• 22 Sep 2023
  • 04: 15 AM
Latest News arrow

ഫാസിസ്റ്റു ഭൂതം വാതിലില്‍ നില്‍ക്കുമ്പോള്‍ സൗന്ദര്യപ്പിണക്കങ്ങള്‍ വെടിയണം: എം മുകുന്ദന്‍

അഴിമതി ജനാധിപത്യത്തില്‍ വിശ്വാസം നഷ്ടപ്പെടുത്തുന്നു

മനാമ: ഫാസിസ്റ്റ് ഭീഷണിയെ തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്നും വാതില്‍ക്കല്‍ ഭൂതം വന്നു നില്‍ക്കുമ്പോഴും നാം സൗന്ദര്യപിണക്കവുമായും കുടുംബകലഹവുമായും നില്‍ക്കുന്നത് ശരിയല്ലെന്നും പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്‍. മത ഫാസിസത്തെ തടയാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും യോജിക്കേണ്ടത് അനിവാര്യമാണ്. കേരളത്തില്‍ ഇതു സാധ്യമല്ലെങ്കിലും ഇടതുപക്ഷത്തിന്റെ ചരിത്രപരമായ ബാധ്യതയാണ് ഇത്. അഴിമതിയുള്‍പ്പെടെയുള്ള ജീര്‍ണതകള്‍ സാധാരണ ജനങ്ങള്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസം നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹ്രസ്വസന്ദര്‍ശനത്തിനായി ബഹ്‌റൈനില്‍ എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് കേരളത്തില്‍ വളരെ നിര്‍ണായകമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി കുറച്ചെങ്കിലും വോട്ടും സീറ്റും വര്‍ധിപ്പിച്ചു. ഇത് തിരിച്ചറിയേണ്ട വസ്തുതയാണ്. ഇതേ കുറിച്ച് മുഖ്യധാര രാഷ്ട്രീയ പാര്‍ടികള്‍ എത്രമാത്രം ബോധവന്‍മാരാണെന്ന് എനിക്ക് അറിയില്ല. അവരിപ്പോഴും കുടുംബ കലഹവും സൗന്ദര്യപ്പിണക്കവുമായൊക്കെയാണ് കഴിയുന്നത്. ഫാസിസ്റ്റ് ഭീഷണിക്കു തടയിടാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.

കേരളത്തിലെ രാഷ്ട്രീയം വളരെയധികം കലങ്ങി മറിഞ്ഞ് ജീര്‍ണിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അഴിമതി കാരണം സാധാരണ മനുഷ്യന് ജനാധിപത്യത്തില്‍ വിശ്വാസം നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തില്‍. കെഎം മാണി സംഭവം ഇതിനുദാഹരണമാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത മാണിയാണ് ഇങ്ങിനെ അഴിമതി നടത്തിയത്. ഇത് സ്വാഭാവികമായും ജനങ്ങള്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസം നഷ്ടപ്പെടുത്തുകയാണ്.

യുപിഎ സര്‍ക്കാര്‍ എന്തുമാത്രം അഴിമതിയാണ് നടത്തിയത്. തങ്ങള്‍ വോട്ട് ചെയ്ത് അധികാരത്തിലേറ്റിയത് അഴിമതി നടത്താനാണോയെന്ന് ജനം സ്വയം ചോദിക്കും. അതിനുള്ള അവരുടെ പ്രതികരണം വയലന്റായിരിക്കും. ജനങ്ങളെ മറന്നുള്ള ഭരണം ജനാധിപത്യത്തിനു തന്നെ ഭീഷണിയാണെന്നോര്‍ക്കണം. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവിടെ കയ്യടക്കുക തീവ്രവാദവും മത ഫാസിസവുമായിരിക്കും. തങ്ങള്‍ തെരഞ്ഞെടുത്ത് അധികാരമേറ്റിയവര്‍ എങ്ങിനെ ഭരിക്കണമെന്ന് ജനങ്ങള്‍ക്ക് അറിയാം. ജനന്മക്കായി പ്രവര്‍ത്തിക്കാത്ത ഭരണകൂടങ്ങള്‍ക്കു നിലനില്‍പ്പുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തു വളര്‍ന്നു വരുന്ന അസഹിഷ്ണുതക്കെതിരെ എഴുത്തുകാര്‍ അതി ശക്തമായി പ്രതിഷേധിക്കുന്നുണ്ട്. പ്രതിഷേധം കൂടുതല്‍ എഴുത്തുകാര്‍ക്ക് വലിയ സ്ഥാനമുള്ള കേരളത്തില്‍നിന്നു തന്നെയാണ് ഉയര്‍ന്നു വരുന്നത്. കാരണം, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളേക്കാളും എഴുത്തുകാര്‍ക്ക് കേരളത്തില്‍ സാമൂഹ്യ അവബോധം കൂടുതലാണ്. എന്നാല്‍ പുരസ്‌കാരം തിരിച്ചു നല്‍കുന്നതിനോട് വ്യക്തിപരമായി വിയോജിപ്പുണ്ട്. എനിക്ക് അവാര്‍ഡ് തന്നത് ബിജെപിയല്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്ന അവാര്‍ഡ് എന്തിന് ഞാന്‍ ബിജെപി സര്‍ക്കാരിനു തിരിച്ചു കൊടുണം. അതില്‍ യുക്തിയില്ല. പുരസ്‌കാരത്തിന്റെ കൂടെ എനിക്ക് ആദരവും ലഭിച്ചു. സമൂഹത്തില്‍ കൂടുതല്‍ വലിപ്പം ഉണ്ടാക്കി. ഈ വലിപ്പവും ആദരവും എനിക്കു തിരിച്ചുകൊടുക്കാനാകില്ലല്ലോ. ഫാസിസത്തിനെതിരെ എഴുത്തില്‍ ശക്തമായി പ്രതികരിക്കുക എന്നതാണ് തന്റെ നിലപാടെന്നും മുകുന്ദന്‍ വ്യക്തമാക്കി. 

