• 23 Sep 2023
  • 02: 39 AM
Latest News arrow

കന്നട കവി കൂവെമ്പുവിന്റെ സ്മാരകത്തില്‍ നിന്ന് പത്മ മെഡലുകള്‍ മോഷ്ടിച്ചു

ശിവമോഗ: പ്രമുഖ കന്നട കവി കുപ്പള്ളി വെങ്കട്ടപ്പ പുട്ടപ്പയുടെ സ്മാരകം കുത്തിത്തുറന്ന് പത്മശ്രീ- പത്മഭൂഷണ്‍ മെഡലുകള്‍ മോഷ്ടിച്ചു. കുപ്പള്ളി ജില്ലയിലുള്ള അദ്ദേഹത്തിന്റെ സ്മാരകവും തകര്‍ത്തിട്ടുണ്ട്.

മ്യൂസിയത്തിലെ സിസിടിവി ബന്ധം വിച്ഛേദിച്ച ശേഷമാണ് തറവാട്ടില്‍ സൂക്ഷിച്ചിരുന്ന മെഡലുകള്‍ മോഷ്ടിച്ചിത്. 1967 ല്‍ ജ്ഞാനപീഠം ലഭിച്ച പുട്ടപ്പ ജ്ഞാനപീഠം നേടിയ ആദ്യത്തെ കന്നട എഴുത്തുകാരനാണ്. പുട്ടപ്പയുടെ തറവാടാണ് പില്‍ക്കാലത്ത് സ്മാരകമാക്കി മാറ്റിയിട്ടുള്ളത്. കൂവെമ്പു എന്ന പേരില്‍ പ്രശസ്തിയാര്‍ജ്ജിച്ച പുട്ടപ്പക്ക് 1958 ല്‍ പത്മഭൂഷണും 1988 ല്‍  പത്മശ്രീയും നല്‍കി രാജ്യം ആദരിച്ചു.

സ്മാരകത്തിന്റെ ഒന്നാം നിലയില്‍ ചില്ലിട്ട് സൂക്ഷിച്ചിരുന്ന ഈ  രണ്ട് മെഡലുകളുമാണ് മോഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന് മ്യൂസിയം അധികൃതര്‍ വ്യക്തമാക്കി.

സിസിടിവി ക്യാമറ നശിപ്പിക്കുന്നതിന് മുന്‍പുതന്നെ   മോഷ്ടാക്കളെക്കുറിച്ചുള്ള ചില സൂചനകള്‍ ലഭിച്ചതായും കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ശിവമോഗ പൊലീസ് സൂപ്രണ്ട് രവി ചന്നവര്‍ പറഞ്ഞു.

തിങ്കളാഴ്ച രാത്രി വാച്ച്മാന്‍ ഭക്ഷണം കഴിക്കാന്‍ പോയ 7.30 നും 8.30 നും ഇടയിലുള്ള സമയത്താവാം മോഷണം നടന്നതെന്നാണ് സൂചന. ഈ രണ്ട് പുരസ്‌കാരങ്ങളൊഴികെയുള്ള കന്നട സാഹിത്യത്തിലെ സംഭാവനകള്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ സുരക്ഷിതമാണെന്ന് മ്യൂസിയം അധികൃതര്‍ പറഞ്ഞു.

നോവലിസ്റ്റ്, കവി, വിമര്‍ശകന്‍, ചിന്തകന്‍, എന്നീ നിലകളിലറിയപ്പെട്ട പുട്ടപ്പ കന്നട സാഹിത്യത്തിലെ സുപ്രധാന ഏടായിരുന്നു. 1994 നവംബറില്‍ മൈസുരുവില്‍ വച്ചായിരുന്നു അന്ത്യം.