• 21 Sep 2018
  • 04: 36 PM
Latest News arrow

ദുരന്തമായി ജര്‍മ്മനി; ചാമ്പ്യന്‍മാരുടെ ശൗര്യം തകര്‍ത്ത് കൊറിയ

കസാന്‍: റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്ന് ജര്‍മ്മനി പുറത്ത്. നിര്‍ണായക മത്സരത്തില്‍ ദക്ഷിണ കൊറിയയോടാണ് ലോക ചാമ്പ്യന്‍മാര്‍ അടിയറവ് പറഞ്ഞത്. കളിക്കളത്തില്‍ കൊറിയയ്ക്ക് മുമ്പില്‍ ശരിക്കും വെള്ളം കുടിച്ച ജര്‍മ്മനി എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ന്നടിയുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം ലോകകപ്പിലാണ് ആദ്യ റൗണ്ടില്‍ തന്നെ ചാമ്പ്യന്‍മാര്‍ പുറത്താകുന്ന കാഴ്ച കാണുന്നത്. 2010ല്‍ ഇറ്റലിയും 2014ല്‍ സ്‌പെയിനും ആദ്യ റൗണ്ടില്‍ പുറത്തായി. പത്തൊന്‍പതാം ലോകകപ്പ് കളിക്കുന്ന ജര്‍മ്മനി ആദ്യമായിട്ടാണ് ആദ്യ റൗണ്ട് കടക്കാതെ നാട്ടിലേക്ക് വണ്ടി കയറുന്നത്.  

മത്സരത്തില്‍ ദക്ഷിണ കൊറിയന്‍ ഗോള്‍കീപ്പര്‍ ജോ ഹ്യൂന്‍ വൂവിനെ സമ്മര്‍ദ്ദത്തിലാക്കുന്ന ഒരു നീക്കവും നടത്താന്‍ ജര്‍മ്മനിയ്ക്ക് കഴിഞ്ഞില്ല. അതേസമയം പതിനെട്ടാം മിനിറ്റില്‍ ജര്‍മ്മനിയെ പേടിപ്പിക്കാന്‍ കൊറിയന്‍ പടയ്ക്ക് കഴിയുകയും ചെയ്തു. 23-ാം മിനിറ്റിലും ജര്‍മ്മനിയുടെ ബോക്‌സില്‍ ഏഷ്യന്‍ പട സങ്കീര്‍ണതകള്‍ സൃഷ്ടിച്ചു. 27-ാം മിനിറ്റിലാണ് ജര്‍മ്മനിയ്ക്ക് ഭേദപ്പെട്ട ആക്രമണം മെനഞ്ഞെടുക്കാന്‍ സാധിച്ചത്. ആദ്യപകുതിയുടെ അവസാന നിമിഷങ്ങളില്‍ ഒരു ഗോളിനായി ഹമ്മല്‍സും വെര്‍ണറയും നടത്തിയ ശ്രമങ്ങള്‍ കൊറിയന്‍ പ്രതിരോധക്കോട്ടയില്‍ തട്ടിത്തെറിച്ചു.

ആദ്യപകുതി കഴിഞ്ഞതോടെ കാര്യങ്ങളുടെ പോക്ക് അത്ര പന്തിയല്ലെന്ന് ജര്‍മ്മനിയ്ക്ക് മനസ്സിലായി. ആക്രമണങ്ങളിലേക്ക് മാറിയ ജര്‍മ്മനിയ്ക്കായി മധ്യനിര നിരവധി അവസരങ്ങളാണ് ഒരുക്കിക്കൊടുത്തത്. എന്നാല്‍ കൊറിയന്‍ കാവല്‍ക്കാരന്‍ ജോ ഹ്യൂന്‍ വൂവിന്റെ പ്രകടനത്തിന് മുമ്പില്‍ ജര്‍മ്മന്‍ പട നിസ്സഹായരായി.

ലോയുടെ തന്ത്രങ്ങളും വ്യൂസിന്റെയും ഹമ്മല്‍സിന്റെയും മുന്നേറ്റങ്ങളും ലോക ചാമ്പ്യന്‍മാരെ രക്ഷിച്ചില്ല. ഇഞ്ചുറി ടൈമില്‍ അവരുടെ യഥാര്‍ത്ഥ പതനം ആരംഭിച്ചു. സണ്‍ എടുത്ത കോര്‍ണറില്‍ കിം യംഗ് വോണ്‍ ന്യൂയറെ കീഴടക്കി പന്ത് വലയിലെത്തിച്ചു.

ആദ്യ ഗോളില്‍ സമനില തെറ്റിയതോടെ ജര്‍മ്മന്‍ ഗോളി മാനുവല്‍ ന്യൂയറും ഗോള്‍ നേടാനായി എതിര്‍പാളയത്തിലേക്ക് കുതിച്ചു. ജര്‍മ്മനിയ്ക്ക് കിട്ടിയ ഏറ്റവും വലിയ ആഘാതത്തിലേക്കായിരുന്നു ആ കുതിപ്പ്. പന്ത് ജര്‍മ്മന്‍ കാലുകളില്‍ നിന്നും ഓടിയകന്ന് ജൂ സെ ജോംഗിലേക്കെത്തി. പിന്നെ ഒന്നും നോക്കാനുണ്ടായിരുന്നില്ല. ബോക്‌സിലേക്ക് തട്ടിയിട്ട പന്തുമായി സണ്‍ ഹ്യൂന്‍ മിങ് ഗോളിയില്ലാത്ത ഗോള്‍ പോസ്റ്റിലേക്ക് പാഞ്ഞുകയറി. തീര്‍ന്നു നാസിപ്പടയുടെ ശൗര്യം...