• 23 Sep 2023
  • 04: 18 AM
Latest News arrow

കല്‍ബുര്‍ഗ്ഗി പ്രതിഷേധം: ഒമ്പത് എഴുത്തുകാര്‍ കൂടി അക്കാദമി പുരസ്‌കാരം തിരിച്ചേല്‍പ്പിച്ചു

ന്യൂഡല്‍ഹി: പ്രമുഖ കന്നട എഴുത്തുകാരനും യുക്തിവാദിയുമായ എം എം കല്‍ബുര്‍ഗ്ഗിയുടെ കൊലപാതകത്തോടും ദാദ്രി സംഭവത്തോടുമുള്ള കേന്ദ്രത്തിന്റേയും സാഹിത്യ അക്കാദമിയുടെ നിലപാടിലുള്ള പ്രതിഷേധം ശക്തമാകുന്നു. ഒന്‍പത് എഴുത്തുകാര്‍ കൂടി അക്കാമദി പുരസ്‌കാരം തിരിച്ചുനല്‍കി പ്രതിഷേധത്തില്‍ പങ്കാളികളായി.

രാജ്യത്ത് ഇതിന്റെ ഭാഗമായി നടന്നുവരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി 15 ഓളം എഴുത്തുകാരാണ് ഇതുവരെ തങ്ങള്‍ക്ക് ലഭിച്ച സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയത്. കഴിഞ്ഞ മാസം പ്രമുഖ ഹിന്ദി എഴുത്തുകാരനായ ഉദയ് പ്രകാശാണ് ആദ്യം പുരസ്‌കാരം തിരിച്ചുനല്‍കിയത്. കല്‍ബുര്‍ഗ്ഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരും സാഹിത്യ അക്കാദമിയും തുടരുന്ന നിരുത്തരവാദിത്തപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് ഉദയ് പ്രകാശിന്റെ നടപടി. കന്നട എഴുത്തുകാരനായ അരവിന്ദ് മാലഗട്ടി  ഞായറാഴ്ച സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സിലില്‍ നിന്ന് രാജി വച്ചിരുന്നു. ഇതിന് പുറമേ ഹിന്ദി കവികളായ മംഗളേഷ് ദര്‍ബാല്‍, രാജേഷ് ജോഷി, ഗണേഷ് ദേവി, കൊങ്കണി എഴുത്തുകാരനായ എന്‍ ശിവദാസ്, കന്നട എഴുത്തുകാരനായ കും വീരഭദ്രപ്പ, പഞ്ചാബി എഴുത്തുകാരായ ഗുര്‍ഭജന്‍ സിംഗ് ഭല്ലാര്‍, അജ്മീര്‍ സിംഗ് ഓലാഖ്, നാടകകൃത്തായ അതംജിത് സിംഗ്,  വാര്യം സിംഗ് സന്ധു എന്നിവരാണ് പുരസ്‌കാരം തിരിച്ചേല്‍പ്പിച്ചത്. അരവിന്ദ് മാല്‍ഗാട്ടി സാഹിത്യ അക്കാദമിയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തു. നേരത്തെ പ്രമുഖ എഴുത്തുകാരിയായ ശശി ദേശ്പാണ്ഡെയും അക്കാദമി തുടരുന്ന മാനത്തില്‍ പ്രതീക്ഷിച്ച് സാഹിത്യ അക്കാദമി കൗണ്‍സിലില്‍ നിന്ന് രാജിവെച്ചിരുന്നു.

സ്വാതന്ത്ര്യത്തിനുള്ള അവകാശം ലംഘിക്കപ്പെടുമ്പോള്‍ പ്രധാനമന്ത്രിയും സാഹിത്യ അക്കാദമിയും തുടരുന്ന മൗനത്തില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാരം തിരികെ നല്‍കുന്നതെന്ന് നാടക രചയിതാവായ അതംജിത് സിംഗ് വ്യക്തമാക്കി.

സാഹിത്യവും സംസ്‌കാരവും ഇത്തരത്തിലുള്ള ആക്രമങ്ങള്‍ക്കുള്ള ലക്ഷ്യങ്ങളാവുന്നതിലുള്ള  അസ്വസ്ഥതനാക്കുന്നതിനാലാണ് ഈ തീരുമാനമെന്ന് ഭള്ളര്‍ പ്രതികരിച്ചു.

തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തക്കെതിരെ നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് താന്‍ പുരസ്‌കാരം തിരിച്ചുനല്‍കുന്നതെന്ന് കൊങ്കണി എഴുത്തുകാരനായ ശിവദാസ് ഒരു റാലിക്കിടെ ഗോവയില്‍ പ്രതികരിച്ചു. ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗ്ഗി എന്നിവരുടെ കൊലപാതകത്തില്‍ സനാതന്‍ സന്‍സ്തക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നുവെങ്കിലും സര്‍ക്കാര്‍ ഇവര്‍ക്കെതിരെ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.

നിരവധി എഴുത്തുകാര്‍ അക്കാദമിയുടെ നടപടിയില്‍ പ്രതിഷേധിച്ച് കത്തയച്ചിട്ടുണ്ട്. ഇംഗ്ലീഷ് കവി ആദില്‍ ജുസവെല്ല പ്രതിഷേധം രേഖപ്പെടുത്തി.

പഞ്ചാബി എഴുത്തുകാരനായ മേഘ് രാജ് മിത്തര്‍ പഞ്ചാബ് സര്‍ക്കാരിന്റെ എഴുത്തുകാര്‍ക്കുള്ള രമോന്നത പുരസ്‌കാരമായ ശിരോമണി ലേഖക് തിരിച്ചേല്‍പ്പിച്ചു. അമന്‍ സേത്തി അക്കാദമി യുവ പുരസ്‌കാരവും തിരികെ നല്‍കി.

കശ്മീര്‍ താഴ്‌വരയിലെ 1,100 റോളം വരുന്ന എഴുത്തുകാരുടെ കൂട്ടായ്മയായ അദാബി മര്‍കസ് കമ്രാസ് എഴുത്തുകാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഇംഗ്ലീഷ് എഴുത്തുകാരിയും ജവഹര്‍ലാല്‍ നെഹ്രുവിന്റെ സഹോദരീപുത്രിയുമായ നയന്‍താര സേഗാള്‍ പുരസ്‌കാരം തിരിച്ചുനല്‍കിയതിനെ തുടര്‍ന്ന് പ്രചോദനമുള്‍ക്കൊണ്ടവരാണ് സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിക്കൊണ്ട് പ്രമുഖ മലയാളം സാഹിത്യകാരന്മാരുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയത്.

പ്രമുഖ സ്ത്രീപക്ഷ എഴുത്തുകാരി സാറാ ജോസഫ്, എഴുത്തുകാരനായ നന്ദ്, എഴുത്തുകാരനും വിമര്‍ശകനുമായ പി കെ പാറക്കടവ് എന്നിവര്‍ പുരസ്‌കാരം തിരികെ നല്‍കിയിരുന്നു. അക്കാദമിയുടെ എല്ലാ സ്ഥാനങ്ങളും രാജിവച്ചെന്ന് അറിയിച്ചുകൊണ്ട് കവിയായ കെ സച്ചിദാനന്ദനും എഴുത്തുകാരുടെ പ്രതിഷേധങ്ങള്‍ക്ക് ശക്തി പകര്‍ന്നിരുന്നു.