• 14 Dec 2018
  • 03: 10 AM
Latest News arrow

അവര്‍ ഇനിയും എന്നെ തേടി വന്നേക്കും; പക്ഷേ, ഇത് ചെയ്തതാരാണെന്ന് എനിക്കറിയണം; 'കുപ്രസിദ്ധ പയ്യന്‍' സംസാരിക്കുന്നു

കോഴിക്കോട് മീഞ്ചന്തയിലെ സുന്ദരിയമ്മ കൊലക്കേസില്‍ ക്രൈംബ്രാഞ്ച് പ്രതിയാക്കിയ ജയേഷിന്റെ ദുരനുഭവങ്ങള്‍ അതേപടി പകര്‍ത്തിയ സിനിമയാണ് ഒരു കുപ്രസിദ്ധ പയ്യന്‍. സിനിമ തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുമ്പോഴും നാട്ടില്‍ കുപ്രസിദ്ധനായി ജീവിതം നരകിച്ച് കഴിയുകയാണ് ജയേഷ്. കോടതി കുറ്റവിമുക്തനാക്കിയിട്ടും ജയേഷ് ഇപ്പോഴും വേട്ടയാടപ്പെടുകയാണ്. 

2012ലാണ് സുന്ദരിയമ്മ കൊല്ലപ്പെടുന്നത്. അമ്മയെപ്പോലെ കണ്ടിരുന്ന സ്ത്രീയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത് ആരാണെന്നതിന്റെ അന്ധാളിപ്പ് മാറുന്നതിന് മുമ്പാണ് ക്രൈംബ്രാഞ്ച് ജയേഷിനെ കസ്റ്റഡിയിലെടുത്തത്. ജയേഷിനെതിരെ ക്രൈംബ്രാഞ്ച് ഹാജരാക്കിയ തെളിവുകളും സാക്ഷികളുമെല്ലാം കെട്ടിച്ചമച്ചതായിരുന്നു. പലതും കൃത്രിമമാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് കോടതി, ജയേഷ് നിരപരാധിയാണെന്ന് വിധിച്ചു. ഇത് ക്രൈംബ്രാഞ്ചിനേറ്റ കനത്ത അടിയായിരുന്നു. അതിന്റെ ദേഷ്യം അവര്‍ ഇപ്പോഴും ജയേഷിനോട് പലതരത്തില്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്.

ഇടയ്ക്കിടയ്ക്ക് അവര്‍ തന്നെ അന്വേഷിച്ച് വരുമെന്ന് ജയേഷ് പറയുന്നു. വട്ടക്കിണറില്‍ നിന്നും ബീച്ച് പരിസരത്തേയ്ക്ക് ജോലിക്കായി എത്തിയത് അവരുടെ അന്വേഷണവും തിരഞ്ഞുവരലും കാരണമാണ്. ഒരിക്കല്‍ ബീച്ചിലും വന്നു. തനിക്ക് കിട്ടാനുള്ള നഷ്ടപരിഹാരത്തിന്റെ കാര്യം പറയാനാണെന്ന് പറഞ്ഞാണ് വന്നത്. ഒരു ലക്ഷം രൂപ കോടതി നഷ്ടപരിഹാരം വിധിച്ചിരുന്നു. പക്ഷേ അവര്‍ അതിനല്ല വന്നതെന്ന് തനിക്കുറപ്പുണ്ടെന്ന് ജയേഷ് പറയുന്നു. തന്നെ കുടുക്കുമെന്ന് ക്രൈംബ്രാഞ്ച് സിഐ പറഞ്ഞിട്ടുള്ളതാണ്. ഇത്രയ്ക്ക് ദേഷ്യം വരാന്‍ കാരണമെന്താണെന്ന് തനിക്കറിയില്ലെന്നും ജയേഷ് പറഞ്ഞു.

ജയേഷിന് കിട്ടാനുള്ള നഷ്ടപരിഹാരത്തുകയില്‍ പുന:പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. അതിന്റെ കോടതി സിറ്റിങ് വരുന്നതിന്റെ തലേന്ന് പൊലീസ് വീണ്ടുമൊരു മോഷണക്കേസില്‍ ജയേഷിനെ പ്രതിയാക്കി. ഈ കേസിലും പൊലീസിന് തെളിവുകളെയോ സാക്ഷികളെയോ ഹാജരാക്കാന്‍ സാധിച്ചില്ല. കേസില്‍ കോടതി ജയേഷിനെ വെറുതെ വിട്ടു.

പൊലീസ് തന്നെ ഇനിയും ഉപദ്രവിക്കുമെന്ന ഭയത്തിലാണ് ജയേഷ് ഇപ്പോഴും ജീവിക്കുന്നത്. സമാധാനമായൊരു ജീവിതത്തിന് വേണ്ടിയാണ് അയാള്‍ ഇപ്പോള്‍ കൊതിക്കുന്നത്. ഒപ്പം അമ്മയെപ്പോലെ സ്‌നേഹിച്ച സുന്ദരിയമ്മാളെ കൊലപ്പെടുത്തിയത് ആരാണെന്ന് അറിയാനുള്ള ആഗ്രഹവും. 'ഇതിന്റെ പേരില്‍ അനുഭവിക്കാനുള്ളതൊക്കെ അനുഭവിച്ചു. ഇനി ഇത് ചെയ്തവനെ എനിക്ക് കിട്ടണം' ജയേഷ് പറഞ്ഞു.

കടപ്പാട്: അഴിമുഖം