• 16 Oct 2018
  • 04: 42 PM
Latest News arrow

തീവ്രഹിന്ദു സംഘടനകളുടെ ഭീഷണി, കാഞ്ച ഇളയയെ വീട്ടുതടങ്കലിലാക്കി പൊലീസ്

ഹൈദരാബാദ്: ദളിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഇളയെ വീട്ടുതടങ്കലില്‍. വിജയവാഡയിലെ പൊതുസമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിക്കുന്നത് തടയാനാണ് നടപടി. പരിപാടിയില്‍ പങ്കെടുത്താല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന ആര്യ വൈശ്യ-ബ്രാഹ്മണ സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്നാണ് പൊലീസ് അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. 

ഹൈദരാബാദിലെ ഇളയയുടെ വീടിനുപുറത്ത് പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള അനുമതിയും വിജയവാഡ പൊലീസ് നിഷേധിച്ചു. ഹൈദരാബാദില്‍ യോഗങ്ങളും റാലികളും നടത്തുന്നതിന് പോലീസ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. 

ആന്ധ്ര, തെലങ്കാന സര്‍ക്കാരുകള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് കാഞ്ച ഇളയ പ്രതികരിച്ചു. വീടിനുപുറത്ത് ഇളയയുടെ അനുയായികളും തമ്പടിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദളിത്, പിന്നാക്ക വിഭാഗ സംഘടനകള്‍ പരിപാടികള്‍ സംഘടിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയവാഡയിലെ യോഗത്തില്‍ ഇളയയെ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ട് ആര്യ വൈശ്യ സംഘം നല്‍കിയ ഹര്‍ജിയില്‍ ഹൈദരാബാദ് ഹൈക്കോടതി തീരുമാനമെടുത്തിരുന്നില്ല.

'വൈശ്യര്‍ സാമൂഹിക കൊള്ളക്കാര്‍' എന്ന പുസ്തകത്തിന്റെ പേരില്‍ ആര്യവൈശ്യസമുദായം കാഞ്ച ഐലയ്യക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ മാസം അദ്ദേഹത്തിന്റെ കാര്‍ തടഞ്ഞ് അക്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുസ്തകം നിരോധിക്കണമെന്ന ഹരജി സുപ്രീംകോടതി കഴിഞ്ഞ ആഴ്ച്ച തള്ളിയിരുന്നു.