• 18 Aug 2022
  • 01: 42 PM
Latest News arrow

ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരെ മന്ത്രി കെ സി ജോസഫ്

തിരുവനന്തപുരം: ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന് കെ സി ജോസഫിന്റെ വിമര്‍ശം. ഫേസ്ബുക്ക് പോസ്റ്റിലാണ് കെ സി ജോസഫ് തോമസ് അലക്‌സാണ്ടറിനെതിരെ രംഗത്തെത്തിയത്. 'അറ്റോണി ജനറലിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് എന്താണ് അവകാശമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ പരാമര്‍ശം നിയമത്തെക്കുറിച്ചുള്ള അജ്ഞതയുടെ തെളിവാണെന്നും'  കെ സി ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

'മുഖ്യമന്ത്രിയുമായി ബന്ധപ്പെടാത്ത ഒരു കേസില്‍ അദ്ദേഹത്തെ വലിച്ചിഴച്ചുകൊണ്ടുവന്ന് കമന്റ് പറയാന്‍ എന്താണ് അവകാശം ? കോടതിയുടെ മാന്യതയും അന്തസ്സും സംരക്ഷിക്കാന്‍ ജഡിജിമാര്‍ക്കും ചുമതലയില്ലേ? പബ്ലിസിറ്റി ക്രേസ് എല്ലാവരെയും ബാധിച്ചാല്‍ എന്തുചെയ്യും?'  കെ സി ജോസഫ് ചോദിക്കുന്നു.

കമന്റ് പറഞ്ഞവരുടെ പൂര്‍വ്വകാല ചരിത്രം നോക്കിയാല്‍ അവര്‍ പറയുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. 'ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കാന്‍ അറിയാതെ ഓരിയിട്ടുപോയാല്‍ കുറ്റപ്പെടുത്താന്‍ കഴിയുമോ'യെന്നും കെ സി ജോസഫ് വിമര്‍ശിച്ചു.

 കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് ആരുടേയും അനുമതി ആവശ്യമില്ലെന്നും മുകുള്‍ രോഹ്ത്താഗി ഇന്ത്യയുടെ അറ്റോര്‍ണി ജനറലാണ്. ഇന്ത്യ എന്ന് പറഞ്ഞാല്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഉള്‍പ്പെട്ടതാണെന്ന് ഹൈക്കോടതി ജഡ്ജിക്ക് അറിഞ്ഞുകൂടാത്ത കാര്യമാണോ, ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ബാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ നയപരമായ തീരുമാനങ്ങള്‍ കേന്ദ്ര നയങ്ങള്‍ക്ക് വിരുദ്ധമാക്കാത്ത കാലത്തോളം ഒരു സംസ്ഥാനത്തിനെതിരായ കേസില്‍ സ്വകാര്യ വ്യക്തികള്‍ക്ക് വേണ്ടി, അതും ബാര്‍ ഉടമസ്ഥര്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായത് ധാര്‍മ്മികമായും നിയമപരമായും ന്യായീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

'എജിയുടെ ഓഫീസിനെ കുറ്റപ്പെടുത്തേണ്ടത് ഓപ്പണ്‍ കോര്‍ട്ടിലാണ്. ചീഫ് ജസ്റ്റിസ് മുഖേനയോ എ ജിയോടു നേരിട്ടോ പറയുന്നതല്ലായിരുന്നോ ഔചിത്യമെന്നും കെ സി ജോസഫ് ചോദിക്കുന്നു.

സര്‍ക്കാര്‍  അഭിഭാഷകരില്‍ പലരും അബ്കാരികളുടെയും ബിസിനസ്സ് ഗ്രൂപ്പുകളുടേയും നോമിനികളാണെന്നായിരുന്നു ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് വിമര്‍ശിച്ചത്. അറ്റോര്‍ണി ജനറലിന്റെ ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ജഡ്ജിയുടെ വിമര്‍ശനം.

 

ഇതേ അവസരത്തില്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ പരാമര്‍ശത്തിനെതിരെ സര്‍ക്കാര്‍ അഭിഭാഷകര്‍ രംഗത്തെത്തി. ഏജീ്‌സ് ഓഫീസിനെ പൊതുജനമദ്ധ്യത്തില്‍ അപമാനിക്കുമാറുള്ള പരാമര്‍ശം ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസിന് നല്‍കിയ നിവേദനത്തില്‍ പറയുന്നു. എജിയുടെ പദവി സംരക്ഷിക്കേണ്ടത് കോടതിയുടെ കൂടി ചുമതലയാണ്. തികച്ചും ഏകപക്ഷീയമാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ പരാമര്‍ശം. തികച്ചും വ്യക്തിപരമായ പരാമര്‍ശമായി വേണം അതിനെ കാണാന്‍ ഇതെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.