• 16 Nov 2018
  • 02: 06 PM
Latest News arrow

ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഇരുചക്രവാഹനത്തില്‍ ഒരുമിച്ച് യാത്ര ചെയ്യരുത്; ഉത്തരവിട്ട് പത്തനംതിട്ടയിലെ സ്വാശ്രയ ലോ കോളേജ്

പത്തനംതിട്ട: ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഇരുചക്ര വാഹനങ്ങളില്‍ ഒരുമിച്ച് യാത്ര ചെയ്യുന്നത് വിലക്കി പത്തനംതിട്ട കടമ്മനിട്ടയിലെ മൗണ്ട് സിയോണ്‍ സ്വാശ്രയ ലോ കോളേജ്. കോളേജ് നോട്ടീസ് ബോര്‍ഡില്‍ പതിച്ച അറിയിപ്പിലാണ് കോളേജ് പ്രിന്‍സിപ്പലിന്റെ ഉത്തരവുള്ളത്. പൊലീസ് നിര്‍ദേശമനുസരിച്ചാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് നോട്ടീസില്‍ പറയുന്നുണ്ട്. 

'പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന പ്രവണത നിരുത്സാഹപ്പെടുത്തണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കോളേജിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ആയതിനാല്‍ പെണ്‍കുട്ടികള്‍ ഈ ശീലം ഉപേക്ഷിക്കണം' എന്നാണ് നോട്ടീസില്‍ പറയുന്നത്. എന്നാല്‍ തങ്ങള്‍ അങ്ങിനെയൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പത്തനംതിട്ട പൊലീസ് വ്യക്തമാക്കി. 

പതിവായി കോളേജ് ബസില്‍ പോയി വരുന്ന ചില വിദ്യാര്‍ത്ഥികളും ഇടയ്ക്കിടെ ആണ്‍കുട്ടികളുടെ കൂടെ ബൈക്കില്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടു. അതിനാല്‍ ഇവര്‍ രക്ഷിതാക്കളില്‍ നിന്ന് സമ്മതപത്രം വാങ്ങി കോളേജില്‍ സമര്‍പ്പിക്കണമെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ രക്ഷിതാക്കളുടെ നമ്പര്‍ നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നിലിരിക്കുന്നവരുടെ സുരക്ഷയെ കരുതി ഈ മാസം 11 ന് പൊലീസ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയെന്നാണ് കോളേജ് പ്രിന്‍സിപ്പല്‍ പോള്‍ ഗോമസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ കോളേജ് ഡയറക്ടര്‍ (അഡ്മിനിസ്‌ട്രേഷന്‍) കെകെ ജോസ് ഇത്തരമൊരു നോട്ടീസിനെക്കുറിച്ച് അറിയില്ലെന്നാണ് പറയുന്നത്. ഡൂള്‍ ന്യൂസാണ് വാര്‍ത്ത പുറത്ത് വിട്ടത്.