• 11 Dec 2018
  • 07: 03 AM
Latest News arrow

കൊച്ചി കപ്പല്‍ശാലയില്‍ പൊട്ടിത്തെറി; മരിച്ച അഞ്ച് പേരും മലയാളികള്‍

കൊച്ചി കപ്പല്‍ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചു മരണം. പതിനഞ്ചോളം  പേര്‍ക്ക് പരിക്കേറ്റു. അറ്റക്കുറ്റ പണിക്കായി എത്തിച്ച സാഗര്‍ ഭൂഷണ്‍ എന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. മരിച്ച അഞ്ച് പേരും മലയാളികളാണ്. കപ്പലിലെ വാട്ടര്‍ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം

വൈപ്പിന്‍ സ്വദേശി റംഷാദ്, പത്തനംതിട്ട സ്വദേശി കെവിന്‍, ജയന്‍, ഉണ്ണിക്കൃഷ്ണന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. ഇനി ഒരു മൃതദേഹം തിരിച്ചറിയാനുണ്ട്. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ അഞ്ച് പേരും മരിച്ചിരുന്നു. ശ്രീരൂപ്, അഭിലാഷ്, സച്ചു, ജെയ്സണ്‍ എന്നിവരാണ് പരുക്കേറ്റ് ചികിത്സയിലുള്ളവര്‍. അതേസമയം, അപകടത്തെ കുറിച്ച്‌ കപ്പല്‍ശാല അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കപ്പലില്‍ ആരും കുടുങ്ങിക്കിടപ്പില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍പി ദിനേശ് വ്യക്തമാക്കി. കപ്പലിനുള്ളിലെ തീ പൂര്‍ണമായും അണച്ചിട്ടുണ്ടെന്നും പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ പുകശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.