാത്മകതയുമാണ് നിറയുന്നതെന്നും ജമൈക്കന്‍ ജനതയേയും രാഷ്ട്രീയത്തേയും ഏറെ സ്വാധീനിച്ച മര്‍ലിയുടെ യഥാര്‍ഥജീവിതം തന്നെയാണ് 75 കഥാപാത്രങ്ങളിലൂടെ നോവല്‍ പറയുന്നതെന്നും വിധികര്‍ത്താക്കളുടെ മേധാവി മെക്കല്‍ വുഡ് അഭിപ്രായപ്പെട്ടു.
റെഗ്ഗെ സംഗീതത്തില്‍ നിന്നും ഊര്‍ജമുള്‍ക്കൊണ്ടാണ് നോവലിന്റെ ഭൂരിഭാഗവും താന്‍ എഴുതിയതെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് ജയിംസ് പറഞ്ഞു. തന്നില്‍ സാഹിത്യ അഭിരുചികള്‍ വളര്‍ത്തിയെടുത്ത തന്റെ പ്രിയപ്പെട്ട പിതാവിന് അദ്ദേഹം ഇന്ന് തന്നോടൊപ്പമില്ലെങ്കിലും താന്‍ ഈ പുരസ്കാരം സമര്‍പ്പിക്കുന്നുവെന്ന് ജയിംസ് പറഞ്ഞു.
ഇന്ത്യന്‍ ബ്രിട്ടീഷ് എഴുത്തുകാരന് സഞ്ജീവ് സഹോട്ടയുടെ രണ്ടാമത്തെ നോവലായ 'ദ ഇയര്‍ ഓഫ് ദ റണ്‍എവേയ്സ്' അവസാന ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്നു. ടോം മക്കാര്‍ത്തിയുടെ (ബ്രിട്ടന്) സാറ്റിന് ഐലന്‍ഡ്, ചിഗോസി ഒബിയോമയുടെ (നൈജീരിയ) ദ് ഫിഷര്‍മെന്‍, ആന്‍ ടൈലറിന്റെ (യുഎസ്) സ്പൂള്‍ ഓഫ് ബ്ലൂ ത്രെഡ്, ഹാന്യ യനാഗിഹാരയുടെ (യുഎസ്) എ ലിറ്റില്‍ ലൈഫ് എന്നീ നോവലുകളാണ് ബുക്കര്‍ ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന മറ്റു കൃതികള്‍.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