ഇവിടെ കാശുള്ളവര്‍ മാത്രം ഡോക്ടര്‍മാരായാല്‍ മതിയോ സര്‍ക്കാരേ?

റഷ്യ-ഉക്രെയ്ന് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന ഒരു വിഷയമാണ് വിദേശ രാജ്യങ്ങളിലെ എംബിബിഎസ് പഠനം. പതിനായിരക്കണക്കിന് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് ഉക്രെയ്നില് യുദ്ധത്തിന്റെ കെടുതികളില്‍പ്പെട്ട് പോയിരിക്കുന്നത്. ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളെല്ലാം സര്‍ക്കാര്‍ നടത്തുന്നുണ്ട്. എന്നിരുന്നാലും എന്തുകൊണ്ടാണ് ഇത്രയധികം വിദ്യാര്‍ത്ഥികള്‍ ഉക്രെയ്ന് പോലുള്ള രാജ്യങ്ങളില്‍ എംബിബിഎസ് പഠനത്തിനായി പോകുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. അതിനുള്ള ഉത്തരവും വളരെ വ്യക്തമായി എല്ലാവരുടെയും മുമ്പിലുണ്ട്. സര്‍ക്കാര്‍ മേഖലയിലെ പരിമിതമായ സീറ്റുകളും സ്വകാര്യ മേഖലയിലെ കഴുത്തറപ്പന്‍ ഫീസും. അക്കാര്യത്തില്‍ ഏറ്റവും മോശം സംസ്ഥാനം കേരളവുമാണ്.
കേരളത്തില്‍ ആദ്യമായി സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ വരുമ്പോള്‍ അന്നത്തെ സര്‍ക്കാരിനൊരു നയമുണ്ടായിരുന്നു. രണ്ട് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് തുല്യമാണ് ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്നതായിരുന്നു ആ നയം. അതായത് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം സീറ്റുകള്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഫീസായിരിക്കും ഈടാക്കുക എന്ന്.
എന്നാല്‍ പിന്നീട് വന്ന സര്‍ക്കാരുകള്‍ ഈ നയത്തില്‍ നിന്ന് വ്യതിചലിച്ചു. സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ വമ്പന്മാരുടെ മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്ന കാഴ്ച നിസ്സഹായതയോടെയാണ് വിദ്യാര്‍ത്ഥികള്‍ കണ്ടത്. 2020ല്‍ എംബിബിഎസിന്റെയും ബിഡിഎസിന്റെയും ഫീസ് പുനര്‍നിര്‍ണയിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. 6,60,000 മുതല്‍ 7,50,000 വരെയാണ് കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ 85 ശതമാനം വരുന്ന എംബിബിഎസ് സീറ്റിന്റെ ഫീസ്. എന്‍ആര്‍ഐ സീറ്റിന് 20 ലക്ഷം രൂപയും. ബിഡിഎസിന് 85 ശതമാനം വരുന്ന മാനേജ്മെന്റ് സീറ്റിന് മൂന്നേകാല്‍ ലക്ഷം രൂപയാണ് ഫീസ്. 15 ശതമാനം വരുന്ന എന്‍ആര്‍ഐ സീറ്റിന് 6 ലക്ഷം രൂപയും. അതായത് നന്നായി പഠിക്കുന്ന ഒരു കുട്ടിയ്ക്ക് കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ സ്റ്റേറ്റ് മെറിറ്റില്‍ പഠിക്കണമെങ്കില്‍ കുറഞ്ഞത് 40 മുതല്‍ 50 ലക്ഷം വരെ മുടക്കേണ്ടി വരും. ഇത്രയും തുക മുടക്കി എംബിബിഎസ് പഠിക്കാന്‍ സാധിക്കുന്ന എത്ര കുട്ടികള്‍ നമ്മുടെ നാട്ടിലുണ്ട്?
ഇക്കാര്യം ഉന്നയിക്കുമ്പോള്‍ സര്‍ക്കാര്‍ പറയുന്ന ന്യായം, ബിപിഎല്‍, എസ്ഇഎസ്ടി, ഒഇസി വിഭാഗങ്ങളില്‍പ്പെടുന്ന കുട്ടികള്‍ക്ക് ഫീസ് ഇളവുണ്ടെന്നാണ്. 1000 സ്ക്വയര്‍ ഫീറ്റിന് മുകളില്‍ വീടുള്ള ആള്‍ക്കാരെ ബിപിഎല്‍ കാറ്റഗറിയില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. അപ്പോള്‍ 1100 സ്ക്വയര്‍ ഫീറ്റ് വീടുള്ള 600ന് മുകളില്‍ നീറ്റ് സ്കോറുള്ള കുട്ടിയ്ക്ക് 50 ലക്ഷം മുടക്കി പഠിക്കാന്‍ പറ്റുമോ?
നമ്മുടെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ 15 ശതമാനം എന്‍ആര്‍ഐ സീറ്റും 35 ശതമാനം മാനേജ്മെന്റ് സീറ്റുമാണ്. ബാക്കി 50 ശതമാനം സീറ്റ് അവിടെയുള്ള മിടുക്കരായ കുട്ടികള്‍ക്ക് വേണ്ടി സ്റ്റേറ്റ് മെറിറ്റായി മാറ്റിവെച്ചിരിക്കുന്നു. ഈ സീറ്റിന് തമിഴ്നാട്ടില്‍ 75,000 രൂപയാണ് വാങ്ങുന്നത്. മാനേജ്മെന്റ് സീറ്റിന് 12.5 ലക്ഷവും എന്‍ആര്‍ഐയ്ക്ക് 23.5 ലക്ഷവുമാണ് ഫീസ്. ഇവിടെ വളരെ മിടുക്കരായ 50 ശതമാനം കുട്ടികള്‍ക്ക് കുറഞ്ഞ ചെലവില്‍ പഠിക്കാന്‍ കഴിയും. കര്‍ണാടകയില്‍ 65,000 രൂപയാണ് സ്റ്റേറ്റ് മെറിറ്റില്‍ വാങ്ങുന്നത്.
