• 16 Oct 2019
  • 09: 41 PM
Latest News arrow

''ഇനിയും ശബ്ദമുയര്‍ത്തും''- പ്രധാനമന്ത്രിയ്ക്ക് 180 പേര്‍ ഒപ്പിട്ട തുറന്ന കത്ത്

മുംബൈ: പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയതിന്റെ പേരില്‍ രാജ്യത്തെ 50 പ്രമുഖ വ്യക്തികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയ്ക്ക് വീണ്ടും തുറന്ന കത്ത്. ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷാ, ചരിത്രകാരി റോമില ഥാപ്പര്‍ എന്നിവരുള്‍പ്പെടെ 180 പേര്‍ ഒപ്പിട്ട കത്താണ് പ്രധാനമന്ത്രിയ്ക്ക് അയച്ചിരിക്കുന്നത്.

രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 50 പേര്‍ മൂന്ന് മാസം മുമ്പ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. ഇതിനെതിരെ അഭിഭാഷകനായ എസ്‌കെ ഓജി നല്‍കിയ ഹര്‍ജി പരിഗണിച്ച് 50 പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടു. തുടര്‍ന്ന് രാജ്യദ്രോഹം, പൊതുജന ശല്യം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതിനെതിരെയാണ് 180 പേര്‍ ഒപ്പിട്ട് പ്രധാനമന്ത്രിയ്ക്ക് തുറന്ന കത്ത് എഴുതിയിരിക്കുന്നത്.

പ്രധാനമന്ത്രിയ്ക്ക് തുറന്ന കത്തെഴുതുന്നത് എങ്ങിനെയാണ് രാജ്യദ്രോഹക്കുറ്റമാകുന്നതെന്ന് ഇവര്‍ ചോദിക്കുന്നു. രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പൊതുസമൂഹത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റിയതിനാണ് 50 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുന്നതിനെതിരെ ഇനിയും ശബ്ദമുയര്‍ത്തുമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

എഴുത്തുകാരായ അശോക് വാജ്‌പേയ്, ജെറി പിന്റോ, ജെഎന്‍യു പ്രൊഫസര്‍ ഇറാ ഭാസ്‌കര്‍, കവി ജീത് തയില്‍, എഴുത്തുകാരന്‍ ഷംസുള്‍ ഇസ്ലാം, സംഗീതജ്ഞന്‍ ടിഎം കൃഷ്ണ തുടങ്ങിയവരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.