കിറ്റ്കാറ്റില്‍ വേഫറില്ല: ആജീവനാന്തം ചോക്കലേറ്റ് നല്‍കിയില്ലെങ്കില്‍ നിയമനടപടിയെന്ന് നെസ്ലെക്ക് പെണ്‍കുട്ടിയുടെ ഭീഷണി

ലണ്ടന്‍: പ്രമുഖ ചോക്കലേറ്റ് ബ്രാന്‍ഡായ നെസ്ലെക്ക് പെണ്‍കുട്ടിയുടെ ഭീഷണി. കിറ്റ്കാറ്റിന്റെ ട്രേഡ്മാര്‍ക്കായ വേഫര്‍ ഇല്ലാത്ത കിറ്റ്കാറ്റ് ലഭിച്ചതാണ് 20കാരിയായ സൈമ അഹമ്മദിനെ ചൊടിപ്പിച്ചത്. ഇതോടെയാണ് തനിക്ക് ആജീവനാന്തം ചോക്കലേറ്റ് നല്‍കിയില്ലെങ്കില്‍ നെസ്ലെക്കെതിരെ കേസ് കൊടുക്കുമെന്ന് ഭീഷണിയുയര്‍ത്തിയിട്ടുള്ളത്. വേഫറില്ലാത്ത ചോക്കലേറ്റ് ലഭിച്ചതിലുള്ള പ്രതിഷേധമാണ് നെസ്ലെക്കതിരെ ഇത്തരത്തിലൊരു ഭീഷണിയുമായി മുന്നോട്ടുപോകാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത്.
സൈന കഴിഞ്ഞ മാസം രണ്ട് പൗണ്ടിന് വാങ്ങിയ മള്ട്ടിപാക്ക് കിറ്റ്കാറ്റുകളില് ഒന്നും വേഫര്‍ ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഉപയോക്താക്കളോടുള്ള കടമ നിര്വ്വഹിച്ചിട്ടില്ലെന്നാരോപിച്ച് നെസ്ലെക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കേസുമായി മുന്നോട്ടുപോകുമെന്നും സൈമ മുന്നറിയിപ്പ് നല്കുന്നു. ലണ്ടനിലെ കിംഗ്സ് കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് സൈമ അഹമ്മദ്.
ഗുണമേന്മ നിലനിര്‍ത്തുന്നതില്‍ അലംഭാവം കാണിച്ച കമ്പനി തനിക്ക് ആജീവനാന്തം ചോക്കലേറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് സൈമ പെണ്‍കുട്ടിക്ക് കത്തെഴുതിയിട്ടുള്ളത്. നേരത്തെ 1930ല്‍ വന്ന മറ്റൊരു കേസിന്റെ വിവരങ്ങളും തന്റെ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. കമ്പനി തന്നോട് ഖേദം പ്രകടിപ്പിക്കുമെന്നും തുടര്‍ന്ന് ഉല്‍പ്പന്നത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുമെന്നും താന്‍ പ്രതീക്ഷിക്കുന്നതായി സൈമ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. നിര്‍മ്മാണത്തില്‍ കമ്പനിക്ക് സംഭവിച്ചിട്ടുള്ള വീഴ്ചയാണ് ഇതെന്ന് ചൂണ്ടിക്കാണിക്കുന്ന സൈമ തനിക്ക് നെസ്ലെയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും താന്‍ വാങ്ങിയ കിറ്റ്കാറ്റിന്റെ വില കമ്പനി തിരിച്ചുനല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറയുന്നു.