• 22 Sep 2023
  • 03: 29 AM
Latest News arrow

ബെംഗളൂരു സാഹിത്യോത്സവത്തില്‍ നിന്നും എഴുത്തുകാര്‍ പിന്‍വാങ്ങുന്നു

ബെംഗളുരു: അടുത്ത മാസം ആദ്യം ബെംഗളൂരുവില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ നിന്നും എഴുത്തുകാര്‍ പിന്‍വാങ്ങുന്നു. കന്നഡ എഴുത്തുകാരായ ആരിഫ് റാസ, ദയാനന്ദ ടികെ എന്നിവരാണ് സാഹിത്യേത്സവത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത്. രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച എഴുത്തുകാരെ വിമര്‍ശിച്ച വിക്രം സമ്പത്തിനോടുള്ള പ്രതിഷേധമായാണ് ഈ പിന്‍മാറ്റം. വിക്രം സമ്പത്താണ് സാഹിത്യോത്സവത്തിന്റെ മുഖ്യ സംഘാടകന്‍.

പുസ്തകങ്ങള്‍ നിരോധിക്കപ്പെട്ടപ്പോഴും മതേതരവാദികള്‍ കൊല്ലപ്പെട്ടപ്പോഴും എന്തുകൊണ്ട് സാഹിത്യകാരന്‍മാര്‍ പുരസ്‌കാരം തിരികെ നല്‍കിയില്ലെന്നായിരുന്നു ഒരു പ്രമുഖ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ വിക്രം സമ്പത്ത് ചോദിച്ചത്. മാത്രമല്ല എഴുത്തുകാരെ അദ്ദേഹം 'ആട്' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

വിക്രമിന്റേത് രാഷ്ട്രീയ ലക്ഷ്യങ്ങളോടുകൂടിയുള്ള പ്രസ്താവനയായിരുന്നുവെന്നാണ് എഴുത്തുകാരുടെ വിമര്‍ശനം. ഈ രാഷ്ട്രീയ ലക്ഷ്യത്തെ ചോദ്യം ചെയ്തുകൊണ്ട് ഇവര്‍ സംഘാടകര്‍ക്ക് കത്തും നല്‍കി. എഴുത്തുകാരുടെ വികാരവും നടുക്കവും മനസ്സിലാക്കാന്‍ സാധിക്കാത്ത വ്യക്തികള്‍ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഇവര്‍ കത്തില്‍ വ്യക്തമാക്കുന്നു. ഡിസംബര്‍ 5,6 തിയ്യതികളിലാണ് സാഹിത്യോത്സവം.