എന്നാല്‍ കേരളത്തില്‍ സ്റ്റേറ്റ് മെറിറ്റില്‍ കേറുന്ന കുട്ടികള്‍ക്കും മാനേജ്മെന്റ് ക്വാട്ടയില്‍ കേറുന്ന കുട്ടികള്‍ക്കും മൈനോറിറ്റി വിഭാഗത്തില്‍ നിന്നുള്ള കുട്ടികള്‍ക്കുമെല്ലാം ഒരേ ഫീസാണ് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ ഈടാക്കുന്നത്. ഇവിടെ സര്‍ക്കാര്‍ പറയാതെ പറയുന്നത്, ''ആര്‍ക്കെങ്കിലും ഡോക്ടറാകണമെങ്കില്‍ അവന്/അവള് പഠിച്ച് സര്‍ക്കാര്‍ കോളേജില്‍ എംബിബിഎസ് സീറ്റോ ബിഡിഎസ് സീറ്റോ വാങ്ങുക, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കോഴ്സിന് പൊയ്ക്കോളൂ...'' എന്നാണ്.
കേരളത്തില്‍ മാക്സിമം 1000ത്തിന് താഴെ റാങ്കുണ്ടെങ്കില്‍ മാത്രമാണ് ജനറല്‍ കാറ്റഗറിയിലുള്ള ഒരു വിദ്യാര്‍ത്ഥിയ്ക്ക് അഡ്മിഷന് ലഭിക്കുകയുള്ളൂ. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗത്തിലെ കുട്ടികള്‍ക്ക് സംവരണം കൊടുക്കുന്നുവെന്ന് പറയുന്നു. പത്ത് ലക്ഷം രൂപയ്ക്ക് താഴെ വാര്‍ഷിക വരുമാനം ഉള്ളവരാണ് ഈ വിഭാഗത്തിലുള്ളത്. ഈ പത്ത് ലക്ഷം രൂപ വാര്‍ഷിക വരുമാനം എന്ന് പറയുന്നത് അവരുടെ മിച്ച വരുമാനമല്ല. ആ കുട്ടിയ്ക്ക് സ്വകാര്യ മെഡിക്കല്‍ കോളേജിലെ സ്റ്റേറ്റ് മെറിറ്റിലാണ് അഡ്മിഷന് കിട്ടുന്നതെങ്കില്‍ അവര്‍ക്ക് എങ്ങിനെ 7 ലക്ഷം രൂപ ഒരു വര്‍ഷം അടയ്ക്കാന്‍ കഴിയും.
കയ്യില്‍ കാശുള്ളവരെ മാത്രം ഡോക്ടര്മാരാക്കുന്ന സമ്പ്രദായമാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ പിന്തുടരുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലുള്ള 2000 മോ 3000 മോ സീറ്റ് കഴിഞ്ഞാല്‍ പിന്നെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലാണ് സീറ്റുള്ളത്. അവിടെയാകട്ടെ കാശുള്ളവന്റെ മകനോ മകള്‍ക്കോ മാത്രമേ പഠിക്കാന്‍ കഴിയൂ എന്ന അവസ്ഥയും. എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സ്റ്റേറ്റ് മെറിറ്റ് സീറ്റുണ്ട്. എന്നാല്‍ സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തില്‍ മാത്രമില്ല.
200- 210 മാര്‍ക്കുള്ളവര്‍ 60 ലക്ഷമൊക്കെ കൊടുത്ത് സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് റിസേര്‍വ് ചെയ്തുവെച്ചിരിക്കുകയാണ്. 400-450 മാര്‍ക്കുള്ളവര്‍ കാസ്റ്റ് റിസര്‍വേഷന്‍ വഴി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടും. എന്നാല്‍ കഷ്ടപ്പെട്ട് പഠിച്ച് 600 ന് മുകളില്‍ മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കയ്യില്‍ കാശില്ലാത്തതുകൊണ്ടും സംവരണ വിഭാഗത്തില്പ്പെടാത്തതുകൊണ്ടും ഒരിടത്തും സീറ്റ് കിട്ടുന്നില്ല. എന്തൊരു അനീതിയാണിത്!
50 ശതമാനം വരുന്ന സ്റ്റേറ്റ് മെറിറ്റ് സീറ്റില്‍ മാന്യമായ ഫീസ് ഈടാക്കണം. അങ്ങിനെ വന്നാല്‍ മാത്രമേ നമ്മുടെ നാട്ടിലെ സാധാരണക്കാരായ കുട്ടികളുടെ മെഡിക്കല്‍ വിദ്യാഭ്യാസം എന്ന സ്വപ്നം പൂവണിയുകയുള്ളൂ. സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും കല്‍പ്പിത സര്‍വ്വകലാശാലകളിലും 50 ശതമാനം സീറ്റില്‍ അതത് സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകളിലേതിന് സമാനമായ ഫീസ് മാത്രമേ ഈടാക്കാവൂ എന്ന് നിര്‍ദേശിച്ചുകൊണ്ട് കഴിഞ്ഞ ഫെബ്രുവരി 3-ാം തിയതി ദേശീയ മെഡിക്കല്‍ കമ്മീഷന് ഉത്തരവിറക്കിയിരുന്നു. ഈ നിബന്ധന അടുത്ത അക്കാദമിക് വര്‍ഷം (2022-23) മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് എത്രകണ്ട് പ്രാവര്‍ത്തികമാകുമെന്ന് കാത്തിരുന്ന് കാണാം.