ഇന്ത്യന്‍ ജനതയ്ക്ക് അപകടം തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന് ബിഹാര്‍ ഇലക്ഷനിലെ ബിജെപിയുടെ തോല്‍വിയെ പരാമര്‍ശിച്ച് മുകുന്ദന്‍ പറഞ്ഞു. ജനങ്ങള്‍ ശരിയായ നിമിഷത്തില്‍ ശരിയായ തീരുമാനമെടുക്കും. അടിയന്തിരാവസ്ഥക്കുശേഷം നാം അത് കണ്ടതാണ്. വിദ്യഭ്യാസമില്ല, രാഷ്ട്രീയമില്ല എന്നൊക്കെ പറഞ്ഞ് നമ്മള്‍ എഴുതി തള്ളുന്ന പാവങ്ങളാണ് ബിഹാറിലും ഉത്തരേന്ത്യയിലുമൊക്കെ. എന്നാല്‍ അവരാണ് ചരിത്രപരമായ ദൗത്യം ശരിയായ രീതിയില്‍ നിര്‍വഹിക്കുന്നത്. അവര്‍ക്ക് അപകടം മണത്തറിയാനുള്ള കഴിവുണ്ട്. അടിയന്തിരാവസ്ഥക്കുശേഷം ഇന്ദിര ഗാന്ധിയെ കെട്ടുകെട്ടിച്ചത് അവരാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

കേരളത്തില്‍ പുതിയ തലമുറയില്‍ വായന ശക്തമായി തിരിച്ചു വരികയാണെന്നും അവര്‍ വായനയെ ആഘോഷമാക്കി മാറ്റിയതായും അദ്ദേഹം പറഞ്ഞു. ഇതിന് പുതിയ പാഠ്യ പദ്ധതി കാരണമായിട്ടുണ്ട്. പല കൃതികളും പരിചയപ്പെടാന്‍ അവസരം ലഭിച്ച കുട്ടികള്‍ കൂടുതല്‍ കൂടുതല്‍ വായനയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന സാഹചര്യമാണുണ്ടായത്. ടിവിയോ ഇന്റര്‍നെറ്റോ സൃഷ്ടിച്ച വലയത്തില്‍ നിന്നു പുതിയ തലമുറ പുറത്തുകടന്നു എന്നാണ് ഇതില്‍ നിന്നു മനസ്സിലാക്കേണ്ടത്. 

മലയാളിയുടെ വായനാ പാരമ്പര്യത്തില്‍ നോവലിനും കഥക്കും എന്നും മേല്‍ക്കൈ ഉണ്ടായിരുന്നു. ഇന്നു വായനയെ സ്വാധീനിക്കുന്നത് സര്‍ഗാത്മക സാഹിത്യങ്ങള്‍ മാത്രമല്ല. സസ്യങ്ങള്‍, നാട്ടറിവുകള്‍ എന്നു തുടങ്ങി വൈജ്ഞാനിക മേഖലയിലെ കൃതികളെല്ലാം വന്‍ തോതില്‍ വായിക്കപ്പെടുന്നു. 
ബഷീര്‍ തലമുറയുടെ ലളിതമായ ഭാഷ ഉപയോഗിച്ചുള്ള രചയുടെ പാരമ്പര്യമാണു താനും പിന്‍തുടര്‍ന്നത്. ഇപ്പോള്‍ സുഭാഷ് ചന്ദ്രനില്‍ എത്തി നില്‍ക്കുമ്പോള്‍ ഭാരമുള്ള ഭാഷയാണു പ്രകടമാകുന്നത്. ഭാരമുള്ള ഭാഷയ്ക്കും സൗന്ദര്യമുണ്ടെന്ന് 'മനുഷ്യന് ഒരു ആമുഖം' പോലുള്ള കൃതികള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഏറ്റവും ലളിതമായ ഭാഷ, നാട്ടുഭാഷകള്‍ എന്നിവ ഉപയോഗിച്ചുള്ള രചന തന്ത്രം തന്നെയാണ് താനിപ്പോഴും ഇഷ്ടപ്പെടുന്നത്. 'കുട നന്നാക്കു ചോയി'യില്‍ ഉപയോഗിച്ച നാട്ടു ഭാഷ വലിയ തോതില്‍ സ്വീകരിക്കപ്പെടുന്നു. വിവരങ്ങള്‍ ശേഖരിച്ചു കൃത്യമായി സൃഷ്ടിച്ചെടുക്കുന്ന നോവല്‍ നിര്‍മാണമെന്ന രീതിയും ഇന്നു പ്രചാരത്തിലുണ്ട്. ഏതെങ്കിലും സാമൂഹിക വിഷയങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കില്‍ ആ സൃഷ്ടി കൂടുതല്‍ വായിക്കപ്പെടുന്നു എന്നതാണ് ഇപ്പോള്‍ കണ്ടുവരുന്ന പ്രവണതയെന്നും മയ്യഴിയുടെ കഥാകാരന്‍ പറഞ്ഞു.